Facebook | ഫെയ്സ്ബുക്ക് സമൂഹത്തിന് ദോഷകരമെന്ന് പ്രായപൂർത്തിയായവരിൽ നാലിൽ മൂന്ന് പേരും; സർവേ ഫലം പുറത്ത്
Facebook | ഫെയ്സ്ബുക്ക് സമൂഹത്തിന് ദോഷകരമെന്ന് പ്രായപൂർത്തിയായവരിൽ നാലിൽ മൂന്ന് പേരും; സർവേ ഫലം പുറത്ത്
SSRS നടത്തിയ CNN വോട്ടെടുപ്പിലാണ് ഫേസ്ബുക്ക് അമേരിക്കൻ സമൂഹത്തെ മോശമാക്കുകയാണെന്ന ഫലം ലഭിച്ചത്. നവംബർ 1 നും 4 നും ഇടയിൽ നടത്തിയ ഈ വോട്ടെടുപ്പിൽ ആയിരത്തോളം പേരാണ് പങ്കെടുത്തത്.
അമേരിക്കൻ സമൂഹത്തെ ഫേസ്ബുക്ക് (Facebook) മോശമാക്കുകയാണെന്ന് സർവേ ഫലം. SSRS നടത്തിയ CNN വോട്ടെടുപ്പിലാണ് ഫേസ്ബുക്ക് അമേരിക്കൻ സമൂഹത്തെ മോശമാക്കുകയാണെന്ന ഫലം ലഭിച്ചത്. വോട്ടെടുപ്പിൽ (Polls) മുതിർന്നവരിൽ മുക്കാൽ ഭാഗവും ഈ അഭിപ്രായമാണ് പങ്കുവെച്ചത്. ഫേസ്ബുക്കിലെ ഉള്ളടക്കം കാരണം മാത്രം പല കാര്യങ്ങളും വിശ്വസിക്കുന്ന ആളുകളുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലേറെ ആളുകൾ പറയുന്നത് ഇങ്ങനെ ഫേസ്ബുക്കിലൂടെ മാത്രം കാര്യങ്ങളെ ഗ്രഹിക്കുന്ന ഒരാളെയെങ്കിലും തങ്ങൾക്ക് അറിയാം എന്നാണ്.
സിഎൻഎൻ റിപ്പോർട്ട് പ്രകാരം, 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിലെ 35 ശതമാനം പേരുമായി താരതമ്യം ചെയ്യുമ്പോൾ 35 വയസ്സിന് താഴെയുള്ള 61 ശതമാനം പേരും ഫേസ്ബുക്ക് ഉള്ളടക്കത്തെ ആശ്രയിച്ച് മാത്രമാണ് കാര്യങ്ങൾ മനസിലാക്കുന്നതും നിഗമനങ്ങളിൽ എത്തുന്നതും. 55 ശതമാനം ഡെമോക്രാറ്റുകളും 48 ശതമാനം റിപ്പബ്ലിക്കൻമാരും അമേരിക്കയിൽ ഫേസ്ബുക്കിന് സർക്കാർ കടിഞ്ഞാണിടണമെന്ന് സർവേയിലൂടെ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ഉള്ളടക്കങ്ങളിൽ കൂടുതൽ നിയത്രങ്ങൾ ഏർപ്പെടുത്തണം എന്നാണ് വിവിധയിടങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം. അമേരിക്കയിൽ നവംബർ 1 നും 4 നും ഇടയിൽ SSRS നടത്തിയ CNN വോട്ടെടുപ്പിൽ 1,004 പേർ പങ്കെടുത്തു.
സർവേ റിപ്പോർട്ട് അനുസരിച്ച് ഫേസ്ബുക്ക് പ്ലാറ്റ്ഫോമിനേക്കാൾ അപകടകരമായത് അത് ഉപയോഗിക്കുന്ന ചില ആളുകൾ ആണെന്ന് പറയുന്നു. 55 ശതമാനം ആളുകളും വ്യക്തമാക്കുന്നത് ചില ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്ന രീതി തെറ്റാണ് എന്നാണ്. എന്നാൽ 45 ശതമാനം ആളുകൾ പറയുന്നത് ഫേസ്ബുക്ക് പ്രവർത്തിക്കുന്ന രീതി തന്നെ തെറ്റാണ് എന്നാണ്. ഒരു മാസത്തിൽ നിരവധി തവണ ഫേസ്ബുക്ക് ഉപയോഗിക്കുന്ന അമേരിക്കക്കാരിൽ 54 ശതമാനം പേരും പറയുന്നത് ഫേസ്ബുക്ക് തന്നെയാണ് ആക്ഷേപകരമെന്ന് തോന്നുന്ന പല പോസ്റ്റുകളും തങ്ങൾക്ക് നിർദേശിക്കുന്നത് എന്നാണ്. 35 വയസ്സിന് താഴെയുള്ള ഫേസ്ബുക്ക് ഉപയോക്താക്കളിൽ അറുപത്തിയഞ്ച് ശതമാനം പേരും പറയുന്നത് ഫേസ്ബുക്ക് നിർദേശിക്കുന്ന ആക്ഷേപകരമായ ഉള്ളടക്കങ്ങൾ തങ്ങൾ കാണുന്നു എന്നാണ്.
സർവ്വേ ഫലം വെളിവാക്കുന്നത് എന്താണെന്നു വെച്ചാൽ വൻകിട ടെക്നോളജി കമ്പനികൾ കാണിക്കുന്ന മാർക്കറ്റിങ് തന്ത്രങ്ങൾ പലതും അമേരിക്കയിൽ വിലപ്പോകുന്നില്ല എന്നാണ്. ഗൂഗിൾ, ഫേസ്ബുക്ക് അല്ലെങ്കിൽ ആമസോൺ പോലുള്ള കമ്പനികളെ ഭൂരിഭാഗം പേരും വിശ്വസിക്കുന്നില്ലെന്ന് സർവ്വേ വ്യക്തമാക്കുന്നു.
ഫേസ്ബുക്കിന്റെ ജീവനക്കാർ തന്നെ ഫേസ്ബുക്ക് തെറ്റായ വിവരം പ്രചരിപ്പിക്കുന്നു എന്ന് വെളിപ്പെടുത്തിയ ഈ സമയത്താണ് ഫേസ്ബുക്കിന്റെ ബ്രാൻഡ് ഇമേജ് ഏറ്റവും വലിയ തകർച്ച നേരിട്ടത്. ലോകത്തെ മുഴുവൻ ഫേസ്ബുക് തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ലോകത്ത് സമാധാനത്തിന്റെ തകർച്ചയ്ക്ക് ഒരു കാരണം ഫേസ്ബുക്ക് ആണെന്നും ഉൾപ്പെടെയുള്ള ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഫേസ്ബുക് റീബ്രാൻഡിംഗ് ആരംഭിച്ചത്. പേര് മാറ്റി ഫേസ്ബുക് മെറ്റാ എന്ന പേര് സ്വീകരിച്ചിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.