• HOME
 • »
 • NEWS
 • »
 • money
 • »
 • Explained: എന്താണീ നോൺ-ഫംഗിബിൾ ടോക്കണുകൾ ? ഡിജിറ്റൽ ആസ്തികൾക്ക് കോടിക്കണക്കിന് രൂപ മൂല്യമുണ്ടോ?

Explained: എന്താണീ നോൺ-ഫംഗിബിൾ ടോക്കണുകൾ ? ഡിജിറ്റൽ ആസ്തികൾക്ക് കോടിക്കണക്കിന് രൂപ മൂല്യമുണ്ടോ?

മറ്റേതൊരു സ്വത്തുവകയും പോലെ വാങ്ങാനും വിൽക്കാനും കഴിയുന്ന, ഡിജിറ്റൽ ലോകത്തെ സവിശേഷമായ ആസ്തികളാണ് നോൺ ഫംഗിബിൾ ടോക്കണുകൾ.

Credits: Twitter/ Christopher Williamson/ Reuters

Credits: Twitter/ Christopher Williamson/ Reuters

 • Last Updated :
 • Share this:
  സാമ്പത്തിക ശാസ്ത്രത്തിലെ നിർവചനം അനുസരിച്ച് ഫംഗിബിൾ ആസ്തി എന്നത് പണം പോലെ നേരിട്ട് കൈമാറ്റം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സ്വത്തിന്റെ യൂണിറ്റുകളാണ്. പണത്തിന്റെ കാര്യമെടുത്താൽ, പത്ത് രൂപയുടെ ഒറ്റ നോട്ട് നൽകി അഞ്ച് രൂപയുടെ രണ്ടു നോട്ടുകൾ വാങ്ങാൻ നിങ്ങൾക്ക് കഴിയും. ഈ കൈമാറ്റത്തിൽ മൂല്യത്തിൽ വ്യത്യാസമൊന്നും വരുന്നില്ല. എന്നാൽ, നോൺ ഫംഗിബിൾ ആസ്തിയുടെ കാര്യത്തിൽ ഇത് അസാധ്യമാണ്. സവിശേഷമായ ആസ്‌തിരൂപമായ നോൺ ഫംഗിബിൾ ടോക്കണുകൾ (എൻ എഫ് ടി) മറ്റേതെങ്കിലും വസ്തുവുമായി കൈമാറ്റം ചെയ്യാൻ കഴിയില്ല, നോൺ ഫംഗിബിൾ ആസ്തി ഒരു വീടോ മൊണാലിസയുടെ മനോഹരമായ പെയിന്റിങോ അതുപോലെ അതുല്യമായ മറ്റെന്ത് വസ്തുവോ ആകാം. നിങ്ങൾക്ക് അവയുടെ ഫോട്ടോ എടുക്കാനോ അതിന്റെ പ്രിൻറ് ചെയ്ത പകർപ്പ് വാങ്ങാനോ കഴിയും. എന്നാൽ, ആ യഥാർത്ഥ വസ്തു ഒറ്റയൊന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ.

  മറ്റേതൊരു സ്വത്തുവകയും പോലെ വാങ്ങാനും വിൽക്കാനും കഴിയുന്ന, ഡിജിറ്റൽ ലോകത്തെ സവിശേഷമായ ആസ്തികളാണ് നോൺ ഫംഗിബിൾ ടോക്കണുകൾ. പക്ഷേ, അവയ്ക്ക് അവയുടേതായ പ്രത്യക്ഷമായ ഭൗതികരൂപമില്ല. ഭൗതിക സ്വത്തിന്റെയോ വിർച്വൽ സ്വത്തിന്റെയോ ഉടമസ്ഥാവകാശത്തിന്റെ സർട്ടിഫിക്കറ്റുകളായി ഈ ഡിജിറ്റൽ ടോക്കണുകളെ കണക്കാക്കാം.

  എൻ എഫ് ടികളുടെ പ്രവർത്തനം എങ്ങനെ?

  പെയിന്റിങുകൾ പോലുള്ള പരമ്പരാഗത കലാസൃഷ്ടികളുടെ പ്രത്യേകത അവയുടെ യഥാർത്ഥ പകർപ്പ് ഒറ്റയൊന്ന് മാത്രമേ ഉള്ളൂ എന്നതാണ്. എന്നാൽ, ഡിജിറ്റൽ ഫയലുകളുടെ അസംഖ്യം പകർപ്പുകൾ എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയും. എന്നാൽ, എൻ എഫ് ടികൾ ഉപയോഗിച്ച് ഏതൊരു കലാസൃഷ്ടിയുടെയും ഉടമസ്ഥാവകാശത്തിന്റെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് സൃഷ്ടിക്കാൻ കഴിയും. ഈ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിൽക്കാനും വാങ്ങാനും കഴിയുന്നവയാണ്. ക്രിപ്റ്റോ കറൻസിയുടെ കാര്യത്തിലെന്നത് പോലെ ആർക്ക് ഏത് വസ്തുവിന്റെ ഉടമസ്ഥാവകാശമാണ് ഉള്ളത് എന്നത് സംബന്ധിച്ച വിവരങ്ങൾ ബ്ലോക്ക്‌ചെയിൻ എന്ന് പേരുള്ള ഒരു ലെഡ്ജറിൽ കുറിക്കപ്പെടും. ലോകത്തിലെ ആയിരക്കണക്കിന് കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പരിപാലിക്കുന്ന ഈ ലെഡ്ജറിലെ രേഖകൾ ആർക്കും തിരുത്താനോ അതിൽ കൃത്രിമം കാണിക്കാനോ കഴിയില്ല. ഭാവിയിൽ ടോക്കണുകൾ വീണ്ടും വിൽക്കപ്പെട്ടാൽ അതിന്റെ ഒരു പങ്ക് കൂടി കലാകാരന് ലഭിക്കുന്ന വിധത്തിലുള്ള സമർത്ഥമായ ഉടമ്പടികളും എൻ എഫ് ടികളുമായി ബന്ധപ്പെട്ട് സൃഷ്ടിക്കാവുന്നതാണ്.

  ഡിജിറ്റൽ കലാസൃഷ്ടികളുടെ പകർപ്പ് സൃഷ്ടിക്കുന്നതിൽ നിന്ന് ഇത് ആളുകളെ തടയുമോ?

  ഇല്ല. 69 മില്യൺ ഡോളറുകൾക്ക് വിറ്റുപോയ ബീപ്പിലിന്റെ കലാസൃഷ്ടിയുടെ എത്രയോ പകർപ്പുകൾ സൃഷ്ടിക്കപ്പെടുകയും പലയിടങ്ങളിലും പങ്കു വെയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പല വിൽപ്പനകളിലും കലാസൃഷ്ടികളുടെ പകർപ്പവകാശത്തിന്റെ ഉടമസ്ഥാവകാശം കലാകാരനിൽ തന്നെ നിക്ഷിപ്തമായിരിക്കും. അതിനാൽ, അതിന്റെ കൂടുതൽ പകർപ്പുകൾ സൃഷ്ടിക്കാനും വിൽക്കാനും അവർക്ക് കഴിയും. എന്നാൽ, എൻ എഫ് ടി വാങ്ങുന്ന വ്യക്തിക്ക്, തങ്ങൾക്കാണ് ആ കലാസൃഷ്ടിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം എന്ന് സ്ഥാപിക്കുന്ന ടോക്കണാകും സ്വന്തമായി ഉണ്ടാവുക. അതായത്, ആ കലാസൃഷ്ടിയുടെ ഒറിജിനൽ പകർപ്പിന്റെയോ പ്രാഥമിക രൂപത്തിന്റെയോ ഉടമസ്ഥാവകാശം. കലാകാരന്റെ ഓട്ടോഗ്രാഫ് ഉള്ള കലാസൃഷ്ടി വാങ്ങുന്നതുമായി ഇതിനെ പലരും താരതമ്യം ചെയ്യാറുണ്ട്.

  ഈ ടോക്കണുകൾ വാങ്ങാൻ എത്ര പണം മുടക്കാനും ആളുകൾ തയ്യാറാണോ?

  വിചിത്രമെന്ന് തോന്നാമെങ്കിലും അതാണ് വസ്തുത. മുകളിൽ സൂചിപ്പിച്ച ബീപ്പീലിന്റെ കലാസൃഷ്ടിയുടെ എൻ എഫ് ടി വിറ്റുപോയത് 69 മില്യൺ ഡോളറിനാണ്. ഏകദേശം 500 കോടി രൂപയോളം വരും ആ തുക.

  എൻ എഫ് ടികൾ എത്രത്തോളം മൂല്യവത്താണ്?

  തത്വത്തിൽ ഏതൊരാൾക്കും തങ്ങളുടെ സൃഷ്ടിയുടെ ടോക്കണുകൾ സൃഷ്ടിച്ച് എൻ എഫ് ടിയാക്കി വിൽപ്പന നടത്താവുന്നതാണ്. എന്നാൽ, അടുത്തിടെ ദശലക്ഷക്കണക്കിന് ഡോളർ മുടക്കി പലരും എൻ എഫ് ടികൾ വാങ്ങിയ വാർത്തകൾ പുറത്തു വന്നതോടെ ഈ ഡിജിറ്റൽ ടോക്കണുകൾ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ ഇവയിൽ താത്പര്യം പ്രകടിപ്പിക്കാനും അത് കാരണമായി. കഴിഞ്ഞ ഫെബ്രുവരി 19-ന് 2011-ൽ സൃഷ്ടിക്കപ്പെട്ട ന്യാൻ പൂച്ചയുടെ ജി ഐ എഫ് ചിത്രം വിറ്റുപോയത് മൂന്നരക്കോടിയിലേറെ രൂപയ്ക്കാണ്. ഒരാഴ്ച കഴിഞ്ഞപ്പോൾ പാട്ടുകാരിയായ ഗ്രിംസ് തന്റെ ചില ഡിജിറ്റൽ കലാസൃഷ്ടികൾ എൻ എഫ് ടികളുടെ രൂപത്തിൽ വിറ്റത് ഏതാണ്ട് 45 കോടി രൂപയ്ക്കാണ്. കലാസൃഷ്ടികൾ മാത്രമല്ല ഇത്തരത്തിൽ ടോക്കണുകളാക്കി രൂപാന്തരപ്പെടുത്തി വിൽപ്പനയ്ക്ക് വെയ്ക്കാറുള്ളത്. ട്വിറ്റർ സ്ഥാപകനായ ജാക്ക് ഡോർസി ആദ്യത്തെ ട്വീറ്റ് ഇത്തരത്തിൽ വിൽപ്പന നടത്തിയിരുന്നു. ലേലത്തുക 18 കോടി രൂപയിൽ കവിയുകയും ചെയ്തു.

  ഡിജിറ്റൽ കലാകാരനായ ബീപ്പീലിന്റെ കലാസൃഷ്ടിയുടെ വിൽപ്പന ഡിജിറ്റൽ കലയുടെ ചരിത്രത്തിൽ തന്നെ പുതിയ റെക്കോർഡാണ് സൃഷ്ടിച്ചത്. എന്നാൽ, ക്രിപ്റ്റോ കറൻസിയുടെ കാര്യത്തിലെന്നത് പോലെ ബ്ലോക്ക്‌ചെയിൻ പരിപാലനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആശങ്കകൾ പല ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.

  എൻ എഫ് ടികൾ ഊതിവീർപ്പിച്ച കുമിളയാണോ?

  ഇതൊരു കുമിളയാണെന്നും എപ്പോൾ വേണമെങ്കിലും പൊട്ടിത്തകരാം എന്നുമാണ് താൻ കരുതുന്നത് എന്നാണ് റെക്കോർഡ് വിലയ്ക്ക് തന്റെ കലാസൃഷ്ടി എൻ എഫ് ടികളാക്കി വിറ്റ ബീപ്പിൽ എന്ന മൈക്ക് വിങ്കിൾമാൻ ബി ബി സിയോട് തുറന്നു പറഞ്ഞത്. പലരും ഇത്തരം കച്ചവടങ്ങളെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. എൻ എഫ് ടികളുടെ വിൽപ്പന യുക്തിരഹിതമാണ് എന്ന് കരുതുന്നവരും ധാരാളമുണ്ട്. പ്രത്യക്ഷമായി നേരിട്ട് കാണാൻ കഴിയാത്ത വസ്തുക്കൾ ടോക്കണുകളുടെ രൂപത്തിൽ വാങ്ങി സൂക്ഷിക്കുക എന്ന ആശയം തന്നെ വിഡ്ഢിത്തമാണെന്നും പലരും കരുതുന്നു. എന്തായാലും, എൻ എഫ് ടികളുടെ ഭാവി എന്താകുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.
  Published by:Naveen
  First published: