ജീവനക്കാർ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതിയെന്ന പരീക്ഷണവുമായി യുകെയിലെ (UK) കമ്പനികൾ. വിവിധ സെക്ടറുകളിലായുള്ള 70 കമ്പനികളിലെ ആയിരക്കണക്കിന് ജീവനക്കാരാണ് പദ്ധതിയുടെ ഭാഗമാവുന്നത്. നാല് ദിവസം ജോലി ചെയ്യുന്നവർക്ക് മാസത്തെ മുഴുവൻ ശമ്പളവും നൽകും. ആറ് മാസത്തേക്കാണ് ഈ പരീക്ഷണം. ഡിസംബറോടെ ഇതിൻെറ ഫലം എന്തെന്ന് പരിശോധിക്കും. അക്കാദമിക് സമൂഹത്തിലെ ഗവേഷകരുടെ കൂടി മേൽനോട്ടത്തിലാണ് ഈ പൈലറ്റ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെയും അമേരിക്കയിലെ ബോസ്റ്റൺ കോളേജിലെയും വിദഗ്ദർ വിശദമായി പഠനം നടത്തും.
“യുകെയിലെ 30 സെക്ടറുകളിലായി 3300 ജീവനക്കാരാണ് പുതിയ പരീക്ഷണത്തിൻെറ ഭാഗമാകുന്നത്. ഇവർക്ക് 80 ശതമാനം വരെ സമയം ജോലി ചെയ്താൽ 100 ശതമാനം ശമ്പളവും ലഭിക്കും. ആത്മാർഥതയോടെ ജോലി ചെയ്ത് 100 ശതമാനം പ്രൊഡക്ടിവിറ്റിയാണ് ജീവനക്കാരിൽ നിന്ന് തിരികെ പ്രതീക്ഷിക്കുന്നത്” പൈലറ്റ് പദ്ധതി അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പ്രൊഡക്ടിവിറ്റി എന്താണെന്ന കാര്യത്തിൽ ഓരോ ബിസിനസ് സ്ഥാപനത്തിനും വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉണ്ടാവുക. ചിലർക്ക് വരുമാനമായിരിക്കും നിർണായകമാവുക. ചിലയിടങ്ങളിൽ എത്ര യൂണിറ്റ് ഉൽപ്പാദനം നടന്നു എന്നതായിരിക്കും. എന്നാൽ മറ്റ് ചിലർക്ക് എത്ര പുതിയ ഉപഭോക്താക്കളെ ലഭിച്ചു എന്നതായിരിക്കും വിഷയം. എന്ത് തന്നെയായാലും ഓരോ സ്ഥാപനവും നേരത്തെ തന്നെ തങ്ങളുടെ ലക്ഷ്യം എത്രയെന്ന് കൃത്യമായി മുൻകൂട്ടി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
Also Read-Tax Saving FD | ടാക്സ് സേവിങ് സ്ഥിരനിക്ഷേപം: ഉയര്‍ന്ന പലിശ നല്കുന്ന 10 ബാങ്കുകള്‍ ഇതാ
“ആഴ്ചയിൽ നാല് ദിവസം ജോലിയെന്നത് പ്രധാനമായും മൂന്ന് വിഭാഗങ്ങൾക്ക് ഗുണകരമാവും എന്ന ഉദ്ദേശത്തോടെയാണ് നടപ്പിലാക്കുന്നത്. ഒന്നാമത്തേത് ജീവനക്കാരും രണ്ടാമത്തേത് കമ്പനിയും മൂന്നാമത്തേത് കാലാവസ്ഥയുമാണ്. ഈ മൂന്ന് ഘടകങ്ങളും മനസ്സിൽ വെച്ചാണ് ഗവേഷണം നടക്കുന്നത്,” ബോസ്റ്റൺ കോളേജിലെ സോഷ്യോളജി പ്രൊഫസറും പ്രധാന ഗവേഷകനുമായ ജൂലിയറ്റ് സ്കോർ വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
നിരവധി ജോലിസ്ഥലങ്ങളിൽ ഈ പരീക്ഷണം നടക്കുന്നുണ്ട്. പ്രധാനമായും വൈറ്റ് കോളർ ജീവനക്കാരാണ് പദ്ധതിയുടെ ഭാഗമാവുന്നത്. കൂടുതൽ സമയം ജോലി ചെയ്യുകയെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സമ്പ്രദായത്തിന് മാറ്റം വരേണ്ടിയിരിക്കുന്നുവെന്നും അവർ പറഞ്ഞു. ലോകത്തെ 150 കമ്പനികൾ പൈലറ്റ് പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. അമേരിക്ക, കാനഡ, യുകെ, അയർലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 7000ത്തിലധികം ജീവനക്കാരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏപ്രിലിൽ ഗാർട്നർ നടത്തിയ പഠനത്തിൽ ലോകത്തെ പ്രധാന കമ്പനികൾക്ക് നേതൃത്വം നൽകുന്നവരിൽ 6 ശതമാനം പേർ മാത്രമാണ് ആഴ്ചയിൽ നാല് ദിവസം ജോലിയെ പിന്തുണച്ചത്. സിസ്കോ, യൂണിലിവർ തുടങ്ങിയ കമ്പനികളിൽ പരീക്ഷണം നടന്നിട്ടുണ്ട്. ഓരോ ദിവസവും 10 മണിക്കൂർ ജോലി ചെയ്യണമെന്ന അടിസ്ഥാനത്തിലും വെള്ളിയാഴ്ച അവധി അനുവദിച്ചുമാണ് ഈ കമ്പനികളിൽ പരീക്ഷണം നടത്തിയത്. ബെൽജിയം, ഐസ്ലൻറ്, സ്കോട്ട്ലൻറ് ആൻറ് വെയിൽസ്, സ്വീഡൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും ആഴ്ചയിൽ നാല് ദിവസം ജോലിയെന്ന പരീക്ഷണത്തിന് നേരത്തെ തന്നെ തുടക്കമിട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.