• HOME
  • »
  • NEWS
  • »
  • money
  • »
  • WhatsApp ആറ് മാസത്തിനുള്ളില്‍ നിരോധിച്ചത് 1.32 കോടി ഇന്ത്യന്‍ അക്കൗണ്ടുകള്‍; കണക്കുകൾ പുറത്ത്

WhatsApp ആറ് മാസത്തിനുള്ളില്‍ നിരോധിച്ചത് 1.32 കോടി ഇന്ത്യന്‍ അക്കൗണ്ടുകള്‍; കണക്കുകൾ പുറത്ത്

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്‌സ്ആപ്പ്. ഇതുമൂലം വാട്‌സ്ആപ്പിന് നിങ്ങളുടെ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയില്ല

  • Share this:
    ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ (Smartphone) ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും വാട്ട്സ്ആപ്പ് (WhatsApp) ഉപയോഗിക്കുന്നവരാണ്. ഈ പ്ലാറ്റ്ഫോം ജീവിതത്തെ വളരെ ലളിതമാക്കിയിട്ടുണ്ടെങ്കിലും അത് ദുരുപയോഗിക്കുന്നവരും കുറവല്ല. മെറ്റയുടെ (Meta) ഉടമസ്ഥതയിലുള്ള ഈ ചാറ്റ് ആപ്പ് വഴി തെറ്റായ വിവരങ്ങളും വ്യാജ സന്ദേശങ്ങളും (Fake Messages) പ്രചരിക്കാറുണ്ട്. അതിനാല്‍ 2021ലെ പുതിയ ഐടി നിയമങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും എല്ലാ പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ കമ്പനികളും, അവ ദുരുപയോഗം ചെയ്യപ്പെടുന്നത് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇതിന്റെ ഭാഗമായി പ്രതിമാസ റിപ്പോര്‍ട്ട് പങ്കുവെയ്‌ക്കേണ്ടതുണ്ട്.

    വ്യവസ്ഥകളുടെ ലംഘനവും പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗവും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2021 ഡിസംബറില്‍ ഇന്ത്യയില്‍ 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ (20,79,000) വിലക്കിയതായി വാട്ട്സ്ആപ്പ് അടുത്തിടെ അറിയിച്ചു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്‌സ്ആപ്പ്. ഇതുമൂലം വാട്‌സ്ആപ്പിന് നിങ്ങളുടെ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയില്ല. കൂടാതെ, നിങ്ങളുടെ കോളുകള്‍ കേള്‍ക്കാനോ സന്ദേശങ്ങള്‍ ഡീകോഡ് ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കാനോ കഴിയില്ല. അങ്ങനെയെങ്കില്‍, സന്ദേശങ്ങള്‍ കാണാതെ വാട്ട്സ്ആപ്പ് എങ്ങനെയാണ് അക്കൗണ്ടുകള്‍ നിരോധിക്കുന്നത്? അക്കൗണ്ടുകള്‍ സ്‌ക്രീന്‍ ചെയ്ത് അവയുടെ ദുരുപയോഗം കണ്ടെത്താൻ മൂന്ന് ഘട്ടങ്ങളുള്ള ഒരു സംവിധാനം തങ്ങൾക്കുണ്ടെന്നാണ് ഇതേക്കുറിച്ച് വാട്സ്ആപ്പ് പറയുന്നത്. അക്കൗണ്ട് ഉണ്ടാക്കുന്ന സമയത്തും സന്ദേശങ്ങള്‍ അയയ്ക്കുന്ന രീതി അടിസ്ഥാനമാക്കിയും അക്കൗണ്ട് നിരവധി ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചുമാണ് ഈ സ്ക്രീനിങ് നടക്കുക.

    6 മാസത്തിനുള്ളില്‍ 1.32 കോടിയിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചു

    പുതിയ ഐടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി 6 മാസത്തിനുള്ളില്‍ 1.32 കോടി അക്കൗണ്ടുകള്‍ നിരോധിച്ചതായി സര്‍ക്കാരിനെയും ഇന്ത്യയിലെ ഉപഭോക്താക്കളെയും വാട്‌സ്ആപ്പ് അറിയിച്ചു. 2021 മെയ് 15 നും 2021 ജൂണ്‍ 15 നും ഇടയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ (20,11,000) നിരോധിച്ചതായി 2021 ജൂലൈയില്‍ വാട്ട്സ്ആപ്പ് വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം ഓരോ മാസവും ശരാശരി 20 ലക്ഷം അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചു. 2021ലെ പുതിയ ഐടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിൽ വന്ന ശേഷം 1.5 കോടി അക്കൗണ്ടുകളാണ് നിരോധിച്ചത്. വാട്ട്സ്ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന +91 എന്ന നമ്പര്‍ വഴിയാണ് ഇന്ത്യന്‍ അക്കൗണ്ടുകൾ തിരിച്ചറിയുന്നത്.

    Also Read-  മാസ്ക് നീക്കം ചെയ്യാതെ തന്നെ ഐഫോൺ അൺലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി ആപ്പിൾ

    വിവിധ കാലയളവിൽ നിരോധിച്ച വാട്സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം

    15 മെയ് 2021-15 ജൂണ്‍ 2021: 20,11,000
    16 ജൂണ്‍ 2021-31 ജൂലൈ 2021: 30,27,000
    1 ഓഗസ്റ്റ് 2021-31 ഓഗസ്റ്റ് 2021: 20,70,000
    1 സെപ്റ്റംബര്‍ 2021-30 സെപ്റ്റംബര്‍ 2021: 22,09,000
    1 ഒക്ടോബര്‍ 2021-31 ഒക്ടോബര്‍ 2021: 20,69,000
    1 നവംബര്‍ 2021-30 നവംബര്‍ 2021: 17,59,000
    1 ഡിസംബര്‍ 2021-31 ഡിസംബര്‍ 2021: 20,79,000

    2021 മെയ് 15 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിൽ വാട്ട്സ്ആപ്പ് ആകെ നിരോധിച്ചത് 1,52,24,000 ഇന്ത്യന്‍ അക്കൗണ്ടുകളാണ്.
    Published by:Anuraj GR
    First published: