• HOME
  • »
  • NEWS
  • »
  • money
  • »
  • Explained ‌| എന്താണ് ഡിജിറ്റൽ സൻസദ് ആപ്പ്? പാർലമെന്റിലെ തത്സമയ നടപടിക്രമങ്ങൾ പൊതുജനങ്ങൾക്ക് കാണാനാകുമോ?

Explained ‌| എന്താണ് ഡിജിറ്റൽ സൻസദ് ആപ്പ്? പാർലമെന്റിലെ തത്സമയ നടപടിക്രമങ്ങൾ പൊതുജനങ്ങൾക്ക് കാണാനാകുമോ?

മുൻകാലങ്ങളിലെ പ്രസംഗങ്ങൾ, സംവാദങ്ങൾ മുതലായവയും ആപ്പ് വഴി ലഭിക്കും

Lok Sabha

Lok Sabha

  • Share this:
    ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കറായി സ്ഥാനമേറ്റ ഉടൻ തന്നെ, പാ‍ർലമെന്റ് നടപടിക്രമങ്ങൾ അംഗങ്ങൾക്ക് മാത്രമല്ല പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ നിരന്തരം പരിശ്രമിക്കുന്ന വ്യക്തിയാണ് ഓം ബിർള (Om Birla). ഈ ലക്ഷ്യത്തിന്റെ ഭാ​ഗമായി പാർലമെന്റ് (Parliament) അതിന്റെ ഡിജിറ്റൽ ചുവട് വയ്പ്പിന് തുടക്കം കുറിച്ചു. പാർലമെന്റ് നടപടിക്രമങ്ങൾ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്ന 'ഡിജിറ്റൽ സൻസദ് ആപ്പ്' (Digital Sansad App) ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

    ഈ ആപ്പ് വഴി പൊതുജനങ്ങൾക്ക് ഫോണിലെ ഒരു ബട്ടണിൽ ക്ലിക്ക് ചെയ്തു കൊണ്ട് എവിടെ ഇരുന്നും പാ‍ർലമെന്റ് നടപടിക്രമങ്ങൾ കാണാൻ കഴിയും. തങ്ങളുടെ പാർലമെന്റ് അംഗങ്ങൾ എന്താണ് പാ‍ർലമെന്റിൽ ചെയ്യുന്നതെന്നും അവർ എന്താണ് പറയുന്നതെന്നും എന്തൊക്കെ ചർച്ചകളാണ് പാ‍ർലമെന്റിൽ നടക്കുന്നതെന്നും പൊതുജനങ്ങൾക്കും ഇതുവഴി അറിയാൻ സാധിക്കും.

    നിലവിലെ സഭാ നടപടികൾക്ക് പുറമേ, എല്ലാ ലോക്‌സഭാ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട ആർക്കൈവൽ ഡാറ്റയും ആപ്പിൽ ലഭ്യമാണ്. മുൻകാലങ്ങളിലെ പ്രസംഗങ്ങൾ, സംവാദങ്ങൾ മുതലായവയും ആപ്പ് വഴി ലഭിക്കും. 1947 മുതലുള്ള ബജറ്റ് സെഷനുകൾ ഉൾപ്പെടെയുള്ള എല്ലാ നടപടികളിലെയും അംഗങ്ങളുടെ പ്രസംഗങ്ങളും സംവാദങ്ങളും മറ്റും ഇതിൽ അടങ്ങിയിട്ടുണ്ടാകും. 12-ാമത് ലോക്സഭാ സമ്മേളനം മുതൽ 17-ാമത് സമ്മേളനം വരെ ആപ്പിലെ ആർക്കൈവിൽ ലഭ്യമാണ്.

    മൊബൈൽ ആപ്പ് വഴി പൗരന്മാർക്ക് സഭാ നടപടികൾ തത്സമയം കാണാൻ സാധിക്കും. പാർലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ ലോക്‌സഭാ സ്പീക്കർ ആപ്പിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും ആപ്പ് ഉടൻ തന്നെ പുറത്തിറക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഈ മൊബൈൽ ആപ്ലിക്കേഷൻ ലൈവാക്കിയതായി ലോക്‌സഭാ സ്പീക്കർ ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചു.

    "ഇന്ത്യയിലെ വിദൂര ഗ്രാമങ്ങൾ പോലും ഡിജിറ്റൽ ഇന്ത്യ യുഗത്തിന് കീഴിലായിരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പാർലമെന്റും ഡിജിറ്റൽ ചുവടുമാറ്റം നടത്തിയിരിക്കുകയാണ്. പാർലമെന്റിന്റെ ഡിജിറ്റൽ സൻസദ് ആപ്പ് ഇത്തരത്തിലുള്ള ഒരു ചുവടുവയ്പ്പാണ്," ബിർള പറഞ്ഞു.

    ഡിജിറ്റൽ സൻസദ് ആപ്പിൽ, പൗരന്മാർക്ക് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് 2022 ഉൾപ്പെടെയുള്ള നടപടികൾ തത്സമയം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

    "ഒരു പരമാധികാര ജനാധിപത്യ രാജ്യത്ത്, സുതാര്യത ഉയർത്തിപ്പിടിക്കുക എന്നത് പാർലമെന്റിന്റെ കടമയാണ്. ആ ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള പാർലമെന്റിന്റെ സമഗ്രവും നിരന്തരവുമായ പരിശ്രമങ്ങളുടെ ഭാ​ഗമാണ് ഡിജിറ്റൽ സൻസദ് ആപ്പ്," അദ്ദേഹം കൂട്ടിച്ചേർത്തു.

    മഹാമാരി സമയത്ത് പോലും, പാർലമെന്റ് കർശനമായ കോവിഡ് പ്രോട്ടോക്കോളുകളോടെയാണ് പ്രവർത്തിക്കുന്നത്. പാർലമെന്റംഗങ്ങൾക്ക് അവരുടെ ഹാജർ ഡിജിറ്റലായി രേഖപ്പെടുത്താൻ കഴിയുന്ന മൊബൈൽ ആപ്പ് അവതരിപ്പിക്കാനും ലോക്‌സഭാ സ്പീക്കർ മുൻകൈ എടുത്തിരുന്നു.

    പൊതുജനങ്ങൾക്ക് പാർലമെന്റ് നടപടിക്രമങ്ങൾ കാണാൻ മാത്രമല്ല പാർലമെന്റ് അംഗങ്ങൾക്ക് അവരുടെ നോട്ടീസുകളുടെ സ്റ്റാറ്റസ്, ഹൗസ് ബുള്ളറ്റിനുകൾ തുടങ്ങിയ അപ്‌ഡേറ്റുകളും ആപ്പ് വഴി പരിശോധിക്കാനും സാധിക്കും. എംപിമാർക്ക് സഭയ്ക്കുള്ളിൽ ലാപ്‌ടോപ്പുകൾ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ പാർലമെന്ററി വിവരങ്ങൾക്ക് ഈ ആപ്പ് ഉപയോ​ഗിക്കാനാകുന്നത് സഹായകരമാണ്. ഭാവിയിൽ, ആപ്പ് വഴി എംപിമാർക്ക് ലോഗിൻ ചെയ്ത് ​ഹാജ‍ർ രേഖപ്പെടുത്താനും ചോദ്യോത്തര വേളയിൽ ചോദ്യങ്ങൾ നൽകാനും ചർച്ചകൾക്കോ ​​പ്രമേയത്തിനോ നോട്ടീസുകൾ സമർപ്പിക്കാനും കഴിഞ്ഞേക്കും.

    ഡിജിറ്റൽ സൻസദ് ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. കൂടാതെ ഇന്ത്യൻ പാർലമെന്റുമായി ബന്ധപ്പെട്ട ഇന്റർലിങ്ക്ഡ് പോർട്ടലിലെ മിക്കവാറും എല്ലാ പ്രധാന ഉള്ളടക്കങ്ങളും ആപ്പിൽ ലഭ്യമായിരിക്കും. നിയമനിർമ്മാണ പ്രവർത്തനങ്ങളുടെയും അംഗങ്ങൾക്കുള്ള സേവനങ്ങളുടെയും വ്യക്തമായ ചിത്രം വ്യക്തമാക്കുന്ന ചുരുക്കം ചില ആപ്പുകളിൽ ഒന്നാണ് ഡിജിറ്റൽ സൻസദ് എന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ആശയമാണ് പാർലമെന്റ് നടപടികൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുള്ള ഈ ആപ്പിൽ എത്തി നിൽക്കുന്നത്.

    “പ്രതിബദ്ധതയുള്ള ഒരു നിയമനിർമ്മാണ സഭയുടെ ചുമതലയാണ് പൊതുജനങ്ങളെ സഭയിലെ പതിവ് നടപടികളെക്കുറിച്ച് അറിയിക്കുക എന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ ഈ കാലത്ത് പാർലമെന്റ് നടപടികൾ കാലികമായി നിലനിർത്താൻ ഈ ആപ്പ് ലക്ഷ്യമിടുന്നു. ഈ കാഴ്ചപ്പാടിന് അനുസൃതമായി, പാർലമെന്റും അതിന്റെ ഡിജിറ്റൽ ചുവടുവയ്പ്പ് നടത്തുന്നു. പാർലമെന്റിന്റെ ഔദ്യോഗിക ‘ഡിജിറ്റൽ സൻസദ് ആപ്പ്’ ഇത്തരത്തിലുള്ള ഒരു സംരംഭമാണ്,” പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

    യുവതലമുറയ്‌ക്കൊപ്പം ഇന്ത്യൻ പാർലമെന്റ് ഡിജിറ്റൽ ഇന്റർഫേസ് എന്ന ലക്ഷ്യത്തോടെയുള്ള ഈ ആപ്പ് ഇതുവരെ 8000-ത്തിലധികം ഉപയോക്താക്കൾ കണ്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നും യുഎസ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ളവ‍ർ ഇതിനോടകം ആപ്പിന്റെ ഉപയോക്താക്കളാണ്.

    ലോക്സഭാ സ്പീക്കർ ഓം ബിർള ആസൂത്രണം ചെയ്ത ഈ ആപ്പ്, എല്ലാ പാർലമെന്റ് നടപടികളും ആളുകളിൽ എത്തിക്കും. പാ‍ർലമെന്റ് നടപടികളുടെ തത്സമയ സംപ്രേക്ഷണം, ഓരോ ദിവസത്തെയും ‌പ്രധാന വാർത്തകൾ മുതലായവയും ആപ്പിൽ അടങ്ങിയിരിക്കും. പാർലമെന്റിന്റെ ഒരു വെർച്വൽ പര്യടനത്തിന് പുറമെ, 2022 ലെ ബജറ്റ് സമ്മേളനവും ആപ്പിൽ തത്സമയം കാണാനാകും," ബന്ധപ്പെട്ട അധികൃത‍ർ പറഞ്ഞു.

    പാർലമെന്റിൽ പേപ്പറുകളുടെ ഉപയോഗം കുറയ്ക്കുന്ന മറ്റൊരു ഡിജിറ്റൽ പ്ലാനും നടപ്പിലാക്കിയിട്ടുണ്ട്. “ഇപ്പോൾ അംഗങ്ങൾ കൂടുതലും ഓൺലൈനായാണ് അറിയിപ്പുകൾ നൽകുന്നത്. പാർലമെന്റിൽ പേപ്പർ ഉപയോഗം 98% വരെ കുറയ്ക്കാൻ നമുക്ക് കഴിഞ്ഞു. വരാനിരിക്കുന്ന ബജറ്റ് പേപ്പറുകളുടെ ഫിസിക്കൽ കോപ്പികൾ ഉൾപ്പെടെയുള്ള പ്രധാന രേഖകൾ നിയന്ത്രിക്കപ്പെടും. അവ ഓൺലൈനിൽ ആക്‌സസ് ചെയ്യാനാകും, ”ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

    മഹാമാരി സമയത്ത് പാർലമെന്റ് പൂർണ്ണമായും ഡിജിറ്റലാക്കുകയും ഓൺലൈൻ മീറ്റിംഗുകൾ അനുവദിക്കുകയും ചെയ്യണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷമായി ഡിജിറ്റൽ മീറ്റിംഗുകൾ അനുവദിക്കണമെന്ന് പ്രതിപക്ഷ നിയമസഭാംഗങ്ങൾ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും അത് അംഗീകരിച്ചിട്ടില്ല.
    Published by:user_57
    First published: