പണപ്പെരുപ്പത്തിന് അയവു വന്നാൽ ടെസ്‌ല കാറുകളുടെ (Tesla Car) വില കുറയ്ക്കുമെന്ന് സിഇഒ ഇലോൺ മസ്‌ക് (Elon Musk). മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന കമ്പനിയാണ് (electric vehicle company) ടെസ്‍ല. ഒരു ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മസ്ക്. മഹാമാരിക്കു ശേഷം ടെസ്‍ല കാറുകളുടെ വില കുറക്കുമോ എന്നായിരുന്നു ചോദ്യം.
കഴിഞ്ഞ മാസവും, ടെസ്‍ല ഇലക്ട്രിക് കാറുകളുടെ വില വർദ്ധിപ്പിച്ചിച്ചിരുന്നു. ടെസ്‍ലയുടെ ചില മോഡലുകൾക്ക് 6,000 ഡോളർ വരെ കൂടിയിരുന്നു. 2021 ൽ മിക്കവാറും എല്ലാ മാസങ്ങളിലും വില വിർദ്ധനവ് ഉണ്ടായിരുന്നു. അതിനൽപം അയവു വന്നത് ഈ വർഷമാണ്.
ടെസ്‍ലയുടെ മോഡൽ 3 ക്ക് ആണ് ഏറ്റവും കുറവ് വില വർദ്ധനവ് ഉണ്ടായത്. മോഡൽ 3 യുടെ വില 54,490 ഡോളറിൽ നിന്ന് 57,990 ഡോളറിലേക്കാണ് എത്തിയത്.
ടെസ്‌ലയുടെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച മോഡലായി മാറിയ മോഡൽ Y യുടെ വിലയിലാണ് കൂടുതൽ വർദ്ധനവ് ഉണ്ടായത്. ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് പതിപ്പുകൾക്കും വില വർദ്ധിച്ചു. മോഡൽ Y ലോംഗ് റേഞ്ചിന്റെ വില 62,990 ൽ നിന്ന് 65,990-ഡോളറിലേക്കാണ് എത്തിയത്.
അതേസമയം, ടെസ്‍ലയിൽ പിരിച്ചു വിടലുണ്ടാകുമെന്ന സൂചന നൽകി ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ കമ്പനിയിലെ സ്ഥിര വേതനക്കാരായ 10 ശതമാനം തൊഴിലാളികളെ വെട്ടിക്കുറക്കുമെന്നാണ് ജൂണിൽ മസ്ക് അറിയിച്ചത്. ബ്ലൂംബെർഗ് സംഘടിപ്പിച്ച ഖത്തർ ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം നടപ്പിലായാൽ ടെസ്‌ലയുടെ ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 3.5 ശതമാനം കുറവുണ്ടാകും. വിവിധ വിഭാഗങ്ങളിലായി കമ്പനി ഇപ്പോൾ 100,000-ത്തിലധികം ആളുകൾക്ക് ജോലി നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ടെസ്‍ലയുടെ ജീവനക്കാരിൽ 40 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായിരുന്നു. മണിക്കൂർ അടിസ്ഥാനമാക്കിയുള്ള വേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരിൽ ചിലരെ ടെസ്‌ല പിരിച്ചുവിട്ടിരുന്നു. വടക്കേ അമേരിക്കയിലുള്ള സെയിൽസ് ആൻഡ് ഡെലിവറി ടീമുകളിലും പിരിച്ചുവിടലുകൾ നടന്നിരുന്നു. സാമ്പത്തിക മേഖല ചില തിരിച്ചടികൾ നേരിടുന്നതിനാൽ, തൊഴിലാളികളുടെ 10 ശതമാനം വെട്ടിക്കുറയ്ക്കുമെന്നും നിയമനങ്ങൾ താൽക്കാലികമായി നിർത്തി വെയ്ക്കണമെന്നും ഈ മാസം ആദ്യം മസ്‌ക് ടെസ്‌ല എക്‌സിക്യുട്ടീവുകൾക്കയച്ച ഒരു ഇമെയിലിൽ പറഞ്ഞിരുന്നു. അതിനു ശേഷമാണ് പിരിച്ചു വിടൽ സംബന്ധിച്ച് മസ്കിന്റെ പരസ്യ പ്രഖ്യാപനം.
ട്വിറ്റർ ഏറ്റെടുത്താൽ, ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചനയും ഇലോൺ മസ്ക് അടുത്തിടെ നൽകിയിരുന്നു. ട്വിറ്ററിന് സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും ആണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് മസ്ക് പറഞ്ഞത്. ആദ്യമായി ട്വിറ്റര്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Electric cars, Elon Musk, Tesla cars