• HOME
  • »
  • NEWS
  • »
  • money
  • »
  • UPI | മുന്നറിയിപ്പില്ലാതെ പണിമുടക്കി ഗൂഗിൾ പേ, പേടിഎം, ഫോൺപേ ആപ്പുകൾ; ആശങ്കയിലായി ഉപയോക്താക്കൾ

UPI | മുന്നറിയിപ്പില്ലാതെ പണിമുടക്കി ഗൂഗിൾ പേ, പേടിഎം, ഫോൺപേ ആപ്പുകൾ; ആശങ്കയിലായി ഉപയോക്താക്കൾ

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് യുപിഐ സെര്‍വര്‍ തകരാറിലാകുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഉപഭോക്താക്കളെ ആശങ്കപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ യുപിഐ (UPI) സെർവർ (Server) പണി മുടക്കി. ഫോണ്‍പേ (PhonePe), ഗൂഗിള്‍ പേ (Google Pay), പേടിഎം (Paytm) തുടങ്ങിയ ആപ്പുകൾ (App) വഴിയുള്ള യുപിഐ ഇടപാടുകളാണ് ഞായറാഴ്ച രാത്രി ഒരു മണിക്കൂർ നേരത്തേക്ക് നിശ്ചലമായത്. ഈ ആപ്പുകൾ വഴി ഇടപാടുകൾ നടത്താൻ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഉപഭോക്താക്കൾ രം​ഗത്തു വന്നിരുന്നു. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്നും ഇടപാടുകൾ ഇപ്പോൾ സു​ഗമമായി നടക്കുന്നുണ്ടെന്നും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (National Payments Corporation of India, or NCPI) അറിയിച്ചു.

    ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് ഉപഭോക്താക്കൾ പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. ''യുപിഐ സേവനങ്ങൾ ഇപ്പോൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. ചില ഉപയോക്താക്കൾ ഇന്ന് രാത്രി 8 മണിയോടടുത്ത് കുറച്ച് സമയത്തേക്ക് പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഈ താൽക്കാലിക പ്രശ്നം പരിഹരിച്ചിട്ടുണ്ട്", എൻസിപിഐ ട്വീറ്റ് ചെയ്തു.

    സെർവറുകൾ പ്രവർത്തനരഹിതമാകുന്നത് സംബന്ധിച്ച് അറിയിപ്പുകൾ നൽകാത്തതിന് ​ഗൂ​ഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകളെ കുറ്റപ്പെടുത്തിയും ഉപയോക്താക്കൾ രംഗത്തെത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളെല്ലാം ഡിജിറ്റലാക്കാൻ ഇന്ത്യൻ പൗരന്മാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് സിസ്റ്റത്തിലെ തകരാർ സംഭവിച്ചത്. " എല്ലാവരും ക്യാഷ്‌ലെസ് മാർ​ഗങ്ങൾ പ്രയോജനപ്പെടുത്തണം. ഇപ്പോൾ ചെറിയ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പോലും ആളുകൾ യുപിഐ ഉപയോഗിക്കുന്നുണ്ട്. ഇത് കടയുടമകൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനകരമാണ്. ഓൺലൈൻ പേയ്‌മെന്റുകൾ ഒരു രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കുന്നു. പ്രതിദിനം 20,000 കോടി രൂപയുടെ ഓൺലൈൻ ഇടപാടുകളാണ് നടക്കുന്നത്'', തന്റെ പ്രതിമാസ റേഡിയോ പ്രസംഗമായ മൻ കി ബാത്തിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.



    ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് യുപിഐ സെര്‍വര്‍ തകരാറിലാകുന്നത്. ജനുവരി ഒൻപതിനായിരുന്നു ഇതിനു മുൻപുള്ള പണിമുടക്ക്.

    എന്‍പിസിഐയുടെ പേയ്‌മെന്റ് സംവിധാനമായ യുപിഐ, രാജ്യത്തെ റീട്ടെയില്‍ ഇടപാടുകളുടെ ഏതാണ്ട് 60 ശതമാനത്തിലധികവും ഉൾക്കൊള്ളുന്നതാണ്. ചെറിയ തുകയുടെ ഇടപാടുകളാണ് ഇതില്‍ കൂടുതലായും നടക്കുന്നത്. യുപിഐയിൽ നടക്കുന്ന ഇടപാടുകളിൽ 75 ശതമാനവും 100 രൂപയില്‍ താഴെയുള്ളതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് മാസത്തില്‍ മാത്രം, യുപിഐ വഴി 540 കോടി രൂപയുടെ ഇടപാടുകള്‍ നടന്നു.

    സാമ്പത്തിക ഇടപാടുകൾക്കായി യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് അഥവാ യുപിഐ (Unified Payments Interface (UPI) സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യൻ ​ഗ്രാമങ്ങളിൽ കുറവാണെന്ന പഠന റിപ്പോർട്ട് അടുത്തിടെ പുറത്തു വന്നിരുന്നു. അ‍ഞ്ച് ബില്യൺ ഇടപാടുകൾ എന്ന നേട്ടം മാർച്ച് മാസം കരസ്ഥമാക്കിയതിനു പിന്നാലെയാണ് യുപിഐക്ക് ​ഗ്രാമപ്രദേശങ്ങളിൽ പ്രചാരം കുറവാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.
    Published by:user_57
    First published: