• HOME
  • »
  • NEWS
  • »
  • money
  • »
  • Work from Home | വർക്ക് ഫ്രം ഹോമിന് അവസാനം; കേന്ദ്രസർക്കാർ ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങി; അടുത്തത് ഐടി കമ്പനികളോ?

Work from Home | വർക്ക് ഫ്രം ഹോമിന് അവസാനം; കേന്ദ്രസർക്കാർ ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങി; അടുത്തത് ഐടി കമ്പനികളോ?

50 ശതമാനം ഓഫീസ് ഹാജർ നിയമം ഫെബ്രുവരി 15 വരെ നീട്ടിയ മുൻ സർക്കുലറിനെ അസാധുവാക്കിയാണ് പുതിയ പ്രഖ്യാപനം.

  • Last Updated :
  • Share this:
    ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, രാജ്യത്ത് കോവിഡ് 19 (Covid 19) കേസുകൾ കുറയുന്നതിനെ തുടർന്ന് വർക്ക് ഫ്രം ഹോം (Work From Home) ജോലി രീതി അവസാനിപ്പിക്കുന്നതായും എല്ലാ ജീവനക്കാരോടും അവരവരുടെ ഓഫീസുകളിൽ ഹാജരാകാനും സർക്കാർ ആവശ്യപ്പെട്ടു. തീരുമാനം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കി ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ മന്ത്രാലയം നിയമം നടപ്പിലാക്കി കഴിഞ്ഞു. ഇന്ത്യയിൽ നിലവിൽ കോവിഡ് -19 കേസുകളുടെ എണ്ണം കുറവാണ്. പ്രതിദിന കേസുകൾ ഒരു ദിവസം മുമ്പ് ഒരു ലക്ഷത്തിൽ താഴെയായിരുന്നു.

    കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള വർക്ക് ഫ്രം ഹോം അവസാനിച്ചു

    കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെത്തുടർന്ന് ഫെബ്രുവരി 7, തിങ്കളാഴ്ച മുതൽ 100 ​​ശതമാനം ജീവനക്കാരും ഓഫീസിൽ എത്തി ജോലി ചെയ്യുന്നതിനുള്ള തീരുമാനമെടുത്തതായി കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ മന്ത്രാലയം ഫെബ്രുവരി 6 ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

    മഹാമാരി സംബന്ധിച്ച നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്‌തുവെന്നും കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവും പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെടുത്താണ് ഓഫീസ് ഹാജർ പൂർണ്ണ നിലയിൽ പുനരാരംഭിക്കാൻ തീരുമാനിച്ചതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. എല്ലാ വിഭാഗങ്ങളിലുമുള്ള ജീവനക്കാരും യാതൊരു ഇളവുകളുമില്ലാതെ, 2022 ഫെബ്രുവരി 7 മുതൽ സ്ഥിരമായി ഓഫീസിൽ ഹാജരാകണമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
    എന്നാൽ ജീവനക്കാർ നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്നും ഇത് വകുപ്പ് മേധാവികൾ ഉറപ്പാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് തുടരണമെന്നും മന്ത്രി അറിയിച്ചു.
    നിലവിലെ മാർഗനിർദേശങ്ങൾ ഫെബ്രുവരി 15 വരെ നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. 50 ശതമാനം ഓഫീസ് ഹാജർ നിയമം ഫെബ്രുവരി 15 വരെ നീട്ടിയ മുൻ സർക്കുലറിനെ അസാധുവാക്കിയാണ് പുതിയ പ്രഖ്യാപനം. നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം, പുതിയ ഓഫീസ് മെമ്മോറാണ്ടം ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ & ട്രെയിനിംഗ് (DoPT) പുറപ്പെടുവിച്ചു. ഇതനുസരിച്ച് എല്ലാ വിഭാഗങ്ങളിലുമുള്ള മുഴുവൻ ജീവനക്കാരും ഇളവുകളൊന്നുമില്ലാതെ 2022 ഫെബ്രുവരി 7 മുതൽ ഓഫീസുകളിൽ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു ജീവനക്കാർക്കും ഇനി "വീട്ടിൽ ഇരുന്ന ജോലി" ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാകില്ല.

    അണ്ടര്‍ സെക്രട്ടറി തലത്തിന് താഴെയുള്ള 50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ജനുവരി 3ന് പുറത്തിറക്കിയ ഉത്തരവില്‍ പേഴ്‌സണല്‍ മന്ത്രാലയം അറിയിച്ചിരുന്നു. ഇത് പ്രകാരം ഗര്‍ഭിണികളെയും ഭിന്നശേഷിക്കാരെയും ഓഫീസില്‍ വരുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ ഉത്തരവിൽ ആർക്കും ഇളവുകളില്ല.

    ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവയും ഈ നയം സ്വീകരിക്കുമോ?

