നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഒരു കിലോയ്ക്ക് 50,000 രൂപ; സ്വന്തം റെക്കോഡ് തിരുത്തി 'മനോഹരി' തേയില

  ഒരു കിലോയ്ക്ക് 50,000 രൂപ; സ്വന്തം റെക്കോഡ് തിരുത്തി 'മനോഹരി' തേയില

  അപ്പർ ആസാമിലെ ദിബ്രുഗഡിൽ നിന്നുള്ള മനോഹരി എന്ന തോട്ടത്തിലെ തേയില വില ചാർട്ടുകളിൽ റെക്കോർഡ് സൃഷ്ടിക്കുന്നത് ഇതാദ്യമല്ല

  kulhad-chai

  kulhad-chai

  • News18
  • Last Updated :
  • Share this:
   ഗുവാഹത്തി: ഒരു കിലോ തേയിലയ്ക്ക് വില അമ്പതിനായിരം രൂപ. ടീ ലേലത്തിലാണ് ആസമിലെ 'മനോഹരി' എന്ന ബ്രാൻഡിൽപ്പെട്ട തേയില 50000 രൂപയ്ക്ക് വിറ്റുപോയത്. ആഗോളതലത്തിൽ തന്നെ ഇത്രയും രൂപയ്ക്ക് തേയില ലേലത്തിൽപോകുന്നത് ഇതാദ്യമാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. കഴിഞ്ഞ വർഷം ഇതേ ബ്രാൻഡിന് ലഭിച്ചത് 39,001 രൂപയായിരുന്നു. പിന്നീട് അരുണാചൽ പ്രദേശിലെ ഗോൾഡൻ നീഡിൽ എന്ന ബ്രാൻഡിൽപ്പെട്ട തേയില 40000 രൂപയ്ക്ക് വിറ്റ് റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഈ റെക്കോഡാണ് ഇപ്പോൾ ആസമിലെ 'മനോഹരി' വീണ്ടും തിരുത്തിയത്.

   ഇന്ന് രാവിലെ ഗുവാഹത്തി ടീ ലേല കേന്ദ്രത്തിൽ നടന്ന ലേലത്തിലാണ് മനോഹരി ടീ എസ്റ്റേറ്റിന്റെ മുന്തിയ ഇനം തേയിലയ്ക്ക് കിലോഗ്രാമിന് അമ്പതിനായിരം രൂപ ലഭിച്ചത്. അപ്പർ ആസാമിലെ ദിബ്രുഗഡിൽ നിന്നുള്ള മനോഹരി എന്ന തോട്ടത്തിലെ തേയില വില ചാർട്ടുകളിൽ റെക്കോർഡ് സൃഷ്ടിക്കുന്നത് ഇതാദ്യമല്ല, 2018 ൽ മനോഹാരി 39,001 രൂപയ്ക്ക് വിറ്റു. പിന്നീട് അരുണാചൽ പ്രദേശിലെ ഡോണി പോളോ ടീ എസ്റ്റേറ്റ് ഈ റെക്കോർഡ് തകർത്തു. ഗോൾഡൻ നീഡിൽ എന്ന ബ്രാൻഡ് കിലോഗ്രാമിന് 40,000 രൂപയ്ക്ക് വിറ്റതോടെയാണിത്.

   മനോഹരി തേയിലയ്ക്ക് ലഭിച്ച റെക്കോർഡ് തുക തേയില വ്യവസായത്തിന് പുതിയ പ്രതീക്ഷ നൽകുന്നതാണെന്ന് ഉടമ രഞ്ജൻ ലോഹ്യ ന്യൂസ് 18നോട് പറഞ്ഞു. മനോഹരി തേയില നിർമ്മിക്കുന്നതിലെ പ്രത്യേകതകളെക്കുറിച്ച് രഞ്ജൻ ലോഹ്യ വിവരിക്കുന്നത് ഇങ്ങനെ, സാധാരണ തേയില ഇലകളിൽനിന്നാണ് നിർമ്മിക്കുന്നത്. എന്നാൽ മനോഹരി തേയില ഇളംമുകുളങ്ങളിൽനിന്നാണ് നിർമ്മിക്കുന്നത്. മെയ്-ജൂൺ മാസങ്ങളിൽ ഉണ്ടാകുന്ന ഇളംമുകുളങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതുകൊണ്ടുതന്നെ വളരെ ബുദ്ധിമുട്ടിയാണ് മനോഹരി തേയില നിർമാണം. വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഇത് നിർമ്മിക്കാനാകുന്നത്. ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയ മനോഹരി ബ്രാൻഡ് ഈ വർഷം അഞ്ചു കിലോ മാത്രമാണ് നിർമ്മിച്ചിട്ടുള്ളതെന്ന് രഞ്ജൻ ലോഹ്യ പറഞ്ഞു. മനോഹരി എസ്റ്റേറ്റിൽ വൈറ്റ്, ഗ്രീൻ, യെല്ലോ, ഗോൾഡൻ, സിൽവർ തുടങ്ങി തേയിലയുടെ പല വകഭേദങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്.

   മനോഹരി തേയില നിർമാണത്തിനായി മുകുളം പറിച്ചെടുക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് രഞ്ജൻ ലോഹ്യ പറയുന്നു. ഏറെ ശ്രദ്ധയോടെയും കരുതലോടെയും പറിച്ചെടുത്തില്ലെങ്കിൽ അത് ഉപയോഗശൂന്യമാകുന്നു. വിദഗ്ധ പരിശീലനത്തിലൂടെ മാത്രമെ മുകുളം നുള്ളിയെടുക്കാനാകുവെന്നും ഇദ്ദേഹം പറയുന്നു.

   ചൊവ്വാഴ്ച രാവിലെ നടന്ന ലേലത്തിലാണ് സൗരഭ് ടീ ട്രേഡേഴ്സിന്റെ മഞ്ജിലാൽ മഹേശ്വരിയാണ് ഏറ്റവും ഉയർന്ന വിലയ്ക്ക് ലേലം വിളിച്ചത്. അഞ്ച് കിലോ തേയിലയാണ് ഇത്തവണ ലേലത്തിനായി എത്തിച്ചത്. മഹേശ്വരി 2018 ൽ രണ്ട് കിലോഗ്രാം മനോഹരി ഗോൾഡ് ടീ വാങ്ങിയിരുന്നു. മികച്ച വാസനയുള്ള പ്രീമിയം ചായയാണ് മനോഹരിയെന്നാണ് മഞ്ജിലാൽ മഹേശ്വരിയുടെ അഭിപ്രായം. അതുകൊണ്ടുതന്നെയാണ് റെക്കോഡ് തുകയ്ക്ക് ഇത്തവണയും മനോഹരി തേയില സ്വന്തമാക്കിയതെന്ന് ഇദ്ദേഹം പറയുന്നു.
   First published:
   )}