രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ആയിരുന്നു കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. പുതിയ നികുതി വ്യവസ്ഥയിലെ ഇളവുകളും ആദായനികുതി സ്ലാബിലെ മാറ്റങ്ങളുമടക്കം പല സുപ്രധാന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായിരുന്നു. നിലവിലുള്ള ചില സേവിംഗ്സ് സ്കീമുകളിലും നിർണായകമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ, സ്ത്രീകൾക്കായി മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് എന്ന പുതിയ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.
എന്താണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്?
കേന്ദ്ര സർക്കാരിന്റെ പുതിയ ചെറുകിട സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. 2025 മാർച്ച് വരെയുള്ള രണ്ട് വർഷത്തേക്കാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്.
മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക്
2 വർഷത്തേക്ക് 7.5% സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയാണ്. 2 വർഷത്തേക്ക് സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ”ഈ പദ്ധതിയിൽ നിന്നുമുള്ള റിട്ടേൺ ബാങ്ക് എഫ്‌ഡികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതലാണ്. ഭാഗികമായി പിൻവലിച്ചാലും അത് നിക്ഷേപകരെ ബാധിക്കുന്നില്ല”, Bankbazaar.com ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആദിൽ ഷെട്ടി മണികൺട്രോളിനോട് പറഞ്ഞു.
മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റും സുകന്യ സമൃദ്ധി യോജനയും തമ്മിലുള്ള വ്യത്യാസം എന്തൊക്കെ?
സുകന്യ സമൃദ്ധി സ്കീം പെൺകുട്ടികൾക്കു വേണ്ടി മാത്രമുള്ള ഒരു ചെറിയ നിക്ഷേപ പദ്ധതിയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ നൽകുക, വിവാഹ ചെലവുകൾ നിറവേറ്റുക എന്നതൊക്കെയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. സുകന്യ സമൃദ്ധി യോജനയുടെ നിലവിലെ പലിശ നിരക്ക് 7.6% ആണ്.
അക്കൗണ്ട് ഉടമകൾ പതിനെട്ട് വയസ് തികഞ്ഞവരോ പത്താം ക്ലാസ് പാസായവരോ ആണെങ്കിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പരമാവധി 50 ശതമാനം വരെ പിൻവലിക്കാവുന്നതാണ്. 10 വയസ് പൂർത്തിയായ പെൺകുട്ടികൾക്ക് അവരുടെ പേരിൽ അക്കൗണ്ട് തുടങ്ങാം. ഒരു സാമ്പത്തിക വർഷം ഒരു അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ആകെ തുക 1,50,000 രൂപയിൽ കൂടാനും പാടില്ല.
സുകന്യ സമൃദ്ധി പദ്ധതിക്ക് സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങളുണ്ട്. അക്കൗണ്ട് തുറന്ന് 21 വർഷത്തിന് ശേഷം അല്ലെങ്കിൽ പെൺകുട്ടിയുടെ വിവാഹത്തിനു ശേഷം (ഏതാണോ ആദ്യം അത് പരിഗണിക്കും) സുകന്യ സമൃദ്ധി യോജനയുടെ കാലാവധി പൂർത്തിയാകും. മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീമിന്റെ നികുതി ഘടന എങ്ങനെയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.