    ടിസിഎസ് ഉൾപ്പെടെയുള്ള മിക്ക ഐടി കമ്പനികളും ജനുവരി മുതൽ ഓഫീസുകൾ തുറക്കാൻ തീരുമാനിച്ചിരുന്നു. വർക്ക് ഫ്രം ഹോം നിയമം അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസുകളിൽ എത്തിക്കുകയായിരുന്നു കമ്പനികളുടെ ലക്ഷ്യം. എന്നാൽ മൂന്നാം തരംഗത്തിന് കാരണമായ കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റിനെ തുടർന്ന് മിക്ക കമ്പനികൾക്കും ഈ പദ്ധതികൾ വീണ്ടും നിർത്തി വയ്ക്കേണ്ടി വന്നു.

    രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഡിസംബറിൽ തങ്ങളുടെ ജീവനക്കാരിൽ 90 ശതമാനവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

    ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുന്നതിന് മുമ്പ് കോവിഡ് -19 വേരിയന്റുകളുടെ ആവിർഭാവത്തെക്കുറിച്ചും ഇത് സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ചും വിലയിരുത്തുമെന്ന് എച്ച്സിഎൽ ടെക്നോളജീസ് നേരത്തെ സൂചിപ്പിച്ചിരുന്നു.

    ജീവനക്കാരുടെയും കരാറുകാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻതൂക്കം നൽകി, വർക്ക് ഫ്രം ഹോം മോഡൽ തുടരുമെന്ന് കോഗ്നിസന്റ് അറിയിച്ചു. “ഞങ്ങളുടെ ജീവനക്കാരുടെയും കോൺട്രാക്ടർമാരുടെയും കുടുംബങ്ങളുടെയും ക്ലയന്റുകളുടെയും ഞങ്ങളുടെ കമ്മ്യൂണിറ്റികളിൽ ഉൾപ്പെടുന്നവരുടെയും ആരോഗ്യവും സുരക്ഷയും കമ്പനിയുടെ മുൻഗണനയായി തുടരുമെന്നും” കോഗ്നിസന്റ് കൂട്ടിച്ചേർത്തു.
    രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത്, ഓഫീസുകൾ വീണ്ടും തുറക്കുന്നത് ഒഴിവാക്കി ജീവനക്കാരുടെ വീട്ടിലിരുന്നുള്ള ജോലി തുടരാനാണ് ഇൻഫോസിസ് ആഗ്രഹിക്കുന്നതെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. “വരുന്ന വർഷങ്ങളിലും ഭൂരിഭാഗം പേരും ഹൈബ്രിഡ് മോഡിലായിരിക്കും ജോലി ചെയ്യുക എന്നും” ഇൻഫോസിസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും എച്ച്ആർ മേധാവിയുമായ റിച്ചാർഡ് ലോബോ ഇക്കണോമിക് ടൈംസിനോട് പറഞ്ഞിരുന്നു. എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനി തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

    ഒരു വർഷത്തിലേറെ നീണ്ട വർക്ക് ഫ്രം ഹോം സംവിധാനത്തിന് ശേഷം എല്ലാവരും ഓഫീസിലെത്തണം എന്ന നിർദേശം മിക്ക കമ്പനികളും ജീവനക്കാർക്ക് നൽകിയിരിക്കുകയാണ്. എന്നാൽ വർക്ക് ഫ്രം ഹോം കൾച്ചറിൽ നിന്ന് മാറി വീണ്ടും ഓഫീസ് ക്യുബിക്കിളുകളിൽ ഒതുങ്ങാൻ മിക്ക ജീവനക്കാർക്കും താൽപര്യമില്ല എന്നതാണ് വസ്തുത. ഓഫീസുകളിൽ നിന്ന് അകലെയാണെങ്കിലും വർക്ക് ഫ്രം ഹോം വഴി ആളുകൾക്ക് അവരുടെ ജോലിയോട് കൂടുതൽ അടുപ്പം തോന്നി തുടങ്ങിയിട്ടുണ്ട് എന്നാണ് റിക്രൂട്ടർമാർ അവകാശപ്പെടുന്നത്. കുടുംബവുമായി ചെലവഴിക്കാൻ സമയം ലഭിക്കുന്നു എന്നതും ജോലിയുടെ വഴക്കം, സ്വാതന്ത്ര്യം, വിനോദത്തിനുള്ള സമയം, വീട്ടിലെ ഭക്ഷണം, ചെലവ് ലാഭിക്കൽ, ജോലി ആരും നിരീക്ഷിക്കാനില്ല എന്ന ആത്മവിശ്വാസം തുടങ്ങിയവയാണ് വർക്ക് ഫ്രം ഹോമിനോടുള്ള ആളുകളുടെ താൽപര്യത്തിനുള്ള കാരണങ്ങൾ. പലരും റിമോട്ട് വർക്കിംഗ് മോഡലാണ് ഇപ്പോഴും ഇഷ്ടപ്പെടുന്നത്. എന്നാൽ ഹൈബ്രിഡ് മോഡിനും ആളുകൾ എതിരല്ല. ഹൈബ്രിഡ് എന്നത് ഓൺലൈൻ, ഓഫ്‌ലൈൻ ജോലികളുടെ മിശ്രിതമാണ്.
    Published by:Naveen
    First published: