• HOME
  • »
  • NEWS
  • »
  • money
  • »
  • CIA | സി.ഐ.എയുടെ ആദ്യ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്ത്യൻ വംശജൻ; ആരാണ് നന്ദ് മുൽചന്ദാനി

CIA | സി.ഐ.എയുടെ ആദ്യ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്ത്യൻ വംശജൻ; ആരാണ് നന്ദ് മുൽചന്ദാനി

Nand Mulchandani | ഇതാദ്യമായാണ് സിഐഎ ചീഫ് ടെക്നോളജി ഓഫീസറെ നിയമിക്കുന്നത്

നന്ദ് മുൽചന്ദാനി

നന്ദ് മുൽചന്ദാനി

  • Share this:
    അമേരിക്കൻ ഇന്റലിജൻസ് ഏജസിയായ സി.ഐ.എയുടെ (Central Intelligence Agency (CIA)) ആദ്യ ചീഫ് ടെക്‌നോളജി ഓഫീസറായി (Chief Technology Officer (CTO) ഇന്ത്യൻ വംശജൻ നന്ദ് മുൽചന്ദാനിയെ (Nand Mulchandani) നിയമിച്ചു. സി.ഐ.എ ഡയറക്ടർ വില്യം ജെ. ബേൺസാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. അമേരിക്കന്‍ പ്രതിരോധ വകുപ്പിലും സിലിക്കണ്‍ വാലി പോലുള്ള ഉന്നത സ്ഥാപനങ്ങളിലും 25 വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ള ആളാണ് നന്ദ് മുൽചന്ദാനി.

    നന്ദ് ടീമിൽ ചേരുന്നതിൽ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്ത് സിഐഎയ്ക്കു മുതൽക്കൂട്ടാകുമെന്നും വില്യം ജെ. ബേൺസ് പറഞ്ഞു.

    ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നാണ് നന്ദ് മുൽചന്ദാനി ഉന്നതവിദ്യാഭ്യാസം നേടിയത്. അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും ഗണിതത്തിലും ബിരുദം, സ്റ്റാൻഫോർഡിൽ നിന്ന് മാനേജ്‌മെന്റിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദം, ഹാർവാർഡിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസ യോ​ഗ്യതകൾ. അമേരിക്കയിലേക്ക് പോകുന്നതിനു മുൻപ്, ഡൽഹിയിലെ ബ്ലൂബെൽസ് ഇന്റർനാഷണൽ സ്കൂളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

    തനിക്കു നിരസിക്കാനാകാത്ത ജോലിയാണ് സിഐഎ വാ​ഗ്ദാനം ചെയ്തത് എന്നും അതൊരു വലിയ ബഹുമതി ആണെന്നും ലിങ്ഡിനിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ നന്ദ് മുൽചന്ദാനി പറഞ്ഞു. ''സാങ്കേതികവിദ്യ ലോകത്തിൽ ഒരുപാട് മാറ്റം വരുത്തുന്ന കാലഘട്ടമാണിത്. ഇന്റലിജൻസ് രം​ഗത്തും അതിന്റെ സ്വാധീനത്തെ കുറിച്ച് തർക്കം ഉണ്ടാകാൻ ഇടയില്ല. സിഐയിലും ഇതിന് വളരെ പ്രധാന്യമുണ്ട്. സിഐഎയ്‌ക്കൊപ്പം പൊതു സേവനത്തിൽ എന്റെ യാത്ര തുടരുന്നതിൽ ഞാൻ ആശ്ചര്യഭരിതനാണ്'', അ​ദ്ദേഹം ലിങ്ക്ഡിനിൽ കുറിച്ചു. അഭിമുഖങ്ങൾക്കായി തയ്യാറെടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു എന്നും ഹോളിവുഡ് സിനിമകളിൽ നിന്നാണ് സിഐഎയെക്കുറിച്ച് കൂടുതൽ മനസിലാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

    അമേരിക്കന്‍ പ്രതിരോധ വകുപ്പിന്‍റെ ജോയിന്‍റ് ഇന്‍റലിജന്‍സ്‌ സെന്‍ററിന്‍റെ ആക്‌ടറ്റിങ് ഡയറക്ടറായും സിടിഒ ആയും പ്രവര്‍ത്തിച്ചിട്ടുള്ള നന്ദ് മുൽചന്ദാനി ഓബ്ലക്‌സ്, ഡിറ്റര്‍മിയ പോലുള്ള നിരവധി സ്റ്റാര്‍ട്ട് അപ്പുകളുടെ സിഇഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    ഇതാദ്യമായാണ് സിഐഎ ചീഫ് ടെക്നോളജി ഓഫീസറെ നിയമിക്കുന്നത്.

    സിഐഎ

    1946ൽ ആയിരുന്നു അമേരിക്കൻ‌ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ രൂപീകരണം. ‌രണ്ടാം ലോകമഹായുദ്ധകാലത്ത് നിലനിന്നിരുന്ന ഓഫീസ് ഓഫ് സ്ട്രാറ്റെജിക് സർവീസസ് (ഒ.എസ്.എസ്) പിരിച്ചു വിട്ടതിനെ തുടർന്ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഹാരി എസ് ട്രൂമാൻ ആണ് സംഘടനക്ക് രൂപം നൽകിയത്. വിദേശ സർക്കാരുകൾ, കോർപ്പറേഷനുകൾ, വ്യക്തികൾ തുടങ്ങിയവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച്, അവ അപഗ്രഥിച്ച് സർക്കാരിന് ഉപദേശം നൽകുക എന്നതാണ് സിഐഎയുടെ പ്രധാന ലക്ഷ്യം. അമേരിക്കൻ പ്രസിഡന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടന പ്രസിഡന്റിനെ കൂടാതെ യു. എസ്. കോൺഗ്രസ് കമ്മിറ്റിക്കും ഉത്തരം നൽകണം. ഡയക്ടർ ഓഫ് സെൻ‌ട്രൽ ഇന്റലിജൻസ് ആണ് സി ഐ എ യുടെ തലവൻ.
    Published by:user_57
    First published: