ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ 90ാമത്തെ ബജറ്റാണ് ജൂലൈ അഞ്ചിന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ 26 ധനമന്ത്രിമാർ 89 ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. ധനമന്ത്രിമാരുടെ പട്ടിക ആര് കെ ഷൺമുഖം ചെട്ടി മുതൽ നിർമല സീതാരാമൻ വരെ നീളുന്നു.
മൊറാർജി ദേശായി: ജവഹർലാൽ നെഹ്റുവിന്റെ ഗവണ്മെന്റിൽ ധനമന്ത്രിയായിരുന്നു മൊറാർജി ദേശായി 1954 മുതൽ 1964 വരെ പത്ത് ബജറ്റുകളാണ് അവതരിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണ് മൊറാർജി ദേശായി.
പി ചിദംബരം: 1996ൽ ആദ്യമായി ധനമന്ത്രിയായ പി ചിദംബരം ആകെ 9 ബജറ്റുകൾ അവതരിപ്പിച്ചു.
പ്രണബ് കുമാർ മുഖർജി: ഇന്ദിരാഗാന്ധി ഗവൺമെന്റിൽ ധനമന്ത്രിയായിരുന്ന പ്രണബ് കുമാർ മുഖർജി എട്ട് ബജറ്റുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
യശ്വന്ത് റാവു ചൗഹാൻ: 1971 മുതൽ 1975 വരെ ഇന്ദിരാഗാന്ധി സർക്കാരിൽ ധനമന്ത്രിയായിരുന്നു യശ്വന്ത് റാവു ചൗഹാൻ. ഏഴ് ബജറ്റുകൾ അവതരിപ്പിച്ചു.
സി ഡി ദേശ്മുഖ്: 1951 തെരഞ്ഞെടുപ്പ് കാലത്ത് ബജറ്റ് അവതരിപ്പിച്ച സി ഡി ദേശ്മുഖ് തന്റെ കാലയളവിൽ ഏഴ് ബജറ്റുകൾ അവതരിപ്പിച്ചു.
മൻമോഹൻ സിംഗ്: 1991ൽ പി വി നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ്. അതിന് മുൻപ് റിസർവ് ബാങ്ക് ഗവർണറായിരുന്നു. 91 മുതൽ 97 വരെയുള്ള കാലയളവിൽ ഏഴ് ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്.
ടി ടി കൃഷ്ണമാചാരി: രണ്ടുതവണ ധനമന്ത്രിയായിരുന്ന ടി ടി കൃഷ്ണമാചാരി ആറ് ബജറ്റുകളാണ് അവതരിപ്പിച്ചത്. 1957- 58ലും 1964-66ലുമാണ് അദ്ദേഹം ധനമന്ത്രിയായിരുന്നത്. രണ്ട് തവണ ധനമന്ത്രിയായ ആദ്യ വ്യക്തിയും ടിടി കൃഷ്ണമാചാരിയാണ്.
ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, വെങ്കട്ടരാമൻ, എച്ച് എം പട്ടേൽ, ജസ്വന്ത് സിംഗ്, വി പി സിംഗ്, സി സുബ്രഹ്മണ്യം, ജോൺ മത്തായി, ആർ കെ ഷൺമുഖം ചെട്ടി, ലിയാഖത്ത് അലിഖാൻ, കെ സി നിയോഗി, ജോൺ മത്തായി, സചീന്ദ്ര ചൗധരി, ചൗധരി ചരൺ സിംഗ്, ആർ വെങ്കട്ടരാമൻ, എൻഡി തിവാരി, വി പി സിംഗ്, മധു ദന്തവതെ എന്നിവരും ധനമന്ത്രിമാരായിരുന്നു. ഫെബ്രുവരിയിൽ ധനമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന പിയൂഷ് ഗോയലായിരുന്നു ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.