ടെസ്ലയിൽ (Tesla) പിരിച്ചു വിടലുണ്ടാകുമെന്ന സൂചന നൽകി ഇലോൺ മസ്ക് (Elon Musk). അടുത്ത മൂന്ന് മാസത്തിനുള്ളിൽ കമ്പനിയിലെ സ്ഥിര വേതനക്കാരായ 10 ശതമാനം തൊഴിലാളികളെ വെട്ടിക്കുറക്കുമെന്ന് മസ്ക് അറിയിച്ചു. ബ്ലൂംബെർഗ് (Bloomberg) സംഘടിപ്പിച്ച ഖത്തർ ഇക്കണോമിക് ഫോറത്തെ (Qatar Economic Forum) അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം നടപ്പിലായാൽ ടെസ്ലയുടെ ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 3.5 ശതമാനം കുറവുണ്ടാകും.
വിവിധ വിഭാഗങ്ങളിലായി കമ്പനി ഇപ്പോൾ 100,000-ത്തിലധികം ആളുകൾക്ക് ജോലി നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ടെസ്ലയുടെ ജീവനക്കാരിൽ 40 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായിരുന്നു.
മണിക്കൂർ അടിസ്ഥാനമാക്കിയുള്ള വേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരിൽ ചിലരെ കഴിഞ്ഞ ആഴ്ച ടെസ്ല പിരിച്ചുവിട്ടിരുന്നു. വടക്കേ അമേരിക്കയിലുള്ള സെയിൽസ് ആൻഡ് ഡെലിവറി ടീമുകളിലും പിരിച്ചുവിടലുകൾ ആരംഭിച്ചതായി ഇലക്ട്രെക് (Electrek) റിപ്പോർട്ട് ചെയ്തു.
സാമ്പത്തിക മേഖല ചില തിരിച്ചടികൾ നേരിടുന്നതിനാൽ, തൊഴിലാളികളുടെ 10 ശതമാനം വെട്ടിക്കുറയ്ക്കുമെന്നും നിയമനങ്ങൾ താൽക്കാലികമായി നിർത്തി വെയ്ക്കണമെന്നും ഈ മാസം ആദ്യം മസ്ക് ടെസ്ല എക്സിക്യുട്ടീവുകൾക്കയച്ച ഒരു ഇമെയിലിൽ പറഞ്ഞിരുന്നു. അതിനു ശേഷമാണ് പിരിച്ചു വിടൽ സംബന്ധിച്ച് മസ്കിന്റെ പരസ്യ പ്രഖ്യാപനം.
ട്വിറ്റർ ഏറ്റെടുത്താൽ, ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചനയും ഇലോൺ മസ്ക് അടുത്തിടെ നൽകിയിരുന്നു. ട്വിറ്ററിന് സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും ആണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് മസ്ക് പറഞ്ഞത്. ആദ്യമായി ട്വിറ്റര്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയില്‍ പിരിച്ചുവിടലുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന ജീവനക്കാരുടെ ചോദ്യത്തിന് അത് സാഹചര്യങ്ങള്‍ അനുസരിച്ചിരിക്കും എന്നായിരുന്നു മസ്കിന്റെ ഉത്തരം. മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം തുടരാമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ, ഓഫീസിലിരുന്നു ചെയ്യുന്നതിനോടാണ് വ്യക്തിപരമായി താൻ താത്പര്യപ്പെടുന്നതെന്നും മസ്ക് കൂട്ടിച്ചേർത്തു.
ഇതിനിടെ, ട്വിറ്ററുമായുള്ള ഇടപാട് വേണ്ടെന്ന് വെക്കുമെന്ന മുന്നറിയിപ്പുമായി ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു. സ്പാം, വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള ഡാറ്റകൾ നൽകുന്നതിൽ വീഴ്ച്ച വരുത്തിയാൽ 44 ബില്യൻ ഡോളറിന്റെ കരാർ വേണ്ടെന്നു വെയ്ക്കും എന്നാണ് മസ്കിന്റെ പ്രഖ്യാപനം. ഈ വർഷം ഏപ്രിലിൽ, 44 ബില്യൺ ഡോളറിന് കമ്പനി വാങ്ങാൻ മസ്ക് ട്വിറ്ററുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ഈ കരാറിന്റെ കാലാവധി അവസാനിച്ചിട്ടില്ല. ഇതിനിടെ, പറഞ്ഞതിലും കുറഞ്ഞ വിലയ്ക്ക് ട്വിറ്റർ ഏറ്റെടുക്കാനുള്ള ചർച്ച നടത്താനോ അല്ലെങ്കിൽ പൂർണമായും കരാർ ഉപേക്ഷിക്കാനോ മസ്ക് ആലോചിക്കുന്നു എന്നും സൂചനകൾ പുറത്തു വന്നിരുന്നു. പറഞ്ഞതിലും കുറഞ്ഞ വിലയ്ക്ക് ട്വിറ്റർ ഏറ്റെടുക്കാനുള്ള ചർച്ച നടത്താനോ അല്ലെങ്കിൽ പൂർണമായും കരാർ ഉപേക്ഷിക്കാനോ മസ്ക് ആലോചിക്കുന്നു എന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.