• HOME
 • »
 • NEWS
 • »
 • money
 • »
 • Back-End Developers | സോഫ്റ്റ്‌വെയർ മേഖലയുടെ നട്ടെല്ല്; ബാക്ക്-എൻഡ് ഡെവലപ്പർമാരെക്കുറിച്ച് അറിയേണ്ടതെല്ലാം

Back-End Developers | സോഫ്റ്റ്‌വെയർ മേഖലയുടെ നട്ടെല്ല്; ബാക്ക്-എൻഡ് ഡെവലപ്പർമാരെക്കുറിച്ച് അറിയേണ്ടതെല്ലാം

ആഗോളതലത്തിൽ ഏറ്റവുമധികം അവസരങ്ങളുള്ള ജോലികളിൽ ഒന്നാണിത്. വരും വർഷങ്ങളിലും മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകും

 • Last Updated :
 • Share this:
  ആധുനിക ഡിജിറ്റൽ ലോകത്തെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകമാണ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ (Software Applications). ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സോഫ്റ്റ്‌വെയർ ഡെവലപ്പർമാരാണ് (Software Developers) ഓരോ ദിവസവും മനുഷ്യജീവിതത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമായി എണ്ണമറ്റ ഉപകരണങ്ങൾ, യന്ത്രങ്ങൾ, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, വെബ് ആപ്ലിക്കേഷനുകൾ എന്നിവയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

  ഒരു സോഫ്‌റ്റ്‌വെയറിൽ നാം പ്രധാനമായും ശ്രദ്ധിക്കുക നമ്മുടെ കണ്ണിൽ കാണുന്ന അവയുടെ ഭംഗി, പ്രവർത്തനങ്ങളുടെയും ഫീച്ചറുകളുടെയും മനോഹരമായ ലേഔട്ട്, എളുപ്പത്തിലുള്ള പ്രവർത്തനം എന്നിവയായിരിക്കും. എന്നാൽ ഇതിന് പിന്നിൽ മൂന്ന് നിർണായക ഭാഗങ്ങൾ ഉണ്ട്. ബാക്ക്-എൻഡ് അൽഗോരിതം, പ്രോസസ്സ് ചെയ്യുന്ന ഡാറ്റ, ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് എന്ന് അറിയപ്പെടുന്ന UIയുമായി അവ എങ്ങനെ ഇടപഴകുന്നു എന്നിവ ഉൾക്കൊള്ളുന്നതാണ് ഒരു സോഫ്റ്റ്‌വെയറിന്റെ മസ്തിഷ്കം. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് നാം ചിന്തിക്കാറുണ്ടാകില്ല. അപ്പോൾ, ആരാണ് ഇവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്? അതിനാൽ സോഫ്റ്റ്വെയർ മേഖലയിൽ ബാക്ക് എൻഡ് ഡെവലപ്പർമാരുടെ പങ്കിനെക്കുറിച്ച് മനസ്സിലാക്കാം.

  ബാക്ക്‌എൻഡ് ഡെവലപ്പർമാർ (Back End Developers) തിരശ്ശീലയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുകയും പലപ്പോഴും അറിയപ്പെടാതെ പോകുകയും ചെയ്യുന്നവരാണ്. ഫ്രണ്ട്-എൻഡ് ഡെവലപ്പർമാരുമായി സഹകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. ബാക്കെൻഡ് ഡെവലപ്പർമാരാണ് ഫംഗ്‌ഷണാലിറ്റി കോഡുകൾ തയ്യാറാക്കുന്നതും ഉപയോക്താക്കൾ നേരിട്ട് കാണാത്ത സാങ്കേതികവിദ്യകൾക്ക് യുക്തി നൽകുന്നതും. ഉദാഹരണത്തിന് ഒരു സ്‌ക്രീനിൽ ഒരു ബട്ടൺ ഉണ്ട് എന്നും അത് ട്രിഗർ ചെയ്‌താൽ എന്തുസംഭവിക്കുമെന്നും കണ്ടെത്തുന്നത് അവരാണ്.

  സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളാൽ ലോകം ഓൺലൈൻ സേവനങ്ങളെ കൂടുതൽ ആശ്രയിക്കുമ്പോൾ ബാക്ക് എൻഡ് ഡെവലപ്പർമാരുടെ ആവശ്യവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ ഏറ്റവുമധികം അവസരങ്ങളുള്ള ജോലികളിൽ ഒന്നാണിത്. വരും വർഷങ്ങളിലും മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകും.

  ബാക്ക് എൻഡ് ഡെവലപ്പർമാർക്ക് ഡിമാൻഡ് ഉയരുന്നത് എന്തുകൊണ്ട്?

  ആഗോള മഹാമാരിയെ തുടർന്ന് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി. മിക്ക വ്യവസായങ്ങളും സ്ഥാപനങ്ങളും സാങ്കേതികവിദ്യ സ്വീകരിക്കാൻ തുടങ്ങിയതോടെ സോഫ്റ്റ്വെയർ ഡെവലപ്പർമാർക്ക് ആവശ്യക്കാരേറെയാണ്. ബാക്ക് എൻഡ് ഡെവലപ്പർമാരാണ് ഒരു സോഫ്റ്റ്വെയറിന് ആവശ്യമായ കോഡ് തയ്യാറാക്കുന്നത് മുതൽ ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർഫേസുകൾ (എപിഐകൾ) നിയന്ത്രിക്കുകയും ബാക്ക് എൻഡ് ആപ്ലിക്കേഷനുകൾ ഡീബഗ്ഗ് ചെയ്യുകയും ചെയ്യുന്നത്. ഒരു സോഫ്റ്റ്വെയറിന്റെ മുഴുവൻ ചട്ടക്കൂടുകളും ക്രമീകരിക്കുന്നത് ഇവരാണ്. ജാവ (Java), പൈത്തൺ (Python), പിഎച്ച്പി (PHP) തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകൾ ഉപയോഗിച്ചാണ് ബാക്ക് എൻഡ് കോഡ് സൃഷ്‌ടിക്കുന്നത്. ബാക്ക് എൻഡ് ഡെവലപ്പർമാരില്ലാതെ, വെബ്, സോഫ്‌റ്റ്‌വെയർ മേഖല ഇല്ല എന്നു തന്നെ പറയാം.

  ബാക്ക് എൻഡ് ഡെവലപ്പർമാർക്ക് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത് എവിടെ?

  മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ഐടി ഭീമൻമാർ മുതൽ ചെറുകിട ഇടത്തരം കമ്പനികളിൽ വരെ ബാക്ക് എൻഡ് ഡെവലപ്പർമാരുടെ ആവശ്യമുണ്ട്. സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും ബാക്ക് എൻഡ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. വെബ്, സോഫ്‌റ്റ്‌വെയർ ഡെവലപ്മെന്റ് ഡിജിറ്റൽ ലോകത്തിന്റെ അടിസ്ഥാനമായി മാറുമ്പോൾ ബാക്ക് എൻഡ് ഡെവലപ്പർമാർക്ക് എല്ലാ വ്യവസായങ്ങളിലും ആവശ്യക്കാരേറെയാണ്. അതിനാൽ ഐടി , ഫിനാൻസ്, റീട്ടെയിൽ മുതലായ മേഖലകളിൽ ഇവർക്ക് ഉയർന്ന പ്രതിഫലമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ, ബാക്ക് എൻഡ് ഡെവലപ്പർമാർക്ക് ലഭിക്കുന്ന ശരാശരി പ്രതിഫലം 8 ലക്ഷം രൂപയാണ്. രണ്ട് വർഷത്തെ പരിചയസമ്പത്തുള്ള ബാക്ക് എൻഡ് ഡെവലപ്പർമാർക്ക് ശരാശരി 6 ലക്ഷം രൂപയാണ് ശമ്പളം ലഭിക്കുക. മാത്രമല്ല, ചൈന, യുഎസ്എ, ജർമ്മനി, റഷ്യ, ഇന്ത്യ, ഫ്രാൻസ് തുടങ്ങിയ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ എല്ലാം തന്നെ ബാക്ക് എൻഡ് ഡെവലപ്പർമാർക്ക് ഡിമാൻഡ് വളരെ കൂടുതലാണ്.

  ബാക്ക് എൻഡ് ഡെവലപ്‌മെന്റ് ജോലികൾ ലഭിക്കുന്നതിനുള്ള യോഗ്യതകൾ?

  കമ്പ്യൂട്ടർ സയൻസ് ബിരുദ പശ്ചാത്തലവും സാങ്കേതികവിദ്യയോട് അഭിനിവേശവും പ്രോഗ്രാമിംഗിൽ താൽപ്പര്യമുള്ളവർക്ക് ബാക്ക്-എൻഡ് ഡെവലപ്‌മെന്റ് ഒരു മികച്ച കരിയർ ഓപ്ഷനായിരിക്കും. താൽപ്പര്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ബാക്ക് എൻഡ് ഡെവലപ്മെന്റ് ഒരു കരിയറായി തിരഞ്ഞെടുക്കാൻ കഴിയും.
  മികച്ച ഒരു ബാക്ക് എൻഡ് പ്രോഗ്രാമർ കോഡിംഗ് ഭാഷകൾ, ഡാറ്റാബേസുകൾ, ഡാറ്റാബേസ് കാഷിംഗ് എന്നിവയെക്കുറിച്ച് വളരെ നന്നായി അറിഞ്ഞിരിക്കണം. കൂടാതെ, ഒരു ബാക്ക് എൻഡ് ഡെവലപ്പർ എന്ന നിലയിൽ, പ്രൊഡക്ഷൻ വെബ് സെർവർ സാങ്കേതികവിദ്യകളെക്കുറിച്ചും ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകളെക്കുറിച്ചും അറിഞ്ഞിരിക്കണം.
  ഒരു പ്രൊഫഷണൽ ബാക്കെൻഡ് ഡെവലപ്പർ ആകുന്നതിന് അൽഗോരിതത്തെക്കുറിച്ചും ഡാറ്റാ ഘടനകളെകുറിച്ചുമുള്ള അറിവ് അത്യാവശ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് ബാക്ക് എൻഡ് ഡെവലപ്‌മെന്റ് കോഴ്‌സുകൾ പഠിച്ച് ബാക്ക് എൻഡ് ഡെവലപ്‌മെന്റ് ജോലികൾക്ക് യോഗ്യത നേടാനാകും. കൂടുതൽ പരിശീലനത്തിനായി ഓൺലൈനിൽ ധാരാളം സോഴ്സുകൾ ലഭ്യമാണ്. ജാവ, പൈത്തൺ തുടങ്ങിയ ബാക്ക് എൻഡ് ഭാഷകളിൽ ഒന്നോ രണ്ടോ എണ്ണം പഠിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.

