• HOME
  • »
  • NEWS
  • »
  • money
  • »
  • Budget 2022 | 2022ലെ കേന്ദ്ര ബജറ്റിൽ ശമ്പളക്കാരായ നികുതിദായക‍ർ പ്രതീക്ഷിക്കുന്ന ആദായ നികുതി ഇളവുകളും ആനുകൂല്യങ്ങളും

Budget 2022 | 2022ലെ കേന്ദ്ര ബജറ്റിൽ ശമ്പളക്കാരായ നികുതിദായക‍ർ പ്രതീക്ഷിക്കുന്ന ആദായ നികുതി ഇളവുകളും ആനുകൂല്യങ്ങളും

വീണ്ടും കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ സർക്കാർ ബജറ്റിൽ കൂടുതൽ ഇളവുകളും കിഴിവുകളും നൽകുമെന്നാണ് നികുതിദായകർക്കിടയിൽ ഉയരുന്ന പ്രതീക്ഷകൾ

  • Share this:
    2022ലെ ബജറ്റ് (Budget 2022) അവതരണത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. രാജ്യത്ത് അടുത്തിടെ വീണ്ടും കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ സർക്കാർ ബജറ്റിൽ കൂടുതൽ ഇളവുകളും കിഴിവുകളും നൽകുമെന്നാണ് നികുതിദായകർക്കിടയിൽ (Taxpayers) ഉയരുന്ന പ്രതീക്ഷകൾ. ഇത്തരത്തിൽ നികുതിദായകർ പ്രതീക്ഷിക്കുന്ന ചില ഇളവുകളും ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

    ആദായ നികുതി (Income Tax) നിരക്കുകളിൽ കുറവ്
    നിലവിൽ ഒരു വ്യക്തി നൽകേണ്ട ഏറ്റവും ഉയർന്ന നികുതി (Tax) നിരക്ക് 30 ശതമാനമാണ്. കൂടാതെ, സർചാർജും വിദ്യാഭ്യാസ സെസും കൂടി നൽകേണ്ടി വരുമ്പോൾ നികുതി നിരക്ക് 42.744 ശതമാനം വരെ ഉയർന്നേക്കാം. ആഭ്യന്തര കമ്പനികൾക്ക് ബാധകമായ നികുതി നിരക്ക് 25 ശതമാനം മാത്രമാണ്. കൂടാതെ ബാധകമായ സർചാർജും വിദ്യാഭ്യാസ സെസും ഇതിനൊപ്പവുമുണ്ടാകും.

    ഇതനുസരിച്ച്, 10 ലക്ഷം രൂപയിലും 15 ലക്ഷം രൂപയിലും കൂടുതൽ വരുമാനവുമുള്ള വ്യക്തികളുടെ നികുതി നിരക്ക് 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയുന്നത് നികുതിദായകർക്ക് സന്തോഷമുള്ള കാര്യമായിരിക്കും.

    വിവിധ കിഴിവ്, ഇളവ് പരിധികളിലെ വർദ്ധനവ്
    ജീവിതച്ചെലവ് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ ട്യൂഷൻ ഫീസ്, ചികിത്സാ ചെലവുകൾ, വാടക ചെലവുകൾ തുടങ്ങിയവയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിപ്പറയുന്ന ഭേദഗതികൾ ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്ക് ലഭ്യമായ വരുമാനം വർദ്ധിപ്പിക്കുകയും നിക്ഷേപങ്ങൾ നടത്തുന്നതിന് അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യും:

    ആദായനികുതി നിയമം സെക്ഷൻ 80C പ്രകാരം ലഭ്യമായ കിഴിവിന്റെ പരിധി 250,000 രൂപയായി (150,000 രൂപയിൽ നിന്ന്) വർദ്ധിപ്പിക്കുക എന്നതും പ്രധാന ബജറ്റ് പ്രതീക്ഷയാണ്.

    ഭവന വായ്പ (home loan) കിഴിവ് പരിധി 200,000 രൂപയിൽ നിന്ന് 250,000 രൂപയായി വർദ്ധിപ്പിക്കുക.

    മഹാമാരിയെ തുട‍‍ർന്നുള്ള ഈ പ്രയാസകരമായ സമയങ്ങളിൽ വസ്തുവകകൾ വാ‍ടകയ്ക്ക് കൊടുത്ത പ്രോപ്പർട്ടി ഉടമകളെ പിന്തുണയ്ക്കുന്നതിന്, നിലവിലെ 30 ശതമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40 ശതമാനമായി ഉയർത്താനും ശുപാർശ ചെയ്യുന്നു.

    മെഡിക്കൽ സ്കീമുകളിൽ ഉയർന്ന പങ്കാളിത്തം ഉറപ്പാക്കാൻ സെക്ഷൻ 80D കിഴിവ് പരിധി 25,000 രൂപയിൽ നിന്ന് 50,000 രൂപയായും മുതിർന്ന പൗരന്മാർക്ക് 50,000 രൂപയിൽ നിന്ന് 75,000 രൂപയായും വർധിപ്പിക്കുന്നതും പരിഗണിക്കാം.

    സെക്ഷൻ 80TTA പ്രകാരം സേവിംഗ്സ് ബാങ്ക് പലിശകൾക്ക് ലഭിക്കുന്ന ഇളവ് എഫ്ഡി ബാങ്ക് പലിശ, പോസ്റ്റ് ഓഫീസ് സ്കീമുകൾ, പൊതുവിഭാഗത്തിനായുള്ള മറ്റ് സ്കീമുകൾ എന്നിവയ്ക്കും ബാധകമാക്കുകയും പരിധി 10,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്തുകയും ചെയ്യുക.

    നിലവിൽ, കേന്ദ്ര ഗവൺമെന്റ് (CG) സംഭാവന ചെയ്യുന്ന ശമ്പളത്തിന്റെ 14 ശതമാനവും മറ്റ് തൊഴിലുടമകൾ സംഭാവന നൽകുന്ന ശമ്പളത്തിന്റെ 10 ശതമാനവും സെക്ഷൻ 80CCD(2) പ്രകാരം കിഴിവിന് അ‍‍ർഹമാണ്. കേന്ദ്ര സ‍ർക്കാരും മറ്റ് തൊഴിലുടമകളും ജീവനക്കാർക്കിടയിൽ അനുവദിച്ചിട്ടുള്ള കിഴിവിൽ തുല്യത കൊണ്ടുവരാൻ, എല്ലാ ജീവനക്കാർക്കും ശമ്പളത്തിന്റെ 15 ശതമാനം കിഴിവ് അനുവദിക്കണമെന്നതും നികുതിദായകരുടെ ബജറ്റ് പ്രതീക്ഷകളിൽ ചിലതാണ്.

    വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് നികുതി ഇളവ്
    പല ജീവനക്കാരും ഇപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ, അവർക്ക് ഇന്റർനെറ്റ് ചാർജുകൾ, വാടക, വൈദ്യുതി, ഫർണിച്ചർ തുടങ്ങിയ കാര്യത്തിൽ അധിക ചിലവുകൾ ഉണ്ടാകുന്നുണ്ട്. അതിനാൽ പല തൊഴിലുടമകളും ഈ ചെലവുകൾ നിറവേറ്റുന്നതിന് റീഇംബേഴ്സ്മെന്റുകൾ അല്ലെങ്കിൽ അലവൻസുകൾ നൽകുന്നുണ്ട്.

    50,000 രൂപയുടെ ‘വർക്ക് ഫ്രം ഹോം’ അലവൻസിന് അധിക നികുതി ഇളവ് നൽകിയാൽ അത് ജീവനക്കാർക്ക് സന്തോഷകരമാകുന്ന തീരുമാനമായിരിക്കും.

    നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടൽ
    നേരത്തെ പുതുക്കിയ റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഒരു നികുതി വർഷാവസാനം മുതൽ 12 മാസത്തിനുള്ളിലായിരുന്നു, അത് ഇപ്പോൾ 3 മാസമായി കുറച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 2021-22 സാമ്പത്തിക വർഷത്തിലെ പുതുക്കിയ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന്, നേരത്തെ അവസാന തീയതി 2023 മാർച്ച് 31 ആയിരുന്നെങ്കിൽ, ഇപ്പോൾ അത് 2022 ഡിസംബർ 31 ആയിരിക്കും.

    വിദേശ നികുതി റിട്ടേണുകളെ അടിസ്ഥാനമാക്കി വിദേശ രാജ്യങ്ങളിൽ അടച്ച നികുതികൾക്ക് ക്രെഡിറ്റ് ക്ലെയിം ചെയ്യുന്ന ചില വ്യക്തികളുണ്ട്. ഈ നികുതിദായകർക്ക് 2022ലെ കലണ്ടർ വർഷം വിദേശ നികുതി റിട്ടേണുകൾ നേടാൻ സാധിക്കില്ല. ഇത് 2022 കലണ്ടർ വർഷം വിദേശത്ത് അടച്ച നികുതികളുടെ ക്രെഡിറ്റ് കൃത്യമായി കണക്കാക്കുന്നതിനും ക്ലെയിം ചെയ്യുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കും.

    അതുകൊണ്ട് തന്നെ പുതുക്കിയ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്ത്യയിലെ നികുതി വർഷാവസാനം മുതൽ 12 മാസം വരെയായി നീട്ടണമെന്നതും പ്രധാന ആവശ്യമാണ്.

    ജീവനക്കാരുടെ പിഎഫ് സംഭാവനകളുടെ പലിശയ്ക്ക് മേലുള്ള നികുതി

    2021ലെ ബജറ്റിൽ, പ്രൊവിഡന്റ് ഫണ്ടിലേക്ക് (PF) ഒരു ജീവനക്കാരന്റെ 250,000 രൂപയിൽ കൂടുതലുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശ, നികുതി വിധേയമായി പരിഗണിക്കുന്നതിനുള്ള ഒരു വ്യവസ്ഥ അവതരിപ്പിച്ചിരുന്നു. പ്രസ്തുത പരിധി 250,000 രൂപയിൽ നിന്ന് 500,000 രൂപയായി ഉയ‍ർത്തണമെന്നതാണ് ഉയ‍ർന്നു വരുന്ന മറ്റൊരു ആവശ്യം.

    കൂടാതെ, ജീവനക്കാരുടെ പിഎഫ് സംഭാവനകളുടെ പലിശ അക്രൂവൽ ഘട്ടത്തിലോ പിൻവലിക്കൽ ഘട്ടത്തിലോ നികുതിയായി കണക്കാക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വ്യവസ്ഥയും ആവശ്യമാണ്.

    മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ 2022ലെ ബജറ്റിൽ നടപ്പിലാക്കുകയാണെങ്കിൽ, അത് നികുതിദായകർക്ക് കൂടുതൽ ആശ്വാസമാകും.
    Published by:Karthika M
    First published: