ന്യൂഡൽഹി: ബജറ്റ് അവതരണ ദിവസം ധനമന്ത്രിമാരായാരിക്കും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം. ബജറ്റ് അവതരിപ്പിക്കാനായി വസതിയിൽ നിന്ന് പുറപ്പെടുന്ന ധനമന്ത്രിയുടെ ചിത്രങ്ങൾ മാധ്യമപ്രവർത്തകർ കൗതുകത്തോടെ ക്യാമറയിൽ ഒപ്പിയെടുക്കാറുമുണ്ട്. ബജറ്റ് രേഖകൾ അടങ്ങിയ ബ്രീഫ്കേസ് മുതൽ ധനമന്ത്രി അണിയുന്ന വസ്ത്രം വരെ ശ്രദ്ധിക്കപ്പെടും.
പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും പിൻബലമുള്ള ബജറ്റ് പെട്ടി ഇല്ലാതെയാണ് ധനമന്ത്രി നിർമലസീതാരാമൻ ബജറ്റ് അവതരണത്തിന് എത്തിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനമന്ത്രി മുതൽ ഇന്നോളമുള്ള എല്ലാ ധനമന്ത്രിമാരും ബജറ്റ് പെട്ടി നെഞ്ചോട് ചേർത്ത് പാർലമെന്റ് കവാടത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ആ പതിവും നിർമല തിരുത്തി.
ബജറ്റ് അവതരിപ്പിക്കാനെത്തുന്ന ധനമന്ത്രിമാർ കൈയിൽ ബജറ്റ് രേഖകൾ അടങ്ങുന്ന തുകൽ പെട്ടി കരുതുന്നത് പതിവാണ്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ചരിത്രമാണ് ഈ പെട്ടിക്ക് പിന്നിലുള്ളത്. ഫ്രഞ്ച് വാക്കായ ബഗറ്റിൽ നിന്നാണ് ബജറ്റ് എന്ന വാക്കുണ്ടായത്. ബഗറ്റിന്റെ അർത്ഥം തുകൽ ബാഗ് എന്നാണ്. അതുകൊണ്ടാകാം വർഷങ്ങളായി ഇന്ത്യയിലെയും ബ്രിട്ടനിലെയും ധനമന്ത്രിമാർ ബജറ്റ് അവതരിപ്പിക്കാനെത്തുമ്പോൾ ബാഗ് കൈയിൽ കരുതുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
1860ൽ ബ്രിട്ടന്റെ ധനകാര്യ വകുപ്പ് തലവനായിരുന്ന വില്യം എവാർട്ട് ഗ്ലാഡ്സ്റ്റോൺ ആണ് ചുവന്ന തുകൽ പെട്ടിയുമായായി ബജറ്റ് അവതരിപ്പിക്കാൻ എത്തിയിരുന്നത്. ബ്രിട്ടന് പിന്നാലെ ബ്രിട്ടന്റെ അധീനതയിലായിരുന്ന ഇന്ത്യയും ഈ സംസ്കാരം അനുകരിക്കാൻ തുടങ്ങി. ഇന്ത്യയുടെ ആദ്യത്തെ ധനമന്ത്രിയായിരുന്ന ആർ കെ ഷൺമുഖ ചെട്ടിയും ലെതർ പെട്ടിയുമായാണ് ബജറ്റ് അവതരിപ്പിക്കാൻ എത്തിയത്.
1970കളില്‍ യശ്വന്ത് റാവു ചവാനും ഇന്ദിര ഗാന്ധിയും മാറ്റങ്ങള്‍ വരുത്തിയ പ്രത്യേക സ്ട്രാപ്പും ബക്കിളുമുണ്ടായിരുന്ന ബജറ്റ് പെട്ടിയാണ് ഉപയോഗിച്ചത്. ധനമന്ത്രി തന്നെയാണ് ബജറ്റ് പെട്ടികള്‍ തെരഞ്ഞെടുക്കുന്നത്. മന്ത്രാലയം നിര്‍ദേശിക്കുന്ന നിറങ്ങളില്‍ നിന്ന് മന്ത്രി ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുകയാണ് രീതി. ബജറ്റ് ബ്രീഫ്കേസ് നെഞ്ചോട് ചേര്‍ത്തുവെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ പാര്‍ലമെന്റിന്റെ പടികള്‍ ഒരു ധനമന്ത്രിയും ഇതുവരെ കയറിയിട്ടില്ലെന്ന ചരിത്രത്തിനാണ് ഇന്ന് തിരശ്ശീല വീണത്.
രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ പുറപ്പെട്ടത് പതിവ് ബ്രീഫ്കേസില്ലാതെ. ചുവന്ന തുണിയിൽ പൊതിഞ്ഞാണ് ബജറ്റ് രേഖകൾ ധനമന്ത്രി കൊണ്ടുപോയത്. തുണിക്ക് പുറത്ത് ദേശീയചിഹ്നവും പതിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.