രാജ്യത്തെ നൂറാമത് യൂണികോൺ സ്റ്റാർട്ട് അപ്പായി (Unicorn Start-Up) ഓപ്പൺ (Open) എന്ന കമ്പനി മാറുന്നത് കഴിഞ്ഞയാഴ്ചയാണ്. 50 മില്യൺ യു.എസ് ഡോളർ നിക്ഷേപം കൂടി ലഭിച്ചതോടെ കമ്പനിയുടെ മൂല്യം 1 ബില്യൺ ഡോളറായി ഉയർന്നു. യൂണികോൺ സ്റ്റാർട്ട്-അപ്പുകൾ ഇത് വരെ 80 ബില്യൺ ഡോളറിൻെറ നിക്ഷേപത്തിലാണ് (Investment) എത്തി നിൽക്കുന്നത്. ഏകദേശം 300 ബില്യൺ ഡോളറിൻെറ മൊത്തം മൂല്യവും ഈ കമ്പനികൾക്കുണ്ട്. ഒരു ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള സ്റ്റാർട്ട്-അപ്പ് കമ്പനികളെയാണ് പൊതുവിൽ യൂണികോൺ എന്ന് വിളിക്കുന്നത്.
2021ലാണ് ഇന്ത്യയിൽ യൂണികോണുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായത്. 44 സ്റ്റാർട്ട്-അപ്പുകളാണ് കഴിഞ്ഞ വർഷം മാത്രം യൂണികോണുകളായി മാറിയത്. 93 ബില്യൺ ഡോളറിൻെറ മൂല്യവും മൊത്തത്തിൽ ഇവയ്ക്കുണ്ട്. 2022ലെ ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ 14 യൂണികോണുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 18.9 ബില്യൺ ഡോളറാണ് ഇവയുടെ ആകെ മൂല്യം.
ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ 100 സ്റ്റാർട്ട്-അപ്പുകളിൽ 23 എണ്ണം മാത്രമാണ് ഇപ്പോൾ ലാഭത്തിലുള്ളതെന്നാണ് ഡാറ്റ അനലിറ്റിക്സ് കമ്പനിയായ ട്രാക്സ്ൻ ടെക്നോളജീസ് മണി കൺട്രോളുമായി സഹകരിച്ച് നടത്തിയ പഠനത്തിൻെറ റിപ്പോർട്ടിൽ പറയുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലാഭത്തിലായ കമ്പനികളുടെ കണക്കാണിത്.
“രാജ്യത്ത് സംരംഭങ്ങൾ തുടങ്ങുന്നതിനും അത് നന്നായി നടത്താനും കഴിവുള്ള ആളുകളുടെ എണ്ണം അനുദിനം വർധിച്ച് വരികയാണെന്ന് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഡിപ്പാർട്ട്മെൻറ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻറ് ഇൻേറണൽ ട്രേഡ് (DPIIT) നിരവധി പദ്ധതികളാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും സ്റ്റാർട്ട്-അപ്പുകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി നടപ്പാക്കുന്നത്. 2016 ജനുവരിയിൽ സ്റ്റാർട്ട്-അപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ് തുടങ്ങിയത് മുതൽ ഇക്കഴിഞ്ഞ മെയ് മാസം വരെയുള്ള കണക്കുകൾ പ്രകാരം 69000 സ്റ്റാർട്ട്-അപ്പുകൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
“വ്യാവസായിക പുരോഗതി എല്ലാ മേഖലയിലേക്കും വ്യാപിക്കുന്നുണ്ട്. 56 വ്യത്യസ്ത മേഖലകളിലെ സ്റ്റാർട്ട്-അപ്പുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായം ചെയ്യുന്നുണ്ട്. ഐടി മേഖലയിൽ 13 ശതമാനം, ഹെൽത്ത് കെയർ ആൻറ് ലൈഫ് സയൻസ് മേഖലയിൽ 9 ശതമാനം, വിദ്യാഭ്യാസ മേഖലയിൽ 7 ശതമാനം പ്രൊഫഷണൽ ആൻറ് കൊമേഴ്സ്യൽ മേഖലയിൽ 5 ശതമാനം എന്നിങ്ങനെയാണ് സ്റ്റാർട്ട് അപ്പുകൾ ഉള്ളത്,” വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
“കമ്പനികൾ ലാഭത്തിലേക്ക് പോവുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രം നോക്കി മുന്നോട്ട് പോവാതെ ലാഭത്തിലേക്ക് പോവാനുള്ള വഴികൾ എന്തെല്ലാമാണെന്നാണ് നോക്കേണ്ടത്. ഓരോ ഘട്ടത്തിലും പുരോഗതി ഉണ്ടാവുന്ന കമ്പനികൾക്കാണ് നിലനിൽപ്പുണ്ടാവുക. അത്തരം കമ്പനികളിൽ നിക്ഷേപിക്കാനാണ് ആളുകൾ കൂടുതൽ താൽപ്പര്യപ്പെടുക,” ത്രീവൺഫോർ ഫൗണ്ടിങ് പാർട്ണറായ സിദ്ദാർഥ് പൈ മണി കൺട്രോളിനോട് പറഞ്ഞു. ഡാർവിൻ ബോക്സ്, നിയോബാങ്കിങ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ത്രീവൺഫോർ നിക്ഷേപം നടത്തിയിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.