വാട്സ്ആപ്പ് വീഡിയോ കോളുകളുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. ഗ്രൂപ്പ് കോൾ നടക്കുന്ന സമയത്ത് അഡ്മിന് ഒരാളെ മ്യൂട്ട് ചെയ്യാനോ ഒരാൾക്ക് പ്രത്യേകമായി മെസേജ് അയക്കാനോ സാധിക്കുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്.
ആൻഡ്രോയ്ഡ് (Android), ഐഒഎസ് ഫോണുകളിൽ പുതിയ ഫീച്ചർ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ എന്നു മുതലാണ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങുക എന്ന കാര്യം വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല. വാട്സ്ആപ്പ് തലവൻ വിൽ കാത്കാർട്ട് (Will Cathcart) ആണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചത്. ആളുകൾ ചില സമയത്ത് കോൾ മ്യൂട്ടാക്കാൻ ആഗ്രഹിക്കാറുണ്ടെന്നും അതിന് സാധിക്കാത്തത് പലപ്പോഴും ഗ്രൂപ്പ് കോളുകളിലും മീറ്റിങ്ങുകളിലും അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ആ പ്രശ്നം പരിഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും വിൽ കാത്കാർട്ട് പറഞ്ഞു.
ഇതുകൂടാതെ, ഗ്രൂപ്പ് വീഡിയോ കോളിൽ പുതിയൊരു വ്യക്തി ചേരുമ്പോൾ, അതേക്കുറിച്ച് മറ്റെല്ലാവർക്കും നോട്ടിഫിക്കേഷൻ നൽകുന്ന ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.
ഗ്രൂപ്പ് വീഡിയോ കോളിൽ പങ്കെടുക്കാനാകുന്നവരുടെ എണ്ണവും വാട്സ്ആപ്പ് വർദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ ഫീച്ചർ അനുസരിച്ച് ഗ്രൂപ്പ് വീഡിയോ കോളിൽ 32 അംഗങ്ങളെ വരെ ഉൾക്കൊള്ളിക്കാൻ കഴിയും.
Also Read-iQOO Neo 6 എന്തുകൊണ്ട് വാങ്ങണം? 5 പ്രധാന കാരണങ്ങള്
പുതിയ ഫീച്ചറുകൾ പ്രാബല്യത്തിൽ വരുമ്പോൾ സൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയ്ക്കു പകരം ഓഫീസ് മീറ്റിങ്ങുകൾ, വ്യക്തിഗത മീറ്റിങ്ങുകൾ, മറ്റ് വെർച്വൽ മീറ്റിംഗുകൾ എന്നിവയെല്ലാം വാട്സ്ആപ്പ് ഗ്രൂപ്പ് കോളിലൂടെയും നടത്താനാകും.
കഴിഞ്ഞ കുറേ ആഴ്ചകളായി പല പുതിയ ഫീച്ചറുകളും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരമാവധി 512 പേരെ ചേർക്കാൻ കഴിയുന്ന ഫീച്ചറാണ് അതിലൊന്ന്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുന്നവർക്കാകും ഈ ഫീച്ചർ ലഭ്യമാകുക. ആൻഡ്രോയ്ഡ്, ഐഒഎസ്, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും. ഇതിനുമുമ്പ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പരമാവധി 256 അംഗങ്ങളെ ആയിരുന്നു ചേർക്കാൻ സാധിച്ചിരുന്നത്. പുതിയ അപ്ഡേ്റ്റ് കുറച്ചു ദിവസങ്ങൾക്കകം എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഗ്രൂപ്പുകളിൽ 512 അംഗങ്ങളെ ചേർക്കുന്നതിനുള്ള നടപടിക്രമങ്ങൾ മുൻപത്തേതു പോലെ തന്നെ ആയിരിക്കും.
വായിക്കാത്ത ചാറ്റുകൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഫീച്ചറും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. വിൻഡോയുടെ മുകളിൽ വലത് വശത്തുള്ള ഫിൽട്ടർ ബട്ടണിൽ ക്ലിക്ക് ചെയ്താൽ വായിക്കാത്ത ചാറ്റുകൾ ഉപഭോക്താക്കൾക്ക് ഉടനടി കണ്ടെത്താം. വായിക്കാത്ത എല്ലാ സന്ദേശങ്ങളും ഒരുമിച്ച് സ്ക്രീനിൽ കാണാൻ താൽപര്യമില്ലെങ്കിൽ ഫിൽട്ടർ ക്ലിയർ ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാകും. ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചർ ആദ്യം ലഭ്യമാകുക. സാവധാനം ആൻഡ്രോയ്ഡ് (Android), ഐഒഎസ് (iOS) ഫോണുകളിലും ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങും എന്നാണ് കരുതപ്പെടുന്നത്.
നിങ്ങൾ സൃഷ്ടിച്ച ഗ്രൂപ്പ് വോട്ടെടുപ്പിന്റെ ഫലങ്ങൾ കാണാനുള്ള ഓപ്ഷനാണ് വാട്സ്ആപ്പ് രംഗത്തിറക്കുന്ന മറ്റൊരു ഫീച്ചർ. ഈ ഫീച്ചർ ഐഒഎസ് ബീറ്റ 22.12.0.73 പതിപ്പിൽ ഇപ്പോൾ ലഭ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.