ആൻഡ്രോയ്ഡ് ഫോണുകളിലെ (Android Smartphone) കോൾ റെക്കോർഡിങ്ങ് (Call Recording) സംവിധാനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ വരുന്നു. മെയ് 11 മുതൽ മറ്റ് ആപ്പുകൾ ഉപയോഗിച്ചുള്ള കോൾ റെക്കോർഡിങ്ങ് ആൻഡ്രോയ്ഡ് ഫോണുകളിൽ സാധ്യമാകില്ല എന്നാണ് റിപ്പോർട്ടുകൾ. ഗൂഗിളിന്റെ (Google) പുതിയ പ്ലേ സ്റ്റോർ പോളിസി അനുസരിച്ചായിരിക്കും ഈ മാറ്റം. ഇൻ-ബിൽറ്റ് റെക്കോർഡിങ്ങ് സൗകര്യം ഉള്ള ഫോണുകളിൽ തുടർന്നും കോൾ റെക്കോർഡിങ്ങ് നടത്താം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഗൂഗിൾ ഒദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതാദ്യമായല്ല ഗൂഗിൾ കോൾ റെക്കോർഡിങ്ങിന് അനുമതി നിഷേധിക്കുന്നത്. ആൻഡ്രോയ്ഡ് 10 ഫോണുകളിൽ മറ്റ് ആപ്പുകൾ ഉപയോഗിച്ചുള്ള കോൾ റെക്കോർഡിങ്ങ് സൗകര്യം ഗൂഗിൾ നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു. സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഈ മാറ്റമെന്നും ഗൂഗിൾ വ്യക്തമാക്കിയിരുന്നു. കോൾ റെക്കോർഡിംഗ് നിയമങ്ങൾ ഓരോ രാജ്യത്തിനും വ്യത്യസ്തമാണ് എന്നതാണ് ഈ തീരുമാനത്തിനു പിന്നിലുള്ള മറ്റൊരു കാരണം. കോൾ റെക്കോർഡിങ്ങ് നിയമവിധേയമല്ലാത്ത രാജ്യങ്ങളിൽ നിന്നും ഉണ്ടായ നിയമപ്രശ്നങ്ങളെ നേരിടാനും ഗൂഗിൾ ശ്രമം നടത്തി വരികയാണ്.
സ്മാര്‍ട്ഫോൺ നിർമ്മാതാക്കൾ മുൻകൂട്ടി ഉൾപ്പെടുത്തിയിരിക്കുന്ന ഏത് കോൾ റെക്കോർഡർ ആപ്ലിക്കേഷനുകൾക്കും പ്രശ്നങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കാൻ കഴിയുമെന്നും അതിന് പ്രത്യേക അനുമതി തേടേണ്ടതുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കി. ഷവോമി (Xiaomi), സാംസങ്ങ് (Samsung), വൺ പ്ലസ് (OnePlus), ഒപ്പോ (Oppo) തുടങ്ങിയ ആൻഡ്രോയ് ഫോണുകളിലെല്ലാം ഇത്തരം ഇൻ-ബിൽറ്റ് കോൾ റെക്കോർഡിങ്ങ് സംവിധാനം ഉണ്ട്. ഇത്തരം ഇൻ-ബിൽറ്റ് സംവിധാനങ്ങൾ മെയ് 11 നു ശേഷവും പ്രവർത്തിക്കും. മറ്റ് കോൾ റെക്കോർഡിങ്ങ് ആപ്പുകൾക്ക് അടുത്ത മാസം മുതൽ ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തിക്കാനുള്ള അനുമതി ഇല്ലാതാകുകയും ചെയ്യും.
അതേസമയം, ആന്‍ഡ്രോയിഡ് 13 (Android 13) ഡെവലപ്പര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും ലഭ്യമാകുന്ന പുതിയ ഫീച്ചറുകളെക്കുറിച്ച് കമ്പനി അറിയിച്ചിരുന്നു. ബാറ്ററി ലൈഫ് ഉള്‍പ്പെടെയുള്ള ഉപയോക്താക്കളുടെ മറ്റ് പ്രധാന ആശങ്കകള്‍ പരിഹരിക്കാന്‍ ആന്‍ഡ്രോയിഡ് 13 ശ്രമിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് 13 ലെ ആപ്പ് ലാംഗ്വേജ് ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഓരോ ആപ്പിലും ഭാഷ മാറ്റുന്നതിനുള്ള സൗകര്യം നല്‍കുമെന്നും കരുതപ്പെടുന്നു. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫോണിലുള്ള ഓരോ ആപ്പും സ്വന്തം ഭാഷയില്‍ ഉപയോഗിക്കാനും കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും ഈ ഫീച്ചര്‍ സഹായിക്കും.
ഇന്ത്യയിൽ സ്മാര്‍ട്ഫോൺ (Smartphone) ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതായുള്ള പഠന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. 2026 ഓടെ ഇന്ത്യയില്‍ 100 കോടി സ്മാര്‍ട്ഫോൺ ഉപയോക്താക്കളുണ്ടാകുമെന്നും ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണുകളുടെ വില്‍പ്പന വര്‍ധിക്കുമെന്നും ഡെലോയിറ്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. 2021ല്‍ ഇന്ത്യയില്‍ 1.2 ബില്യണ്‍ മൊബൈല്‍ വരിക്കാരുണ്ടായിരുന്നു, അതില്‍ 750 ദശലക്ഷം ആളുകള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം രണ്ടാമത്തെ വലിയ സ്മാര്‍ട്ഫോൺ നിര്‍മ്മാതാക്കളാകാന്‍ ഒരുങ്ങുകയാണെന്നും പഠനം ചൂണ്ടികാട്ടുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.