കോവിഡ് ലോക്ക്ഡൗണിനെ തുടർന്നാണ് വർക്ക് ഫ്രം ഹോം (Work From Home) അല്ലെങ്കിൽ റിമോട്ട് വർക്കിങ്ങ് രീതി പല കമ്പനികളും കൂടുതലായി ഉപയോഗപ്പെടുത്താൻ തുടങ്ങിയത്. ഓഫീസുകൾ പലതും അടച്ചു പൂട്ടിയെങ്കിലും ജീവനക്കാരുടെ സേവനം പരമാവധി ഉപയോഗപ്പെടുത്താൻ വർക്ക് ഫ്രം ഹോം മോഡലിന് സാധിച്ചു. ഭാവിയിലും, ഐടി ഉൾപ്പെടെയുള്ള നിരവധി മേഖലകൾ ഈ ഹൈബ്രിഡ് മോഡൽ (hybrid model) തുടരുന്നത് പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 90 ശതമാനം മുതിർന്ന ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വർക്ക് ഫ്രം ഹോം തുടരുന്നതിനാൽ അമേരിക്കയിലെ 76 ശതമാനം കമ്പനികളും നഗരത്തിനു പുറത്തു നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും റിക്രൂട്ട്മെന്റുകൾ നടത്താനുള്ള ആലോചനയിലാണെന്ന് അടുത്തിടെ നടന്ന ഒരു സർവേ വ്യക്തമാക്കുന്നു.
ഉയർന്ന ഉത്പാദനക്ഷമത (High Productivity)വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ജീവനക്കാർക്കും സൗകര്യപ്രദമാണെന്ന് സർവേ വ്യക്തമാക്കുന്നു. അടുത്തിടെ നടന്ന ഒരു സർവേ പ്രകാരം, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന 66 ശതമാനം തൊഴിലാളികളും അവർ ഓഫീസിലിരുന്ന് ജോലി ചെയ്തിരുന്നതിനെ അപേക്ഷിച്ച് ഇപ്പോൾ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാണെന്ന് വിശ്വസിക്കുന്നു. എവിടെ നിന്നും ജോലി ചെയ്യാൻ കഴിയുന്നത് തങ്ങളുടെ ജീവിതം മികച്ച രീതിയിൽ ക്രമീകരിക്കാൻ സഹായിക്കുമെന്ന് പ്രതികരിച്ചവരിൽ 75 ശതമാനം പേരും പറഞ്ഞു.
വർക്ക് ഫ്രം ഹോം ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിച്ചിട്ടുണ്ടെന്നാണ് 68 ശതമാനം കമ്പനികളും പറയുന്നത്. ഒരു വോട്ടെടുപ്പ് അനുസരിച്ച്, റിമോട്ട് സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്ന 77 ശതമാനം വ്യക്തികളും ഓരോ മാസവും ചെല്ലുംതോറും ഉൽപ്പാദനക്ഷമത അൽപാൽപമെങ്കിലും വർദ്ധിപ്പിച്ചു. 30 ശതമാനം പേർ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ജോലി ചെയ്യുകയും ചെയ്തു.
ഓഫീസുകളിൽ പതിവുള്ള ഫോൺ കോളുകൾ, തിരക്കും ബഹളങ്ങളും, ഉൽപ്പാദനക്ഷമമല്ലാത്ത തൊഴിൽ അന്തരീക്ഷം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ വീട്ടിൽ ഇല്ലാത്തതിനാൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ഒരു വിഭാഗം കരുതുന്നു.
ഐടി കമ്പനികളുടെ ഇനിയുള്ള പദ്ധതിടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, എച്ച്സിഎൽ ടെക് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ഐടി കമ്പനികളും ദീർഘകാലാടിസ്ഥാനത്തിൽ ഹൈബ്രിഡ് മോഡൽ വർക്ക് നടപ്പിലാക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. “ഇത് ഘട്ടം ഘട്ടമായുള്ള സമീപനമായിരിക്കും, ഓരോ പാദത്തിലും ഞങ്ങൾ അവലോകനം നടത്തും. നിലവിൽ, 95 ശതമാനം തൊഴിലാളികളും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. 5 ശതമാനം മുതിർന്ന ജീവനക്കാർ മാത്രമാണ് ഓഫീസുകളിൽ വരുന്നത്'' ഇൻഫോസിസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് പറഞ്ഞു.
ഓഫീസിലും വീട്ടിലും ഇരുന്ന് ജോലി ചെയ്യാവുന്ന സമ്മിശ്ര മോഡലാണ് ഇൻഫോസിസ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. 25X25 മോഡൽ സ്വീകരിക്കുന്നതിനും ഹോട്ട് ഡെസ്‌ക്കുകൾ അവതരിപ്പിക്കുന്നതിനും തയ്യാറെടുക്കുകയാണെന്നും കമ്പനി അറിയിച്ചു. ഈ മോഡൽ അനുസരിച്ച് കമ്പനിയുടെ ജീവനക്കാരിൽ 25 ശതമാനത്തിൽ കൂടുതൽ ഓഫീസിൽ വന്ന് ജോലി ചെയ്യേണ്ടതില്ല. ജീവനക്കാരുടെ സമയത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ ഓഫീസിൽ ചെലവഴിക്കേണ്ടതുമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.