HOME /NEWS /Money / ഭവനവായ്പയുടെ തിരിച്ചടവിന് പിഎഫ് തുക പിൻവലിക്കണോ? പിഎഫ് തുക പിൻവലിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും

ഭവനവായ്പയുടെ തിരിച്ചടവിന് പിഎഫ് തുക പിൻവലിക്കണോ? പിഎഫ് തുക പിൻവലിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും

housing loan

housing loan

ഒരു വീട് വാങ്ങാനോ നിർമിക്കാനോ, അല്ലെങ്കിൽ വീടിന് വേണ്ടി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ വേണ്ടിയോ ഇ പി എഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ വ്യവസ്ഥയുണ്ട്

  • Share this:

    ഒരു വീട് വാങ്ങുന്നതിന് മുമ്പ് ആവശ്യമായ പണം കൈയിലുണ്ടെന്ന് വാങ്ങുന്നവർ ഉറപ്പു വരുത്തേണ്ടതുണ്ട്. വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അത് ഒരു ദീർഘകാല ബാധ്യത ആയതിനാൽ തിരിച്ചടവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദമായി ആലോചിച്ചതിന് ശേഷം വേണം ഒരു തീരുമാനം കൈക്കൊള്ളാൻ. ഇതല്ലാതെ മറ്റൊരു മാർഗം പ്രൊവിഡന്റ് ഫണ്ടിലെ നീക്കിയിരുപ്പിൽ നിന്ന് പണം പിൻവലിക്കുക എന്നതാണ്. ഒരു വീട് വാങ്ങാനോ നിർമിക്കാനോ, അല്ലെങ്കിൽ വീടിന് വേണ്ടി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ വേണ്ടിയോ ഇ പി എഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ വ്യവസ്ഥയുണ്ട്.

    വീട് വാങ്ങൽ

    1952-ലെ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട്സ് സ്‌കീമിലെ വകുപ്പ് 68 ബി പ്രകാരം, നിബന്ധനകൾക്ക് വിധേയമായി ഒരു വീട് വാങ്ങാനോ അല്ലെങ്കിൽ കൈവശമുള്ള ഭൂമിയിൽ വീട് നിർമിക്കാനോ വേണ്ടി ഒരു ജീവനക്കാരന് ഇ പി എഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും. ഒരു വീട് നിർമിക്കുന്നതിന് വേണ്ടി ഭൂമി വാങ്ങാനാണെങ്കിൽ, പിൻവലിക്കാൻ കഴിയുന്ന തുക ഈ വിധത്തിൽ പരിമിതപ്പെടും: ജീവനക്കാരന്റെ 24 മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും (ഡി എ) അല്ലെങ്കിൽ വസ്തുവിന്റെ യഥാർത്ഥ വില. വീട് നിർമിക്കാനോ അല്ലെങ്കിൽ പണി കഴിഞ്ഞ വീട് വാങ്ങാനോ ആണെങ്കിൽ മേൽസൂചിപ്പിച്ച 24 മാസത്തിന് പകരം 36 മാസം വരെയുള്ള അടിസ്ഥാന ശമ്പളം കണക്കാക്കപ്പെടും. എന്നാൽ, ഇ പി എഫ് അക്കൗണ്ടിലെ ആകെ തുകയുടെ 90 ശതമാനം വരെ മാത്രമേ ഈ ആവശ്യങ്ങൾക്കായി പിൻവലിക്കാൻ കഴിയൂ എന്ന നിബന്ധനയുണ്ട്. അതു കൂടാതെ, അഞ്ച് വർഷത്തെ സർവീസ് പൂർത്തിയാക്കിയ ജീവനക്കാർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

    Also Read- മരണമടഞ്ഞ വ്യക്തിയുടെ ഇൻഷൂറൻസ് തുക ലഭിക്കാൻ കുടുംബാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ

    വീട് നിലനിൽക്കുന്ന ഭൂമി, നിക്ഷേപം നടത്തുന്ന പ്രസ്തുത ജീവനക്കാരന്റെയോ അല്ലെങ്കിൽ അയാളുടെ പങ്കാളിയുടെയോ അതുമല്ലെങ്കിൽ രണ്ടു പേരുടെയും പേരിൽ സംയുക്തമായ ഉടമസ്ഥതയിലോ ആയിരിക്കണം എന്ന വ്യവസ്ഥ കൂടിയുണ്ട്. ഘട്ടം ഘട്ടമായി ഈ ആനുകൂല്യം ഉപയോഗിച്ച് പണം പിൻവലിക്കാൻ കഴിയും. ആദ്യ ഗഡു പിൻവലിച്ച് ആറു മാസത്തിനുള്ളിൽ വീട് നിർമാണം ആരംഭിക്കണം എന്നും അവസാനത്തെ ഗഡു പിൻവലിച്ചതിന് ശേഷം 12 മാസത്തിനുള്ളിൽ പണി പൂർത്തിയാകണമെന്നും വ്യവസ്ഥകളിൽ നിഷ്കർഷിക്കുന്നുണ്ട്. വീട് വാങ്ങുകയാണെങ്കിൽ പി എഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് ആറ് മാസത്തിനുള്ളിൽ വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കണം.

    സഹകരണ സംഘത്തിലെ അംഗം വീട് നിർമിക്കുകയാണെങ്കിൽ

    ഇ പി എഫ് സ്‌കീമിലെ വകുപ്പ് 68 ബി പ്രകാരം, ഒരു സഹകരണ സംഘത്തിലെയോ രജിസ്റ്റർ ചെയ്ത ഹൗസിങ് സൊസൈറ്റിയിലെയോ അംഗത്തിന് (സൊസൈറ്റിയിൽ കുറഞ്ഞത് 10 അംഗങ്ങൾ ഉണ്ടാകണം) വീട് വാങ്ങാനോ വീട് നിർമിക്കാനോ വേണ്ടി പി എഫിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, ഒരു നോട്ടിഫൈഡ് ഹൗസിങ് ഏജൻസി എന്നിവരിൽ നിന്ന് വീട് നിർമിക്കുന്നതിന് വേണ്ടി ഭൂമി വാങ്ങുന്നതിനായും ഈ പണം പിൻവലിക്കാൻ കഴിയും. ഇ പി എഫ് ബാലൻസ് തുകയുടെ 90 ശതമാനമോ അല്ലെങ്കിൽ ഭൂമിയുടെ യഥാർത്ഥ വിലയായോ അത്തരത്തിൽ പിൻവലിക്കാവുന്ന തുക പരിമിതപ്പെടുത്തിയിരിക്കുന്നു.

    ഇ പി എഫ് അംഗം എന്ന നിലയിൽ ഈ ജീവനക്കാരൻ അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കണം. പോരാത്തതിന്, ഈ അംഗത്തിന് വ്യക്തിഗതമായോ അല്ലെങ്കിൽ പങ്കാളിയുടെ ഫണ്ടും കൂടി ചേർന്ന് സംയുക്തമായോ ഉള്ള ഫണ്ട് തുകയുടെ മേലുള്ള പലിശയോട് കൂടിയ സംഭാവനകളുടെ വിഹിതം 20,000 രൂപയിൽ കുറയാൻ പാടില്ല എന്നൊരു നിബന്ധന കൂടി പാലിച്ചെങ്കിലേ പി എഫ് തുക പിൻവലിക്കാൻ യോഗ്യത നേടുകയുള്ളൂ.

    ഭവനവായ്പയുടെ തിരിച്ചടവ്

    ജീവനക്കാരന്റെയോ പങ്കാളിയുടെയോ പേരിലുള്ള ഭവനവായ്പയുടെ തിരിച്ചടവിന് വേണ്ടി ഇ പി എഫ് തുക പിൻവലിക്കാം എന്ന വ്യവസ്ഥ ഇ പി എഫ് സ്‌കീമിന്റെ വകുപ്പ് 68 ബി-യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, വീടിന് വേണ്ടി കടമെടുത്ത തുക തിരിച്ചടയ്ക്കാൻ ജീവനക്കാരന് പി എഫ് തുക വിനിയോഗിക്കാൻ കഴിയും. എന്നാൽ, സംസ്ഥാന സർക്കാർ, രജിസ്റ്റർ ചെയ്തിട്ടുള്ള സഹകരണ സംഘം, സംസ്ഥാന ഹൗസിങ് ബോർഡ്, ദേശസാൽകൃത ബാങ്കുകൾ, പൊതു ധനകാര്യ സ്ഥാപനങ്ങൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയ്ക്ക് സമാനമായ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള ഭവനവായ്പയുടെ തിരിച്ചടവിന് മാത്രമേ പി എഫ് തുക ഉപയോഗിക്കാൻ കഴിയൂ. ജീവനക്കാരന്റെ 36 മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേരുന്ന തുകയായി അത് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ജീവനക്കാരൻ പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം.

    പി എഫിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും

    വീട് വാങ്ങുന്നതിലൂടെയോ നിർമിക്കുന്നതിലൂടെയോ ദീർഘകാല സുരക്ഷ ഉറപ്പു വരുത്താൻ നിക്ഷേപകർക്ക് കഴിയും. മാത്രവുമല്ല, വസ്തുവിന്റെ വിലയിലുണ്ടാകുന്ന വർധനവിന്റെ നിരക്ക് ഇ പി എഫിലെ റിട്ടേൺസിന്റെ നിരക്കിനേക്കാൾ കൂടുതലാണെങ്കിൽ വീട് സ്വന്തമാക്കുക എന്നത് മികച്ച ഒരു ധനകാര്യ തീരുമാനമായിരിക്കും. എന്നാൽ, സ്ഥിര നിക്ഷേപമോ പബ്ലിക് പ്രൊവിഡന്റ് ഫണ്ടോ പോലെയുള്ള നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ഇ പി എഫ് റിട്ടേൺസിന്റെ നിരക്ക് (നിലവിൽ 8.5%) കൂടുതലാണെങ്കിൽ മറ്റു മാർഗങ്ങളിലൂടെ പണം സ്വരൂപിക്കുന്നതാകും നല്ലത്.

    നിഗമനം

    നിലവിൽ ലഭ്യമായ ഭവനവായ്പാ നിരക്കുകളെ അപേക്ഷിച്ച് പലിശ മുഖാന്തിരമുള്ള പി എഫ് വിഹിതം ഗണ്യമായി കൂടുതലായതിനാൽ, മറ്റു ധന സ്രോതസുകളുടെ ലഭ്യതയെ സംബന്ധിച്ച വിശദമായ പരിശോധനയ്‌ക്കൊടുവിൽ അവസാനത്തെ ആശ്രയമായി മാത്രം പി എഫിനെ കാണുന്നതാകും ഉചിതം.

    First published:

    Tags: EPF, Housing Loan, PF