• HOME
 • »
 • NEWS
 • »
 • money
 • »
 • Work From Home | ഐടി മേഖലയിലെ വർക്ക് ഫ്രം ഹോമിന് ഗുഡ് ബൈ ; ജീവനക്കാരെ തിരികെ വിളിക്കാൻ പ്രമുഖ കമ്പനികൾ

Work From Home | ഐടി മേഖലയിലെ വർക്ക് ഫ്രം ഹോമിന് ഗുഡ് ബൈ ; ജീവനക്കാരെ തിരികെ വിളിക്കാൻ പ്രമുഖ കമ്പനികൾ

കോവിഡ് മഹാമാരി മൂലം, ഏതാണ്ട് ഒരു വര്‍ഷത്തിലധികമായി നടന്നു പോരുന്ന വര്‍ക്ക് ഫ്രം ഹോം, ജോലി സംവിധാനത്തിനാണ്‌ ഇതോടെ തിരശീല വീഴുന്നത്

 • Last Updated :
 • Share this:
  ഐടി ഭീമന്മാര്‍ തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് വിളിക്കാനൊരുങ്ങുന്നു. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ നൂറു കോടിയിലധികം ജനങ്ങളാണ് കോവിഡ് പ്രതിരോധ കുത്തിവപ്പ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐടി ഭീമന്മാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് (ടിസിഎസ്), ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയവര്‍ തങ്ങളുടെ ജീവനക്കാരെ വീണ്ടും ഓഫീസിലെത്തിക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. കോവിഡ് മഹാമാരി മൂലം, ഏതാണ്ട് ഒരു വര്‍ഷത്തിലധികമായി നടന്നു പോരുന്ന വര്‍ക്ക് ഫ്രം ഹോം, ജോലി സംവിധാനത്തിനാണ്‌ ഇതോടെ തിരശീല വീഴുന്നത്.

  ഇന്ത്യന്‍ ഐടി രംഗത്തെ പ്രധാനിയായ ടിസിഎസ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു. അത് പ്രകാരം, ടിസിഎസില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ജീവക്കാരും വാക്‌സിന്റെ ആദ്യ ഡോസോ അല്ലെങ്കില്‍ രണ്ടു ഡോസുകളുമോ നേടിക്കഴിഞ്ഞു എന്നാണ് ടിസിഎസ് ഉയര്‍ത്തുന്ന അവകാശവാദം. അതുകൊണ്ട് തന്നെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് വിളിക്കാനൊരുങ്ങുന്നു എന്നാണ് സൂചനകള്‍.

  ''70 ശതമാനം വരുന്ന ടിസിഎസ് ജീവനക്കാരും ഇതിനോടകം പൂര്‍ണ്ണമായും വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞു, കൂടാതെ 95 ശതമാനത്തോളം ജീവനക്കാര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ എങ്കിലും ലഭിച്ചിട്ടും ഉണ്ട്. അതിനാല്‍ കമ്പനി പതിയെ തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലെത്തിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരികയാണ്, ഈ വര്‍ഷം അവസാനത്തോടെ ഈ ശ്രമങ്ങള്‍ ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.'' സെപ്റ്റംബറില്‍ അവസാനിച്ച പാദ വാര്‍ഷിക കണക്കുകള്‍ പ്രഖ്യാപിക്കുന്നതിനിടെ കമ്പനിയുടെ ചീഫ് എച്ച്ആര്‍ ഓഫീസറായ മിലിന്ദ് ലക്കാഡ് പറഞ്ഞു.

  ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ ടിസിഎസ്, ഈ വര്‍ഷാവസാനത്തോടെ അല്ലെങ്കില്‍ 2022 ന്റെ തുടക്കത്തോടെ കമ്പനിയിലെ 90 ശതമാനം ജീവനക്കാരെയും തിരികെ വിളിക്കാനുള്ള പദ്ധതിയെക്കുറിച്ച് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ കമ്പനി 2025 മോഡല്‍ പദ്ധതിയെക്കുറിച്ചും മുമ്പ് സൂചനകള്‍ നല്‍കിയിരുന്നു. 2025 മോഡല്‍ എന്നത് കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്, 2025 വരെ കമ്പനിയിലെ മൊത്തം ജീവനക്കാരുടെ 25 ശതമാനം പേര്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ ജോലി ചെയ്യുന്ന വിധത്തിലുള്ള സംവിധാനമാണ്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍, വീണ്ടും കമ്പനിയില്‍ എത്തി ജോലി ചെയ്യുന്ന സംവിധാനം പുനഃരാരംഭിക്കുന്നതോടെ എല്ലാ ജീവനക്കാരുടെയും മുഴുവന്‍ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട് എന്നും ടിസിഎസ് അധികൃതര്‍ അറിയിച്ചു.

  ടിസിഎസ് പുറത്തിറക്കിയത് പോലെ തന്നെ ഒരു ജോലി മോഡലിനെപ്പറ്റിയും ജീവനക്കാരെ തിരികെ ഓഫീസിലേക്ക് വിളിക്കുന്നതിനെപ്പറ്റിയും, എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ഇന്‍ഫോസിസും അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ പാദ വാര്‍ഷിത വരുമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടയില്‍ തന്നെയാണ് ഇന്‍ഫോസിസും ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ടിസിഎസിന്റേത് 2025 മോഡല്‍ ആണങ്കില്‍ ഇന്‍ഫോസിസ് പ്രഖ്യാപിച്ചിരിക്കുന്നത്, തങ്ങള്‍ ഒരു ഹൈബ്രിഡ് മാതൃക പിന്തുടരാനാണ് ഉദ്ദേശിക്കുന്നത് എന്ന് മാത്രമാണ്.

  ''ഇന്ത്യയിലെ ഇന്‍ഫോസിസ് ജീവനക്കാര്‍ 86 ശതമാനം പേരും തങ്ങളുടെ വാക്‌സിനേഷന്റെ ആദ്യ ഡോസ് വാക്‌സിനെങ്കിലും ഇതിനോടകം നേടിയവരാണ്. ഇപ്പോള്‍ ഞങ്ങള്‍ ഒരു ഹൈബ്രിഡ് മാതൃകയിലുള്ള ജോലി സംവിധാനത്തിലേക്ക് കടക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിനായി ഞങ്ങള്‍, ഞങ്ങളുടെ ജീവനക്കാര്‍ക്ക് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും, സൈബര്‍ സുരക്ഷയും, കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാനിരിക്കാനുമുള്ള സൗകര്യങ്ങളും, തൊഴില്‍-വ്യക്തിഗത ജീവിതം സന്തുലിതമായി നിലനിര്‍ത്താന്‍ ആവശ്യമായ വിഭവങ്ങളും ഒരുക്കി കൊടുത്തിട്ടുണ്ട്'' പാദ വാര്‍ഷിക വരുമാന വിവരങ്ങള്‍ പുറത്ത് വിട്ടു കൊണ്ട്, ഇന്‍ഫോസിസിന്റെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായ പ്രവിന്‍ റാവോ പറഞ്ഞു.

  കോവിഡ് 19 മഹാമാരിയുടെ കടന്നു വരവോട് കൂടിയാണ്, അധികമാര്‍ക്കും പരിചയമില്ലാത്ത വര്‍ക്ക് ഫ്രം ഹോം എന്ന സംവിധാനം പ്രസിദ്ധിയാര്‍ജിച്ചത്. അത് തന്നെയാണ് ഹൈബ്രിഡ് ജോലി സംവിധാനത്തിന്റെ അടിസ്ഥാനവും. തങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ ജോലി ചെയ്യാം എന്ന സ്ഥിതി പല ജീവനക്കാര്‍ക്കും ഇണങ്ങുന്ന സംവിധാനമായി മാറി. സൗകര്യാര്‍ത്ഥം ഏത് സ്ഥലത്ത് നിന്നും ജോലി ചെയ്യാന്‍ സാധിക്കുമെന്ന അയവുള്ള സംവിധാനമാണ് ഇത്.

