ഇന്ത്യയിൽ ഒരു വ്യക്തിക്ക് രണ്ട് തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിയും. ശമ്പള അക്കൗണ്ടും സേവിംഗ്സ് അക്കൗണ്ടും. ശമ്പള (സാലറി) അക്കൗണ്ടും സേവിംഗ്സ് അക്കൗണ്ടും വ്യത്യസ്ത ഉദ്ദേശ്യങ്ങൾ നിറവേറ്റുന്ന രണ്ട് വ്യത്യസ്ത തരം ബാങ്ക് അക്കൗണ്ടുകളാണ്. നിങ്ങൾ സ്ഥാപനത്തിൽ അല്ലെങ്കിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോൾ മാത്രമാണ് ശമ്പള അക്കൗണ്ട് തുറക്കുന്നത്. ഈ അക്കൗണ്ടിൽ സേവിംഗ്‌സ് അക്കൗണ്ട് പോലെ മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ആവശ്യമില്ല. ഈ പ്രത്യേക അക്കൗണ്ട് നിങ്ങൾക്ക് സീറോ ബാലൻസ് സൗകര്യം അനുവദിക്കുന്നു. പതിവ് സേവിംഗ്സ് അക്കൗണ്ടുകളിൽ ഉപഭോക്താക്കൾ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്, അതിന് സാധിക്കാത്ത പക്ഷം അവരിൽ നിന്ന് ബാങ്കുകൾക്ക് പിഴ ഈടാക്കാം. കമ്പനികൾ തങ്ങളുടെ ജീവനക്കാർക്കായി സാലറി അക്കൗണ്ടുകൾ തുറക്കാൻ ബാങ്കുകളുമായി സഹകരിക്കാറുണ്ട്. ഒരു സാലറി അക്കൗണ്ടിൽ നിങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. എന്തൊക്കെയാണ് ആ ആനുകൂല്യങ്ങൾ എന്ന് നോക്കാം.
സൗജന്യ എടിഎം ഇടപാട്
സാലറി അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക് ബാങ്കുകൾ പലപ്പോഴും സൗജന്യ എടിഎം ഇടപാട് വാഗ്ദാനം ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ ഒരു മാസത്തിൽ എത്ര തവണ എടിഎം ഇടപാടുകൾ നടത്തുന്നു എന്നത് ഒരു പ്രശനമാകില്ല. സാലറി അക്കൗണ്ടുകളിലെ എടിഎം ഉപയോഗത്തിനുള്ള വാർഷിക ഫീസ് ബാങ്കുകൾ ഒഴിവാക്കാറുണ്ട്. എന്നാൽ സാധാരണ അക്കൗണ്ടുകളിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ നടത്തുന്ന എടിഎം ഇടപാടുകൾക്ക് ഫീസുണ്ട്.
ലോൺ സൗകര്യം
വ്യക്തിഗത വായ്പകളിൽ പ്രത്യേക ഓഫറുകളും സാലറി അക്കൗണ്ടിൽ ലഭ്യമാണ്. നിങ്ങളുടെ സാലറി അക്കൗണ്ടിൽ പ്രീ-അപ്രൂവ്ഡ് ലോൺ സൗകര്യവും ലഭിക്കും. ഭവന, കാർ വായ്പകൾക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്.
Also Read-ഇന്റർനെറ്റ് ഇല്ലാതെ ഫോണിലൂടെ എങ്ങനെ PF ബാലൻസ് പരിശോധിക്കാം?
ഓവർഡ്രാഫ്റ്റ് സൗകര്യം
ചില സാലറി അക്കൗണ്ടുകൾ ഓവർഡ്രാഫ്റ്റ് സൗകര്യവും വാഗ്ദാനം ചെയ്യാറുണ്ട്. ഈ സൗകര്യം പലപ്പോഴും ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായാണ് കിട്ടുന്നത്. അതായത് കുറഞ്ഞത് രണ്ട് വർഷമോ അതിൽ കൂടുതലോ കാലം ഈ സാലറി അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടായിരിക്കണം. നിങ്ങളുടെ അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും ഒരു നിശ്ചിത പരിധി വരെ പണം പിൻവലിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു സൗകര്യമാണിത്.
സൗജന്യ പാസ്ബുക്ക്, ചെക്ക് ബുക്ക് സൗകര്യം
പല ബാങ്കുകളും അവരുടെ ശമ്പള അക്കൗണ്ട് ഉടമകൾക്ക് സൗജന്യ ചെക്ക്ബുക്കുകൾ, പാസ്ബുക്കുകൾ, ഇ-സ്റ്റേറ്റ്മെന്റ് സൗകര്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യാറുണ്ട്. ഇത് അക്കൗണ്ട് ഉടമകൾക്ക് അധിക ചെലവുകൾ കൂടാതെ ഓൺലൈനിലും ഓഫ്‌ലൈനിലും അവരുടെ ഇടപാടുകളും അക്കൗണ്ട് ബാലൻസുകളും പരിശോധിക്കാൻ സൗകര്യം ഒരുക്കുന്നു.
സൗജന്യ ഇൻഷുറൻസ് സൗകര്യം
ശമ്പള അക്കൗണ്ട് ഉടമകൾക്ക് 20 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ട്.
സൗജന്യ ഓൺലൈൻ ഇടപാട്
മിക്കവാറും എല്ലാ ബാങ്കുകളും സാലറി അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് സൗജന്യ ഓൺലൈൻ ഇടപാട് സൗകര്യങ്ങൾ നൽകുന്നു. അതായത് NEFT, RTGS സേവനങ്ങൾ സാധാരണയായി ഈ അക്കൗണ്ട് ഉടമകൾക്ക് സൗജന്യമാണ്. പല ബാങ്കുകളും സാലറി അക്കൗണ്ടുകളിൽ ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് (ഐഎംപിഎസ്) സൗകര്യവും വാഗ്ദാനം ചെയ്യുന്നു.
Also Read-ആദായനികുതി റിട്ടേൺ: ഫോം 16 ഇല്ലാതെ ITR ഫയൽ ചെയ്യുന്നത് എങ്ങനെ?
സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ശമ്പള അക്കൗണ്ട് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ആർക്കും ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കാം. പക്ഷെ ഒരു സ്ഥാപനത്തിൽ ജീവനക്കാരനായ വ്യക്തിയ്ക്ക് മാത്രമേ സാലറി അക്കൗണ്ട് തുറക്കാൻ സാധിക്കൂ. ഒരു വ്യക്തിയുടെ ശമ്പള അക്കൗണ്ട് ഓർഗനൈസേഷന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ശുപാർശയിൽ മാത്രമേ തുറക്കാനാകൂ.
ഒരു സേവിംഗ്‌സ് അക്കൗണ്ടിൽ ഉപഭോക്താക്കൾ എല്ലായ്‌പ്പോഴും ഒരു നിശ്ചിത തുക മിനിമം ബാലൻസ് ആയി നിലനിർത്തേണ്ടതുണ്ട്. ഈ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെടുന്നത് പിഴയോ ഫീസോ ഈടാക്കുന്നതിലേക്ക് നയിച്ചേക്കാം. സാലറി അക്കൗണ്ടിന് അത്തരം നിബന്ധനകൾ ഇല്ല. ഇതിനർത്ഥം ശമ്പള അക്കൗണ്ട് ഉടമകൾക്ക് പിഴയോ ഫീസോ ഈടാക്കാതെ അവരുടെ അക്കൗണ്ടുകളിൽ സീറോ ബാലൻസ് നിലനിർത്താവുന്നതാണ്.
ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന്റെ പ്രധാന ലക്ഷ്യം സമ്പാദ്യം പ്രോത്സാഹിപ്പിക്കുകയും ബാക്കി തുകയ്ക്ക് പലിശ നേടുകയും ചെയ്യുക എന്നതാണ്. ഒരു ഓർഗനൈസേഷനിൽ നിന്ന് സ്ഥിരമായും കൃത്യസമയത്തും ശമ്പളവും മറ്റ് പേയ്‌മെന്റുകളും സ്വീകരിക്കുന്നതിന് വേണ്ടിയാണ് സാലറി അക്കൗണ്ട് ആരംഭിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.