പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ തുടങ്ങിയ സാഹചര്യത്തിൽ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബും (YouTube) ഗൂഗിള്‍ പ്ലേ സ്റ്റോറും (Google Play Store) സബ്സ്‌ക്രിപ്ഷനുകള്‍ ഉള്‍പ്പെടെ റഷ്യയിലെ എല്ലാ പേയ്മെന്റ് അധിഷ്ഠിത സേവനങ്ങളും (Payment based Services) താല്‍ക്കാലികമായി നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. മോസ്‌കോയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം ട്വിറ്റര്‍, സ്‌നാപ് എന്നിവ സ്വീകരിച്ച താൽക്കാലിക നടപടികളെ പിന്തുടർന്നുകൊണ്ട് ഗൂഗിള്‍, യൂട്യൂബ് എന്നിവ റഷ്യയില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ അടുത്തിടെ നിര്‍ത്തി വെച്ചിരുന്നു.
"തുടര്‍നടപടിയെന്ന നിലയില്‍ റഷ്യയിലെ ഉപയോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം, ചാനല്‍ സബ്സ്‌ക്രിപ്ഷനുകള്‍, സൂപ്പര്‍ ചാറ്റ്, മെർച്ചൻഡൈസ് എന്നിവയുള്‍പ്പെടെയുള്ള പേയ്‌മെന്റ് അധിഷ്ഠിത സേവനങ്ങള്‍ ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്'', യൂട്യൂബ് പ്രസ്താവനയില്‍ പറഞ്ഞു.
എന്നാൽ, റഷ്യയിലെ യൂട്യൂബ് ചാനലുകള്‍ക്ക് തുടർന്നും റഷ്യയ്ക്ക് പുറത്തുള്ള വ്യൂവേഴ്‌സിൽ നിന്ന് സൂപ്പര്‍ ചാറ്റും വ്യാപാര വില്‍പ്പനയും ഉള്‍പ്പെടെയുള്ള പരസ്യങ്ങളിലൂടെയും പണമടച്ചുള്ള ഫീച്ചറുകള്‍ വഴിയും വരുമാനം നേടാനാകും. ഗൂഗിള്‍ പ്ലേയിലെ സൗജന്യ ആപ്പുകള്‍ റഷ്യയിലും ലഭ്യമാണെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു.
നേരത്തെ, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ അപലപിച്ച് റഷ്യന്‍ വോഡ്കയും മറ്റ് റഷ്യന്‍ നിര്‍മ്മിത മദ്യങ്ങളും കനേഡിയന്‍ മദ്യശാലകള്‍ ബഹിഷ്‌കരിച്ചിരുന്നു. കാനഡയിലെ മാനിറ്റോബ, ന്യൂഫൗണ്ട്‌ലാന്‍ഡ് പ്രവിശ്യകളില്‍ മദ്യവില്‍പ്പനശാലകള്‍ റഷ്യന്‍ നിര്‍മ്മിത മദ്യം നീക്കം ചെയ്യുന്നതായി അറിയിച്ചു. കാനഡയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രവിശ്യയായ ഒന്റാറിയോയും എല്ലാ റഷ്യന്‍ ഉല്‍പ്പന്നങ്ങളും പിന്‍വലിക്കാന്‍ ഒന്റാറിയോയിലെ മദ്യ നിയന്ത്രണ ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു. ഒന്റാറിയോയില്‍ മാത്രം റഷ്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മദ്യങ്ങള്‍ 679 സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യും.
മാത്രമല്ല, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ കനത്ത ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ നിരവധി മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ വാഹനങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കുകയും കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു.
ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ തങ്ങളുടെ റഷ്യന്‍ ഫാക്ടറികളിലെ ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കുമെന്ന് അറിയിച്ചു. കമ്പനിയ്ക്ക് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഒരു പ്ലാന്റ് ഉണ്ട്. അവിടെ RAV4, Camry തുടങ്ങിയ മോഡലുകളാണ് നിര്‍മ്മിക്കുന്നത്. റഷ്യന്‍ ട്രക്ക് നിര്‍മ്മാതാക്കളായ കമാസുമായുള്ള സംയുക്ത സംരംഭം ഉള്‍പ്പെടുന്ന റഷ്യയിലെ തങ്ങളുടെ എല്ലാ ബിസിനസ്സ് പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കുന്നതായി ഡെയ്ംലര്‍ ട്രക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡെയ്ംലറിന്റെ മുന്‍ മാതൃ കമ്പനിയായ മെഴ്‌സിഡസ് ബെന്‍സും കമാസിലെ തങ്ങളുടെ 15 ശതമാനം ഓഹരികള്‍ വിറ്റഴിക്കുമെന്ന് പറഞ്ഞിരുന്നു.
സ്വീഡിഷ് ട്രക്ക് നിര്‍മ്മാതാക്കളായ എബി വോള്‍വോ റഷ്യയിലെ എല്ലാ ഉല്‍പ്പാദനവും നിര്‍ത്തിവെച്ചു. കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതു വരെ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതായി ഫോര്‍ഡ് മോട്ടോര്‍ കമ്പനി അറിയിച്ചു. ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ റഷ്യയിലെ കാര്‍ അസംബ്ലി പ്ലാന്റുകളില്‍ ലോജിസ്റ്റിക് തടസ്സങ്ങള്‍ കാരണം ചില പ്രവര്‍ത്തനങ്ങള്‍ ഇതിനകം നിര്‍ത്തിവെച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.