  ആവശ്യമായ പരിശീലനവും കഴിവുകളും

  ബാക്ക് എൻഡ് ഡെവലപ്‌മെന്റിൽ വിജയകരമായ കരിയർ കെട്ടിപ്പടുക്കുന്നതിന് ഏറ്റവും ആവശ്യമായ മൂന്ന് പ്രോഗ്രാമിംഗ് ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ തീർച്ചയായും വൈദഗ്ധ്യം നേടണം. ജാവ, പൈത്തൺ, പിഎച്ച്പി എന്നിവയിലേതെങ്കിലും പഠിക്കുന്നതാവും നല്ലത്. ഒരു ബാക്ക് എൻഡ് ഡെവലപ്പർ ഈ ഭാഷകളിൽ വൈദഗ്ധ്യം നേടിക്കഴിഞ്ഞാൽ HTML, CSS, JavaScript എന്നിവ പോലുള്ള ഫ്രണ്ട്-എൻഡ് ഭാഷകൾ കൂടി പഠിക്കണം. ഒരു പ്രോഗ്രാമോ ആപ്ലിക്കേഷനോ നിർമ്മിക്കുന്നതിന് ആവശ്യമായ ഏത് ഭാഷയുടെയും നട്ടെല്ലാണ് ബാക്ക് എൻഡ് ഫ്രെയിംവർക്ക്. കൂടാതെ ബാക്ക് എൻഡ് ഡെവലപ്പർമാർ ഫ്രയിംവർക്കിനുള്ളിലെ കഴിവുകൾ മെച്ചപ്പെടുത്തണം. NodeJs, ExpressJs, Django എന്നിവ ബാക്ക് എൻഡ് ഡെവലപ്പർമാർ പഠിക്കേണ്ട ഏറ്റവും ജനപ്രിയമായ ഫ്രെയിംവർക്കുകളാണ്.

  വ്യത്യസ്‌ത ഡാറ്റാബേസുകളിലെ കോഡുകൾ മോഡിഫൈ ചെയ്ത് ട്രാക്കുചെയ്യുന്നതിന് GitHub, GitLab പോലുള്ള സംവിധാനങ്ങളെക്കുറിച്ചും സമഗ്രമായ അറിവ് ആവശ്യമാണ്. കൂടാതെ, ഒരു പ്രോജക്റ്റിൽ പ്രവർത്തിക്കുമ്പോൾ, ഒരു ബാക്ക് എൻഡ് ഡെവലപ്പർക്ക് ഡാറ്റാബേസുകൾ, ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (API), സെർവർ കൈകാര്യം ചെയ്യൽ എന്നിവയെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം. JSON, SOAP, REST, GSON എന്നിവയാണ് ബാക്ക് എൻഡ് ഡെവലപ്പർമാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ചില APIകൾ.

  മുന്നോട്ടുള്ള പാത

  സോഫ്‌റ്റ്‌വെയറും സാങ്കേതികവിദ്യയും എല്ലാ വ്യവസായ മേഖലകളിലും വ്യാപിക്കുന്നതിനാൽ സോഫ്‌റ്റ്‌വെയർ ഡെവലപ്മെന്റിന്റെയും ഡെവലപ്പർമാരുടെയും ഭാവി വളരെ പ്രതീക്ഷ നൽകുന്നതാണ്. ഓൺലൈൻ ടൂളുകളുടെയും ട്യൂട്ടോറിയലുകളുടെയും പഠന ക്ലാസുകളുടെയും വ്യാപനത്തോടെ താത്പര്യമുള്ളവർക്ക് പരിചയസമ്പന്നരായ പ്രൊഫഷണലുകളിൽ നിന്ന് ബാക്ക് എൻഡ് ഡെവലപ്മെന്റിനെക്കുറിച്ച് കൂടുതൽ പഠിക്കാനും കഴിവുകൾ വികസിപ്പിക്കാനും കഴിയും. കൂടാതെ, ലോകമെമ്പാടുമുള്ള ഓർഗനൈസേഷനുകൾക്കിടയിൽ കരാർ ജോലികളും റിമോട്ട് സ്റ്റാഫിംഗും കൂടുതലായി പ്രചാരത്തിലുള്ളതിനാൽ ബാക്ക് എൻഡ് ഡെവലപ്പർമാർക്ക് വിദൂര സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങൾക്ക് വേണ്ടി നേരിട്ടും റിമോർട്ടായും ജോലികൾ ചെയ്യാൻ കഴിയും.
  Published by:Anuraj GR
  First published: