ബെംഗലുരു: ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തി ഐ.എസ്.ആര്‍.ഒ. പ്രഗ്യാന്‍ റോവറിനെയും വഹിച്ചുകൊണ്ടുള്ള വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ശനിയാഴ്ച ഇടിച്ചിറങ്ങിയതിനെ തുടര്‍ന്നാണ് ഭൗമനിലയവുമായുള്ള ബന്ധം തകരാറിലായത്.
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്തിന് ഏറെ അടുത്താണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്. ഇത് ഓർബിറ്റർ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണെന്ന് ഇസ്രോ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല. ചരിഞ്ഞ നിലയിലാണ് അത് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ലാന്‍ഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാന്‍ എല്ലാ തരത്തിലുള്ള പരിശ്രമവും നടത്തി വരുകയാണെന്നും ഇസ്രോ വ്യക്തമാക്കുന്നു.
ഒരു ചാന്ദ്ര ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. അതായത് 14 ദിവസം. ഈ പതിനാലു ദിവസവും ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുമെന്ന് ഇസ്രോ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചന്ദ്രോപരിതലത്തിലുള്ള ലാന്‍ഡറിന്റെ ചിത്രം ഓര്‍ബിറ്ററിലെ ക്യാമറ പകര്‍ത്തിയതിനു പിന്നാലെയായിരുന്നു ഇസ്രോ ചെയര്‍മാന്റെ പ്രതികരണം.
അതേസമയം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം ഇതുവരെ വിജയച്ചില്ലെന്ന് ഇസ്രോയിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കുകയെന്ന ദൗത്യം വിജയിക്കാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ഉപഗ്രഹങ്ങളില്‍ ഇത്തരം പ്രശ്‌നമുണ്ടായപ്പോഴൊക്കെ അതു പരിഹരിക്കാന്‍ ഇഡ്രോയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇതുപോലുള്ള ശ്രമങ്ങള്‍ ചന്ദ്രോപരിതലത്തില്‍ നടത്തുകയെന്നത് നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണ്. ലാന്‍ഡറിന്റെ ആന്റിന ഓര്‍ബിറ്ററിലേക്കോ ഭൗമ സ്‌റ്റേഷനിലേക്കോ തിരിഞ്ഞിരുന്നാല്‍ മാത്രമെ എന്തെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കൂ".- അദ്ദേഹം വ്യക്തമാക്കി.
ലാൻഡറിനു ചുറ്റും സോളാര്‍ പാനലും ഉള്ളില്‍ ബാറ്ററിയും ഉള്ളതിനാല്‍ ലാന്‍ഡറിന് ഊര്‍ജ്ജത്തിന്റെ അഭാവം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ഇസ്രോ വ്യക്തമാക്കുന്നു.
Also Read വിക്രം ലാൻഡറിനെ കണ്ടെത്തി; ഓർബിറ്റർ പകർത്തിയ ചിത്രത്തിൽ ലാൻഡർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chandrayaan-2 Mission, Isro, Vikram