• HOME
 • »
 • NEWS
 • »
 • money
 • »
 • Mutual Fund | പണപ്പെരുപ്പം ഉയരുന്നു; മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?

Mutual Fund | പണപ്പെരുപ്പം ഉയരുന്നു; മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?

ദീർഘകാല നിക്ഷേപകർക്ക് അനാവശ്യമായ ആശങ്കയോ പരിഭ്രാന്തിയോ ആവശ്യമില്ല. എന്നിരിക്കിലും നിലവിലെ സാഹചര്യം നിക്ഷേപകരുടെ പോർട്ട്ഫോളിയോ മെച്ചപ്പെടുത്താനും ദീർഘകാല സമ്പത്ത് ഉണ്ടാക്കുന്നതിനുമുള്ള നിക്ഷേപ തന്ത്രങ്ങൾ മെനയുന്നതിനും ഉപയോഗിക്കേണ്ടതാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ആദിൽ ഷെട്ടി, സിഇഒ, ബാങ്ക്ബസാർഡോട്ട്കോം

  പണപ്പെരുപ്പം (Inflation) കഴിഞ്ഞ ദശാബ്ദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചരിത്രത്തിൽ സമാനതകളില്ലാതെ കുതിക്കുകയാണ്. ഇത് കൊണ്ട് തന്നെ രാജ്യത്തെ പലിശനിരക്കും (Interest Rate) വർധിച്ചിരിക്കുന്നു. ഇത് കൂടാതെ ഇന്ത്യൻ ഓഹരിവിപണിയും (Stock Market) ചാഞ്ചാട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മ്യൂച്വൽ ഫണ്ട് (Mutual Fund) നിക്ഷേപകർ അവരുടെ പോർട്ട്ഫോളിയോ മോശമാവുന്നതിനും സാക്ഷ്യം വഹിക്കുകയാണ്. പ്രത്യേകിച്ച് ഇക്വിറ്റി അധിഷ്ഠിത സ്കീമുകളിലാണ് വലിയ പ്രതിസന്ധി നേരിടുന്നത്. ദീർഘകാല നിക്ഷേപകർക്ക് അനാവശ്യമായ ആശങ്കയോ പരിഭ്രാന്തിയോ ആവശ്യമില്ല. എന്നിരിക്കിലും നിലവിലെ സാഹചര്യം നിക്ഷേപകരുടെ പോർട്ട്ഫോളിയോ മെച്ചപ്പെടുത്താനും ദീർഘകാല സമ്പത്ത് ഉണ്ടാക്കുന്നതിനുമുള്ള നിക്ഷേപ തന്ത്രങ്ങൾ മെനയുന്നതിനും ഉപയോഗിക്കേണ്ടതാണ്.

  മ്യൂച്വൽ ഫണ്ടുകൾ കേവലം സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമുള്ളതല്ല, അത് നിക്ഷേപക‍ർക്ക് ദീർഘകാല സമ്പത്ത് ഉണ്ടാക്കാൻ വേണ്ടിയുള്ള നിക്ഷേപമാണ്. അച്ചടക്കമുള്ളതും ചിട്ടയായതുമായ സമീപനവും വ‍ർഷാവർഷമുള്ള പോർട്ട്ഫോളിയോ അവലോകനവും നിങ്ങളെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കും. നിലവിലെ മാ‍ർക്കറ്റ് സാഹചര്യങ്ങൾ പരിഗണിച്ച് ഹ്രസ്വകാലത്തേക്കും ഇടക്കാലത്തേക്കുമാക്കി മാറ്റുന്നതിനായി പലവിധ തന്ത്രങ്ങൾ മെനയണം.

  Also Read- Atal Pension Yojana | മാസം വെറും 210 രൂപ നിക്ഷേപിക്കൂ; 60 വയസ്സിന് ശേഷം 5000 രൂപ പെന്‍ഷന്‍ നേടാം

  നിലവിൽ ഉയ‍ർന്നിരിക്കുന്ന പണപ്പെരുപ്പം വരുന്ന മിഡ് ടേമിലും ഇതു പോലെ തന്നെ തുടരുകയോ അല്ലെങ്കിൽ ഇനിയും ഉയർന്നോ മുന്നോട്ട് പോവാൻ തന്നെയാണ് സാധ്യത. മ്യൂച്വൽ ഫണ്ട് നിക്ഷേപക‍ർ ഈ സാഹചര്യം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ എന്ത് ചെയ്യാൻ സാധിക്കുമെന്നാണ് ആലോചിക്കേണ്ടത്. അതിനായി നിങ്ങൾ പിന്തുടരേണ്ട ചില മാ‍ർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്.

  ഇക്വിറ്റി സ്കീമുകളിൽ കൂടുതൽ വാങ്ങൽ

  എസ്‌ഐ‌പി വഴിയോ ലംപ്സം വഴിയോ ഇക്വിറ്റി നിക്ഷേപകർ അവരുടെ നിക്ഷേപങ്ങൾ ടോപ്പ് അപ്പ് ചെയ്യുന്നത് തുടരണം. ഓഹരി വിപണി സമീപ കാലത്തെ ഏറ്റവും വലിയ തക‍ർച്ച നേരിട്ട് കൊണ്ട് 20 ശതമാനം വരെ ഇടിഞ്ഞിരിക്കുകയാണ്. നിക്ഷേപങ്ങളുടെ ചെലവ് ശരാശരിയിൽ കൂടാതിരിക്കാൻ കുറ‍ഞ്ഞ അറ്റ ആസ്തി മൂല്യത്തിൽ (Net Asset Value - NAV) കൂടുതൽ വാങ്ങുന്നതാണ് ഇപ്പോൾ അഭികാമ്യം. നിലവിലെ ചാഞ്ചാട്ടം പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങളുടെ കയ്യിലെ ഫണ്ട് ഉപയോഗിച്ച് പരമാവധി ഇക്വിറ്റി സ്കീമുകൾ വാങ്ങിക്കാവുന്നതാണ്. നിക്ഷേപങ്ങളിൽ മാറ്റം വരുത്തുന്നതിനായി വ്യക്തമായ ഒരു പദ്ധതി തയ്യാറാക്കി നിങ്ങളുടെ ലിക്വിഡ് സ്കീമിലെ മൊത്തത്തിലുള്ള നിക്ഷേപം ഇക്വിറ്റി സ്കീമിലേക്ക് മാറ്റാവുന്നതാണ്.

  ഹ്രസ്വ, ഇടത്തരം ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുക

  നിലവിലുള്ള ഡെറ്റ് നിക്ഷേപകരോ കടത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരോ പലിശ നിരക്കിലെ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയില്ലാത്ത ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കേണ്ടതാണ്. പലിശനിരക്ക് കൂടുന്നത് കാരണം ഡെറ്റ് ഫണ്ടിൽ നിക്ഷേപിച്ചാൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് നിക്ഷേപക‍ർ മനസ്സിലാക്കണം. അതേ സമയം, നിങ്ങൾ ക്രെഡിറ്റ് റിസ്ക് ഡെറ്റ് ഫണ്ടുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

  എസ‍്‍ജിബികളിലും (SGB) ഗോൾഡ് ഇടിഎഫുകളിലും (ETF) നിക്ഷേപിക്കുക

  പണപ്പെരുപ്പ സമയത്ത് സ്വ‍ർണ്ണത്തിൽ നിക്ഷേപിക്കുന്നത് നല്ലതാണ്. നിലവിലുള്ള നിക്ഷേപകർ സ്വർണ്ണവുമായി ബന്ധപ്പെട്ട വ്യത്യസ്ത ഫണ്ടുകൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. സ്വർണ്ണ ഇടിഎഫുകൾ അല്ലെങ്കിൽ സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബികൾ) എന്നിവ ഗുണകരമാവും. സ്വ‍ർണ്ണത്തിലുള്ള നിക്ഷേപം നിങ്ങളുടെ മൊത്തത്തിലുള്ള പോർട്ട്‌ഫോളിയോയുടെ 5 മുതൽ 10% വരെയേ പാടുള്ളൂ. നിലവിൽ 5 ശതമാനത്തിൽ താഴെയാണെങ്കിൽ നിങ്ങൾക്ക് വ‍ർധിപ്പിക്കാവുന്നതാണ്. പുതിയ നിക്ഷേപകർ 5 ശതമാനം വരെ സ്വർണത്തിൽ നിക്ഷേപിക്കുന്നത് നല്ലതായിരിക്കും.

  ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകളിൽ നിക്ഷേപിക്കുക

  വിജയകരമായ നിക്ഷേപത്തിൻെറ താക്കോലാണ് അസറ്റ് അലോക്കേഷൻ ഫണ്ടുകൾ. വിവിധ അസറ്റ് ക്ലാസുകൾ വിലയിരുത്തിയ ശേഷം നിക്ഷേപക‍ർ ഇൻബിൽറ്റ് അസറ്റ് അലോക്കേഷൻ സവിശേഷതകളുള്ള സ്കീമുകളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. മൂല്യത്തിനനുസരിച്ച് അലോക്കേഷനിൽ മാറ്റങ്ങൾ ഉണ്ടാവുമെന്നത് ഈ സ്കീമിൻെറ സവിശേഷതയാണ്. പ്യുവർ ഇക്വിറ്റി അല്ലെങ്കിൽ ഡെറ്റ് സ്കീമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരം ഫണ്ടുകളിൽ നിന്ന് വരുമാനം കൂടുതൽ ഉറപ്പാണ്.

  നിങ്ങളുടെ SIP നിക്ഷേപം വർദ്ധിപ്പിക്കുക

  വാർഷിക പോർട്ട്‌ഫോളിയോ അവലോകനം എത്രത്തോളം പ്രധാനമാണോ അത് പോലെത്തന്നെ SIP നിക്ഷേപങ്ങളുടെ അളവിന്റെ അവലോകനവും വളരെ പ്രധാനമാണ്. പണപ്പെരുപ്പം കണക്കിലെടുത്ത്, ഒരു നിക്ഷേപകൻ എസ്‌ഐ‌പി തുക പ്രതിവർഷം കുറഞ്ഞത് 10% വർദ്ധിപ്പിക്കാൻ ശ്രമിക്കണം. ഇത് നിങ്ങളുടെ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് സുരക്ഷിതത്വം പകരും. എസ‍്‍ഐപി സംഭാവന കൂടുതലാണെങ്കിൽ നിക്ഷേപ വേളയിൽ പണപ്പെരുപ്പം ഉണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് സമ്മ‍ർദ്ദവും കുറയും.

  പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മനസ്സിലാക്കുക

  നിങ്ങൾക്ക് ഫണ്ട് നി‍ർബന്ധമായും ആവശ്യമുള്ള സാഹചര്യം ഒഴിച്ച് നിർത്തിയാൽ മറ്റൊരവസരത്തിലും ഒരു കാരണവശാലും ഇക്വിറ്റി നിക്ഷേപങ്ങൾ കുറയ്ക്കരുത്. മാർക്കറ്റിൽ ഇടിവുണ്ടെന്ന് കരുതി അത് നിക്ഷേപങ്ങൾ ഒഴിവാക്കുന്നതിനുള്ള കാരണമാവരുത്. അനാവശ്യമായ പരിഭ്രാന്തി കൊണ്ട് നിങ്ങൾക്ക് നഷ്ടമല്ലാതെ ഗുണമുണ്ടാവുന്നതിനുള്ള സാധ്യതയില്ല. മൊത്തത്തിൽ പരിഭ്രാന്തിയുള്ള ഈ സാഹചര്യം കൂടുതൽ നിക്ഷേപിക്കുന്നതിനും കൂടുതൽ ഫണ്ട് ഉപയോഗപ്പെടുത്താനോ ഉള്ള സമയം കൂടിയാണ്. വലിയ സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരമായി നിലവിലെ സാഹചര്യത്തെ പരിഗണിക്കുക. നിങ്ങൾക്ക് പരിഭ്രാന്തി കൂടിയാൽ, നിങ്ങൾക്ക് സമ്പത്ത് സൃഷ്ടിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, നിങ്ങളുടെ മോശം നിക്ഷേപ അനുഭവം ഭാവിയിൽ നിക്ഷേപിക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാനും സാധ്യതയുണ്ട്. ഇത് കാരണം ഭാവിയിൽ നിങ്ങൾക്ക് സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചേക്കും.

  മേഖലാധിഷ്ടിത ഫണ്ടുകൾ അഥവാ സാറ്റലൈറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുക

  വിലക്കയറ്റവും പണപ്പെരുപ്പവും വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഇത്തരമൊരു സാഹചര്യത്തിൽ സാറ്റലൈറ്റ് ഫണ്ടുകൾ (Satellite Funds) എന്നറിയപ്പെടുന്ന മേഖലാധിഷ്‌ഠിത ഫണ്ടുകൾ (Sectoral Funds) നിങ്ങളുടെ ഇക്വിറ്റി പോർട്ട്‌ഫോളിയോയെ കൂടുതൽ വൈവിധ്യമാക്കുന്നതിന് ഗുണകരമായി സഹായിക്കും. ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ മൊത്തത്തിലുള്ള നിക്ഷേപ പോർട്ട്‌ഫോളിയോക്ക് നേട്ടമുണ്ടാക്കുന്ന ഇത്തരം സ്കീമുകളിൽ കൂടുതൽ ലംപ‍്‍സം നിക്ഷേപങ്ങൾ നിക്ഷേപകർക്ക് പരിഗണിക്കാവുന്നതാണ്. ബാങ്കിംഗ്, ഫാർമസ്യൂട്ടിക്കൽസ്, ഐടി തുടങ്ങിയ മേഖലകൾ കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

  മുകളിൽ വിവരിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാ നിക്ഷേപകർക്കും ഒരുപോലെ ബാധകമാണെന്ന് കരുതരുത്. ഓരോ നിക്ഷേപകനും ഓരോ സാഹചര്യത്തിലൂടെയാവണം കടന്ന് പോവുന്നത്. ഇതിലെ നിർദ്ദേശങ്ങൾ മനസ്സിലാക്കി തന്ത്രങ്ങൾ മെനയുന്നതിന് മുൻപ് നിങ്ങൾ കുറച്ച് കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. റിസ്ക് പ്രൊഫൈൽ, നിക്ഷേപകൻെറ പ്രായം, നിലവിലെ സാമ്പത്തിക ലക്ഷ്യം എന്നിവയെല്ലാം പരിഗണിച്ചാണ് പുതിയ പദ്ധതികൾ തയ്യാറാക്കേണ്ടത്. തീരുമാനം എടുക്കുന്നതിന് മുമ്പ് നിക്ഷേപകർ അവരുടെ സാമ്പത്തിക ഉപദേഷ്ടാക്കളുമായി ച‍ർച്ച ചെയ്യുന്നത് വളരെ നല്ലതായിരിക്കും.
  Published by:Anuraj GR
  First published: