വായിക്കാത്ത ചാറ്റുകൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് (WhatsApp). വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റ ആപ്പ് 2.2221.0 പതിപ്പിലാണ് (WhatsApp Desktop Beta app version 2.2221.0) വായിക്കാത്ത ചാറ്റുകൾ ഫിൽട്ടർ ചെയ്യാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ലഭ്യമാകുക. വിൻഡോയുടെ മുകളിൽ വലത് വശത്തുള്ള ഫിൽട്ടർ ബട്ടണിൽ ക്ലിക്ക് ചെയ്താൽ വായിക്കാത്ത ചാറ്റുകൾ ഉപഭോക്താക്കൾക്ക് ഉടനടി കണ്ടെത്താം. വായിക്കാത്ത എല്ലാ സന്ദേശങ്ങളും ഒരുമിച്ച് സ്ക്രീനിൽ കാണാൻ താൽപര്യമില്ലെങ്കിൽ ഫിൽട്ടർ ക്ലിയർ ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാകും.
ആളുകൾക്ക് ആവശ്യമില്ല എന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന ചില ഫീച്ചറുകൾ വാട്ട്‌സ്ആപ്പ് കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ അവയ്ക്കെല്ലാം ഉപഭോക്താക്കളിൽ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്. വായിക്കാത്ത ചാറ്റുകൾ ഫിൽട്ടർ ചെയ്യാനുള്ള ഓപ്‌ഷനും അത്തരത്തിലൊന്നായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചർ ആദ്യം ലഭ്യമാകുക. സാവധാനം ആൻഡ്രോയ്ഡ് (Android), ഐഒഎസ് (iOS) ഫോണുകളിലും ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങും എന്നാണ് കരുതപ്പെടുന്നത്.
നിങ്ങൾ സൃഷ്‌ടിച്ച ഗ്രൂപ്പ് വോട്ടെടുപ്പിന്റെ ഫലങ്ങൾ കാണാനുള്ള ഓപ്ഷനാണ് വാട്സ്ആപ്പ് രംഗത്തിറക്കാൻ ഒരുങ്ങുന്ന മറ്റൊരു ഫീച്ചർ. ഈ ഫീച്ചർ ഐഒഎസ് ബീറ്റ 22.12.0.73 പതിപ്പിൽ ഇപ്പോൾ ലഭ്യമാണ്.
വാട്സ്ആപ്പിലെ ഡിലീറ്റ് ഫോർ എവരി വണ്ണും ഡിലീറ്റ് മെസേജും തമ്മിൽ ഉപഭോക്താക്കളിൽ ഉണ്ടാക്കുന്ന ആശയകുഴപ്പം പരിഹരിക്കാനും കമ്പനി ഒരുങ്ങുകയാണ്. പുതിയ ഫീച്ചറായി അൺഡൂ ഓപ്ഷൻ കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് കമ്പനി. ഉടൻ തന്നെ, ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിൽ ഫീച്ചർ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ.
വാട്സ്ആപ്പിൽ അധിക സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ടിപി സംവിധാനം ഉൾപ്പെടുത്താനും കമ്പനി തയ്യാറെടുക്കുകയാണ്. മറ്റൊരു ഡിവൈസിൽ നിന്നും ലോഗിൻ ചെയ്യുമ്പോളാകും ടിപി വെരിഫിക്കേഷൻ വേണ്ടി വരിക. വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ഐഒഎസ് ബീറ്റ വേർഷനുകളിൽ വൈകാതെ തന്നെ ഫീച്ചർ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.
ചാറ്റുകളില്‍ തന്നെ ആളുകളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറും വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു.
മെറ്റയുടെ (Meta) ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്സ്ആപ്പ് 2022 മാര്‍ച്ചില്‍ 18 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. ഉപയോക്തൃ സുരക്ഷ സംബന്ധിച്ച കമ്പനിയുടെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്. രാജ്യത്ത് 2022 മാര്‍ച്ച് 1 നും മാര്‍ച്ച് 31 നും ഇടയില്‍ ഇന്ത്യയില്‍ 1,805,000 അക്കൗണ്ടുകള്‍ നിരോധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമങ്ങളും വാട്ട്സ്ആപ്പ് സേവന നിബന്ധനകളും ലംഘിച്ച നിരവധി അക്കൗണ്ടുകള്‍ക്കെതിരെ വാട്സ്ആപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. നിയമലംഘകരെ തടയുന്നതിനും കണ്ടെത്തുന്നതിനുമായി വാട്ട്സ്ആപ്പിന്റെ പരാതി പരിഹാര വിഭാഗവും കമ്പനിയുടെ ആഭ്യന്തര സംവിധാനങ്ങളും വഴി ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികൾ പരിശോധിച്ചാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.