കേന്ദ്രസർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ജൂൺ പാദത്തിൽ വെട്ടിക്കുറച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ചെറുകിട സമ്പാദ്യ പദ്ധതികളിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് (PPF), സുകന്യ സമൃദ്ധി അക്കൗണ്ട് (Sukanya Samriddhi Account), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (Senior Citizen Savings Scheme), പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് (Post Office Savings Account), 5 വർഷത്തെ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് (RD), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (NSC) എന്നിവ ഉൾപ്പെടുന്നു.
പിപിഎഫിന്റെയും മറ്റ് ചെറുകിട സമ്പാദ്യ പദ്ധതിയുടെയും പലിശ നിരക്ക് സർക്കാർ കുറയ്ക്കുമോ?കേന്ദ്ര സർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഓരോ പാദത്തിലും അവലോകനം ചെയ്യും. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ കുറവ് വരുത്തണമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിർദ്ദേശിച്ചിരിക്കുന്നത്. "സർക്കാർ 2021 ഡിസംബർ 31ന് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് അവലോകനം ചെയ്തു. തുടർച്ചയായ ഏഴാം പാദത്തിലും മാറ്റമില്ലാതെ തുടരുകയും ചെയ്തു. 2021-22 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിനായുള്ള ഫോർമുല അടിസ്ഥാനമാക്കിയുള്ള നിരക്കുകളേക്കാൾ 42-168 ബിപിഎസ് കൂടുതലാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ നിലവിലെ പലിശനിരക്ക്" ആർബിഐ വ്യക്തമാക്കി.
"ചെറുകിട സമ്പാദ്യ പദ്ധതികളുടെ നിലവിലുള്ള പലിശനിരക്ക് ഫോർമുല അടിസ്ഥാനമാക്കിയുള്ള നിരക്കുകളാക്കി മാറ്റാൻ 2022-23 ലെ ഒന്നാം പാദത്തിൽ പലിശ നിരക്ക് 9 മുതൽ 118 ബേസിസ് പോയിന്റ് വരെ കുറയ്ക്കേണ്ടതുണ്ട്" റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറഞ്ഞു.
രണ്ട് വർഷത്തിലേറെയായി ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മാറ്റമില്ലാതെ ധനമന്ത്രാലയം നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം, കേന്ദ്രം ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ കുറച്ചെങ്കിലും പിന്നീട് അത് പഴയപടിയാക്കി. പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിൽ മധ്യവർഗത്തിന് ആശ്വാസം നൽകുന്നതിന് വേണ്ടിയായിരുന്നു ഇത്.
നിലവിലെ നിരക്ക് അനുസരിച്ച്, പിപിഎഫിന് 7.1 ശതമാനം പലിശ ലഭിക്കും. എൻഎസ്സി അല്ലെങ്കിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് 6.8 ശതമാനമാണ്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അല്ലെങ്കിൽ എംഐഎസിന്റെ പലിശ നിരക്ക് 6.6 ശതമാനമാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപമായ 5 വർഷത്തെ ടേം ഡിപ്പോസിറ്റിന് 6.7 ശതമാനം പലിശയും 5 വർഷത്തെ റിക്കറിംഗ് ഡിപ്പോസിറ്റിന് 5.8 ശതമാനം പലിശയും ലഭിക്കും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) നിക്ഷേപങ്ങളുടെ നിരക്ക് കേന്ദ്ര സർക്കാർ അടുത്തിടെ കുറച്ചിരുന്നു. ഇപിഎഫ്ഒ നിരക്ക് 8.5 ശതമാനത്തിൽ നിന്ന് 8.1 ശതമാനമായാണ് കുറച്ചത്.
Summary: The Centre may cut down interest rates for small scale investment schemes starting from the first quarter of Juneഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.