  മാരിക്കോ, വിപ്രോ, തുടങ്ങി നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഹൈബ്രിഡ് വര്‍ക്ക് മാതൃക തങ്ങളുടെ ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ജീവനക്കാര്‍ക്ക് യാത്രാ സമയം ലാഭിക്കുന്നതിന് സഹായകമാകുന്നു. അതുപോലെ തന്നെ കമ്പനികള്‍ക്കും ഈ മാതൃക ഗുണകരമാണ്, കാരണം അവര്‍ക്കും കെട്ടിട വാടകയും വൈദ്യുതി ചെലവും കുറയ്ക്കാന്‍ ഹൈബ്രിഡ് മാതൃക സഹായകമായി മാറി.

  തിരികെ ഓഫീസിലെത്തി ജോലി പുനഃരാരംഭിക്കുന്നതിനെ കുറിച്ച് വിപ്രോയും പ്രഖ്യാപനം നടത്തിയിരുന്നു. 'നീണ്ട 18 മാസങ്ങള്‍ക്ക് ശേഷം, ഞങ്ങളുടെ മുന്‍നിര ജോലിക്കാര്‍ നാളെ (ആഴ്ചയില്‍ രണ്ടുതവണ) ഓഫീസിലേക്ക് മടങ്ങിവരുന്നു. എല്ലാവരും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിരിക്കുന്നു, എല്ലാവരും ജോലിയില്‍ പഴയത് പോലെ തുടരാന്‍ തയ്യാറായിരിക്കുന്നു. സുരക്ഷിതമായി സാമൂഹിക അകലം പാലിക്കുക! ഞങ്ങള്‍ ഈ മാനദണ്ഡങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും,'' എന്നായിരുന്നു സെപ്റ്റംബര്‍ 12 ന് പങ്കു വെച്ച ഒരു ട്വീറ്റില്‍ വിപ്രോയുടെ ചെയര്‍മാനായ റിഷാദ് പ്രേംജി അറിയിച്ചത്.

  ടിസിഎസും ഇന്‍ഫോസിസുമെല്ലാം ജീവനക്കാരെ തിരികെ വിളിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് തുടങ്ങിയപ്പോള്‍ മറ്റ് പല കമ്പനികളും ഇത് പ്രാബല്യത്തില്‍ വരുത്തി തുടങ്ങി. ഐടി സേവന ദാതാവായ എച്ച്‌സിഎല്‍ ടെക്‌നോളജീസ്, തങ്ങളുടെ കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാര്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഓഫീസില്‍ എത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചു കഴിഞ്ഞു. അതേസമയം, മറ്റുള്ളവര്‍ ആവശ്യാനുസരണം, ആഴ്ചയില്‍ ഒരിക്കലെങ്കിലും ഓഫീസില്‍ എത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് കമ്പനിയുടെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസറായ അപ്പാറാവു വിവി പറയുന്നത് ഇങ്ങനെയാണ്, ''ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ഈ സംവിധാനത്തിന് വീണ്ടും ആക്കം കൂടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിലവിലെ സമയത്ത് ഞങ്ങള്‍ സ്വീകരിക്കുന്ന നയം ഇതാണ്.''

  അതേസമയം, ഹൈബ്രിഡ് മാതൃക പിന്തുടരാനാണ് അന്താരാഷ്ട്ര തലത്തിലെ ഐടി ഭീമനായ ഗൂഗിള്‍ പദ്ധതിയിടുന്നത്. ഈ വര്‍ഷം മെയ് 5 ന്, ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സുന്ദര്‍ പിച്ചൈ, തങ്ങളുടെ ജീവനക്കാര്‍ക്കായി ഒരു കത്ത് എഴുതിയിരുന്നു. കത്തിലെ വിഷയം, ഭാവിയില്‍ കമ്പനി ഒരു ഹൈബ്രിഡ് വര്‍ക്ക് മോഡല്‍ പിന്തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആയിരുന്നു. ഗൂഗിള്‍ വിഭാവനം ചെയ്ത ഹൈബ്രിഡ് മാതൃക അനുസരിച്ച്, കമ്പനിയിലെ 60 ശതമാനം ജീവനക്കാരും എല്ലാ ആഴ്ചയിലെയും ഏതാനും ദിവസങ്ങള്‍ ഓഫീസില്‍ എത്തി ജോലി ചെയ്താല്‍ മതിയാകും.
  Published by:Jayashankar AV
  First published: