• HOME
  • »
  • NEWS
  • »
  • money
  • »
  • UPI | യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുമോ? പുതിയ നീക്കവുമായി ആര്‍ബിഐ

UPI | യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുമോ? പുതിയ നീക്കവുമായി ആര്‍ബിഐ

ഇന്ത്യയിലെ വിവിധ പേയ്‌മെന്റ് സേവനങ്ങള്‍ക്കായുള്ള നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഈടാക്കുന്ന നിരക്കുകള്‍ കാര്യക്ഷമമാക്കുന്നതിനും ആഗസ്റ്റ് 17 ബുധനാഴ്ച ആര്‍ബിഐ ഒരു ചര്‍ച്ചാ പേപ്പര്‍ പുറത്തിറക്കിയിരുന്നു

  • Last Updated :
  • Share this:
    യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI), ഇന്ത്യയിലെ പേയ്‌മെന്റ് സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. നിരവധി ഉപയോക്താക്കള്‍ ഈ സിസ്റ്റം വഴി പണമിടപാടുകള്‍ നടത്തുന്നുണ്ട്. യുപിഐ വഴി നടത്തുന്ന ഇടപാടുകള്‍ ഇതുവരെ സൗജന്യമായിരുന്നു. എന്നാല്‍ യുപിഐ പണമിടപാടുകള്‍ക്ക് ചാര്‍ജ് (charge) ഈടാക്കാനുള്ള ആലോചനയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഇതിന്റെ
    സാധ്യതയെ കുറിച്ച് വിദ​ഗ്ധരുടെ അഭിപ്രായം തേടി.

    ഇന്ത്യയിലെ വിവിധ പേയ്‌മെന്റ് സേവനങ്ങള്‍ക്കായുള്ള നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഈടാക്കുന്ന നിരക്കുകള്‍ കാര്യക്ഷമമാക്കുന്നതിനും ആഗസ്റ്റ് 17 ബുധനാഴ്ച ആര്‍ബിഐ ഒരു ചര്‍ച്ചാ പേപ്പര്‍ (discussion paper) പുറത്തിറക്കിയിരുന്നു. ഇതില്‍ യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ്), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍), ആര്‍ടിജിഎസ് (റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ്), ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ പ്രീപെയ്ഡ് പേയ്മെന്റ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്റ് സംവിധാനങ്ങളാണ് ഉള്‍പ്പെടുന്നത്.

    ''ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കി, നയങ്ങള്‍ രൂപപ്പെടുത്താനും രാജ്യത്തെ വിവിധ പേയ്മെന്റ് സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ കാര്യക്ഷമമാക്കാനും ശ്രമിക്കും. ഈ ഘട്ടത്തില്‍, ആര്‍ബിഐ ഒരു പ്രത്യേക തീരുമാനവും എടുത്തിട്ടില്ല, ''ആര്‍ബിഐ പറഞ്ഞു.

    ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമെന്ന നിലയില്‍ ഐഎംപിഎസിന് സമാനമാണ് യു പി ഐയുടെ പ്രവർത്തനം. അതിനാല്‍ യുപിഐ ഇടപാട് നിരക്കുകള്‍ ഐഎംപിഎസ് ഇടപാട് നിരക്കുകൾക്ക് സമാനമായിരിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഇടപാടു തുകയെ അടിസ്ഥാനമാക്കി ഒരു നിശ്ചിത ചാര്‍ജ് ചുമത്താമെന്നും ആര്‍ബിഐ അറിയിച്ചു. ഒക്ടോബര്‍ മൂന്നിനകം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനാണ് ആര്‍ബിഐ തീരുമാനിച്ചിരിക്കുന്നത്.

    '' യുപിഐ ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ സംബന്ധിച്ച് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താക്കളും വ്യാപാരികളും ചാര്‍ജ് നല്‍കേണ്ടതില്ല. ഫീഡ്ബാക്ക് നേടുക എന്നതാണ് ഈ ചര്‍ച്ചാ പേപ്പറിന്റെ ഉദ്ദേശ്യം. വിഷയത്തില്‍ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള കുറച്ച് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,'' അതില്‍ പറയുന്നു.

    യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുകയാണെങ്കില്‍, ഇടപാട് തുകയെ അടിസ്ഥാനമാക്കി എംഡിആര്‍ നിരക്ക് ചുമത്തണോ, ഇടപാട് തുക പരിഗണിക്കാതെ ഒരു നിശ്ചിത തുക ഈടാക്കണോ, അല്ലെങ്കില്‍ ചാര്‍ജുകള്‍ ആര്‍ബിഐ തീരുമാനിക്കണോ ചാര്‍ജുകള്‍ തീരുമാനിക്കാന്‍ വിപണിയെ അനുവദിക്കണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ആര്‍ബിഐ ചര്‍ച്ചാ പേപ്പറില്‍ തേടിയിട്ടുണ്ട്. യുപിഐ ഉപയോഗിച്ചുള്ള മെര്‍ച്ചന്റ് പേയ്‌മെന്റുകള്‍ക്ക് ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കുന്നതിനാല്‍, വ്യാപാരികള്‍ക്ക് സര്‍വീസ് ചാര്‍ജ് കുറവായിരിക്കുമെന്നും അതില്‍ പറയുന്നു.

    ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ. മര്‍ച്ചന്റ് പേയ്‌മെന്റുകള്‍, മറ്റ് ബാങ്ക് ഇടപാടുകള്‍ എന്നിവയെല്ലാം യുപിഐ ട്രാന്‍സ്ഫറിന് കീഴില്‍ ലഭ്യമാണ്.
    Published by:Arun krishna
    First published: