ന്യൂഡല്‍ഹി: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന ഒരു തമാശയാണെന്ന് കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞിരുന്നു. ഈ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മല സീതാരാമന്റെ വിമര്‍ശനം.
പ്രധാനമന്ത്രിയുടെ ആശയം വെറും ഒരു തമാശയാണെന്ന് എങ്ങനെ പറയാന്‍ തോന്നി എന്നാണ് നിര്‍മ്മല സീതാരാമന് ചോദിച്ചത്. ഒപ്പം തെലങ്കാനയുടെ കടം വര്‍ധിക്കുന്നുവെന്നും കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു. 2014ല്‍ തെലങ്കാന സംസ്ഥാനത്തിന്റെ കടം 60000 കോടിയായിരുന്നു. ഇപ്പോള്‍ അത് മൂന്ന് ലക്ഷം കോടി കടന്നിരിക്കുകയാണെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
” 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന ആശയത്തെ ഒരു തമാശയെന്ന് പറയാന്‍ എങ്ങനെ തോന്നി? എല്ലാ സംസ്ഥാനവും ആ ലക്ഷ്യത്തിനായി സംഭാവന ചെയ്യണം. നിങ്ങള്‍ ആരെയാണ് കളിയാക്കുന്നത്, ജനങ്ങളെയാണോ? 2014ല്‍ തെലങ്കാനയുടെ കടം 60000 കോടിയായിരുന്നു. ഇന്ന് അത് മൂന്ന് ലക്ഷം കോടി കഴിഞ്ഞിരിക്കുന്നു,’ നിര്‍മ്മല സീതാരാമന് പറഞ്ഞു.
2014ന് ശേഷം സംസ്ഥാനത്തെ പദ്ധതിയായ ഉപഡി ഹമി പദ്ധതിയ്ക്കായി പ്രധാനമന്ത്രി ചെലവാക്കിയത് വലിയൊരു തുകയാണ്. ആ പദ്ധതി ആവിഷ്കരിച്ചവര്‍ ചെലവാക്കിയതിനെക്കാള്‍ വലിയ തുകയാണ് പ്രധാനമന്ത്രി ചെലവാക്കിയതെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
തെലങ്കാനയിലെ മെഡിക്കല്‍ കോളേജുകളുടെ കൃത്യമായ വിവരം പോലും സംസ്ഥാനത്തെ മുഖ്യമന്ത്രിയ്ക്ക് അറിയില്ലെന്നും അവര്‍ വിമര്‍ശിച്ചു.
”സംസ്ഥാനത്ത് മെഡിക്കല്‍ കോളെജുകള്‍ സ്ഥാപിക്കുന്നതിനായി പ്രദേശങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അന്ന് അവര്‍ കരീംനഗര്‍, ഖമ്മം എന്നീ പ്രദേശങ്ങളില്‍ മെഡിക്കല്‍ കോളേജ് വേണമെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ രണ്ട് സ്ഥലത്തും മെഡിക്കല്‍ കോളേജുകള്‍ ഉണ്ട്. സ്വന്തം സംസ്ഥാനത്ത് എവിടെയൊക്കെ മെഡിക്കല്‍ കോളേജ് ഉണ്ടെന്ന് പോലും നിങ്ങള്‍ക്ക് അറിയില്ല,’ നിര്‍മ്മല സീതാരാമന് പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസമാണ് വിവാദ പ്രസ്താവനയുമായി കെ. ചന്ദ്രശേഖര്‍ റാവു രംഗത്തെത്തിയത്. അഞ്ച് ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം വെറും തമാശയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിനെക്കാള്‍ വലിയ ലക്ഷ്യങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ 2025ഓടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാമെന്നുള്ളത് വളരെ എളുപ്പമാണെന്നും ഇത് ഒരു സാധാരണ ക്ലര്‍ക്കിന് ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
” നിങ്ങള്‍ അധികമായി എന്താണ് ചെയ്തത്? ഒന്നുമില്ല. അങ്ങനെ എന്തെങ്കിലും ചെയ്യാന്‍ കഴിവുണ്ടെങ്കില്‍ ചൈനയില്‍ ഡെന്‍ സിയാവോ പിംഗ് ചെയ്തത് പോലെ ചെയ്യൂ. അല്ലെങ്കില്‍ സിംഗപ്പൂരില്‍ ലീ കുവാന്‍ യ്വൂ ചെയ്തത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യൂ. അതൊക്കെയാണ് വലിയ കാര്യങ്ങള്‍. അല്ലാതെ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നത് ഒരു വലിയ കാര്യമല്ല,’ എന്നായിരുന്നു കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പരാമര്‍ശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.