സാമ്പത്തിക ഇടപാടുകൾക്കായി യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് അഥവാ യുപിഐ (Unified Payments Interface (UPI) സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം ഗ്രാമങ്ങളിൽ കുറവാണെന്ന് റിപ്പോർട്ട്. അഞ്ച് ബില്യൺ ഇടപാടുകൾ എന്ന നേട്ടം മാർച്ച് മാസം കരസ്ഥമാക്കയതിനു പിന്നാലെയാണ് യുപിഐക്ക് ഗ്രാമപ്രദേശങ്ങളിൽ പ്രചാരം കുറവാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
സർവേയിൽ പങ്കെടുത്ത 40 ശതമാനം ഗ്രാമീണരും യുപിഐ, ഡിജിറ്റൽ പേയ്‌മെന്റുകളെക്കുറിച്ചോ അത് എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചോ അറിവില്ലെന്ന് വെളിപ്പെടുത്തി. അത്തരം ഇടപാടുകളിലൂടെ തങ്ങളുടെ പണം നഷ്‌ടപ്പെടുമെന്ന ആശങ്കയും അവർ പങ്കുവെച്ചു. വൺ ബ്രിഡ്ജ് (1Bridge) എന്ന വില്ലേജ് കൊമേഴ്സ് നെറ്റ്‍വർക്ക് ഗ്രൂപ്പ് ആണ് സർവേ നടത്തിയത്.
സർവേയിൽ പങ്കെടുത്തവരിൽ 20 ശതമാനം പേരും പണം നൽകിയുള്ള ഇടപാടുകൾക്കാണ് താത്പര്യം എന്ന് തുറന്നു പറഞ്ഞപ്പോൾ 10 ശതമാനം പേർ കുറഞ്ഞ ബാങ്ക് ബാലൻസും പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളുമാണ് യുപിഐ ഉപയോഗിക്കാത്തതിന് കാരണങ്ങളായി ചൂണ്ടിക്കാണിച്ചത്.
''സാമ്പത്തികരംഗത്ത് ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ഉൾപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഗ്രാമപ്രദേശങ്ങളിൽ പോലും എല്ലാവർക്കും അതിന്റെ പ്രയോജനം നേടാനാകും. കർണാടക സ്റ്റേറ്റ് റൂറൽ ലൈവ്‌ലിഹുഡ് പ്രൊമോഷൻ സൊസൈറ്റിയുമായും (Karnataka State Rural Livelihood Promotion Society) വാട്ട്‌സ്ആപ്പുമായുള്ള (WhatsApp) ഞങ്ങളുടെ പങ്കാളിത്തം ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പുകളാണ്," 1 ബ്രിഡ്ജിന്റെ സ്ഥാപകനും സിഇഒയുമായ മദൻ പടകി പറഞ്ഞു.
Also read-
Jio 4G| 4ജി നെറ്റ്‌വർക്ക് 15% അധികം വിപുലീകരിക്കാനൊരുങ്ങി ജിയോ; കൂടുതൽ 4G ടവറുകൾ സ്ഥാപിക്കുംഒരു കൂട്ടം ഗ്രാമീണ ഉപഭോക്താക്കൾ 30 ദിവസങ്ങളിലായി നടത്തിയ ആയിരക്കണക്കിന് യുപിഐ ഇടപാടുകളാണ് കമ്പനി ട്രാക്ക് ചെയ്തത്. ഇതിൽ നിന്നും ഇവരുടെ ശരാശരി ഇടപാട് മൂല്യം 1,450 രൂപയാണെന്നും കമ്പനി കണ്ടെത്തി. ഇടപാടുകളുടെ 40 ശതമാനവും കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാനും വിവിധ സേവനങ്ങൾക്ക് പണം നൽകാനുമാണ് ഉപയോഗിക്കുന്നത്. ഹോട്ടലുകൾ, പ്രൊവിഷൻ സ്റ്റോറുകൾ, ഹാർഡ്‌വെയർ സ്റ്റോറുകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ യുപിഐ ഉപയോഗമെന്നും സർവേ കണ്ടെത്തി. യുപിഐ ഇടപാടുകളുടെ 11 ശതമാനവും ലോൺ, തിരിച്ചടവുകൾ തുടങ്ങിയ ഇടപാടുകൾക്ക് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തി.
യുപിഐയെ കുറിച്ച് ഗ്രാമീണർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെയും ഉപഭോക്താക്കൾ തങ്ങളുടെ നെറ്റ്‌വർക്കിലൂടെ ആദ്യ യുപിഐ ഇടപാട് നടത്തുന്നതിലൂടെയും, അടുത്ത 12 മാസത്തിനുള്ളിൽ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ യുപിഐ ഉപയോഗം 20 മുതൽ 25 ശതമാനം വരെ ആയി ഉയർത്താൻ കഴിയുമെന്നാണ് വൺ ബ്രിഡ്ജിന്റെ പ്രതീക്ഷ. നിലവിൽ 10,000 പ്രാദേശിക സംരംഭകർ ഉൾപ്പെടുന്ന ശൃംഖലയിലൂടെ 77 ജില്ലകളിലായി പതിനായിരത്തിലധികം ഗ്രാമങ്ങളിലാണ് ഈ നെറ്റ്‍വർക്ക് പ്രവർത്തിക്കുന്നത്.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (National Payments Corporation of India (NPCI)) പ്രകാരം മാർച്ച് 29 വരെ യുപിഐ 5.04 ബില്യൺ ഇടപാടുകളാണ് നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.