ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ 2022-23 സാമ്പത്തിക വർഷം വിദ്യാഭ്യാസ മേഖലയ്ക്ക് അനുകൂലമായിരിക്കുമോ? വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ മേഖല സാധാരണ നിലയിലേയ്ക്കെത്താനുള്ള കാത്തിരിപ്പിലാണ്.
ഓരോ പുതിയ കോവിഡ് വേരിയന്റും ശാസ്ത്രത്തെയും സമൂഹത്തെയും വിദ്യാർത്ഥികളെയും കൂടുതൽ വെല്ലുവിളിക്കുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 'സ്റ്റോപ്പ്-സ്റ്റാർട്ട്' ക്രമീകരണങ്ങൾ വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. ക്ലാസുകളും മറ്റും ഇത്തരത്തിൽ പെട്ടെന്ന് നിർത്തുന്നതും മറ്റും വിദ്യാഭ്യാസ മേഖലയെ മൊത്തത്തിൽ തളർത്തുകയാണ്.
കഴിഞ്ഞ രണ്ട് വർഷമായി സ്‌കൂളുകൾ അടച്ചിട്ടതോടെ 25 കോടിയോളം വിദ്യാർത്ഥികളെയാണ് ഇത് ബാധിച്ചത്. മാതാപിതാക്കളുടെയും അധ്യാപകരുടെയും മേൽ സാങ്കേതികവും സാമ്പത്തികവുമായ ഭാരവും വർദ്ധിച്ചു.
പുതിയ വിദ്യാഭ്യാസ നയം എങ്ങനെയായിരിക്കുമെന്നും 21-ാം നൂറ്റാണ്ടിലെ പുതിയ വിദ്യാഭ്യാസ ചക്രം തിരിക്കുന്നത് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ചും ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം.
1964ൽ കോത്താരി കമ്മീഷൻ വിദ്യാഭ്യാസച്ചെലവ് ജിഡിപിയുടെ 2.9 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ഉയർത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇത് 20 വർഷത്തിനുള്ളിൽ, അതായത് 1985-86 സാമ്പത്തിക വർഷത്തോടെ കൈവരിക്കണമെന്നുമാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഇതുവരെ നാമമാത്രമായ പുരോഗതി മാത്രമേ ഈ മേഖലയിൽ കൈവരിച്ചിട്ടുള്ളൂ. 2020-21ലെ സാമ്പത്തിക സർവേ പ്രകാരം 2019-21 കാലഘട്ടത്തിൽ ജിഡിപിയിൽ വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയുടെ ചെലവ് 3-3.5 ശതമാനമായിരുന്നു.
വിരോധാഭാസമെന്നു പറയട്ടെ, ജിഡിപിയുടെ അതേ 6 ശതമാനം തന്നെയാണ് പുതിയ വിദ്യാഭ്യാസ നയത്തിലും (NEP 2020) ആവർത്തിച്ചിരിക്കുന്നത്. എന്നാൽ വിദ്യാഭ്യാസ മേഖലയ്ക്ക് 2021ൽ 93,224 കോടി രൂപ അനുവദിച്ചിരുന്നു. ഇത് 2020, 2019 വർഷങ്ങളിൽ നിന്ന് യഥാക്രമം 6, 14 ശതമാനം കുറവാണ്.
ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുള്ള, നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ നയിക്കുന്ന ഈ സുപ്രധാന മേഖലയിലേക്കുള്ള സർക്കാരിന്റെ ശ്രദ്ധ പര്യാപ്തമല്ല. നമുക്ക് തീർച്ചയായും ഇതിൽ കൂടുതൽ നന്നായി ഈ മേഖലയെ പരിഗണിക്കാൻ സാധിക്കും.
ഇന്ത്യയുടെ വളർന്നുവരുന്ന വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ നേട്ടം കൊയ്യാൻ ഭാവിയിലെ തന്ത്രപ്രധാനമായ ആവശ്യങ്ങളിൽ നിക്ഷേപം നടത്തുന്നതിന് കൂടുതൽ മുൻഗണന നൽകണം. ഭാവിയിലെ ഉദ്യോഗസ്ഥരെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതവും നൂതന ആശങ്ങളുള്ളവരുമായി സൃഷ്ടിക്കുന്നതിന് NEP 2020ൽ പ്രോ ലേണിംഗ് പാഠ്യപദ്ധതി നടപ്പിലാക്കണം.
ബജറ്റിൽ വിദ്യാഭ്യാസ വിഹിതം ഇരട്ടിയാക്കുക
ജിഡിപിയുടെ 6 ശതമാനത്തിലെത്തുന്നത് എങ്ങനെ? ഇതിനായി അതിനനുസരിച്ച് നിക്ഷേപം നടത്തണം. ബജറ്റ് രണ്ട് മടങ്ങ് വർദ്ധിപ്പിക്കുക. ഇത് NEP 2020 നടപ്പിലാക്കുന്നതിന് ആവശ്യമായ പരിശ്രമങ്ങളും മൂലധനവും വർദ്ധിപ്പിക്കും.
ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക, രാജ്യത്തുടനീളം ഈ മഹാമാരിയിലും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉയർത്തിപ്പിടിക്കുക, നഗര-ഗ്രാമ വിഭജനത്തിനപ്പുറം കഴിവുകളെ പ്രോത്സാഹിപ്പിക്കുക. പ്രൊഫഷണലുകൾക്കിടയിൽ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്കോളർഷിപ്പുകൾ നൽകുക, ഇന്ത്യയെ ആഗോള വിജ്ഞാന ശക്തിയാക്കി മാറ്റുക. 2022ലെ വിദ്യാഭ്യാസ ബജറ്റിലെ വിഹിതം ഇരട്ടിയാക്കുന്നത് ഈ മേഖലയിൽ നിർണായക നടപടിയായിരിക്കും.
എഡ്‌ടെക് - വിദ്യാഭ്യാസത്തിന്റെ ഭാവി
21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറ പുനർനിർമ്മിക്കുന്നതിൽ എഡ്‌ടെക്കിന്റെ പങ്ക് വളരെ വലുതാണ്. സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു പുതിയ പഠന വഴി തുറക്കാൻ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഇ-ലേണിംഗ് ആവശ്യമാണ്. എഡ്-ടെക്കുകൾ വിദ്യാഭ്യാസത്തിന്റെ അനിവാര്യമായ ഭാവിയാണ്. എന്നാൽ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കപ്പെട്ട പരമ്പരാഗത സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, എഡ്ടെക്ക് സ്ഥാപനങ്ങൾ 18 ശതമാനം ജിഎസ്ടി അടയ്ക്കുന്നുണ്ട്. രാജ്യത്തെ ഒരിക്കലും കുറയാത്ത വിദ്യാഭ്യാസച്ചെലവ് കണക്കിലെടുക്കുമ്പോൾ, വിദ്യാഭ്യാസ സേവനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണം.
കോവിഡ് മഹാമാരി പരമ്പരാഗത പഠന രീതികളെ മാറ്റിമറിച്ചു. വിദ്യാർത്ഥികൾ ഇപ്പോൾ മറ്റ് അനുബന്ധ വിദ്യാഭ്യാസ സ്രോതസ്സുകളും പഠനത്തിനായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഈ മേഖലയിലെ ജിഎസ്ടി കുറയ്ക്കുന്നത് മാതാപിതാക്കളുടെ സമ്മർദ്ദം ലഘൂകരിക്കുകയും സേവനം എല്ലാവരിലേയ്ക്കും എത്തുന്നതിനും സഹായിക്കും.
പൊതു-സ്വകാര്യ പങ്കാളിത്തം, ദീർഘകാല നികുതി ഇളവുകൾ, എഡ്-ടെക് സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണ എന്നിവ ഈ മേഖലയിൽ പ്രതീക്ഷിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളാണ്. എഡ്‌ടെക് മേഖലയെ നിയന്ത്രിക്കാൻ ഒരു ചട്ടക്കൂട് തയ്യാറാക്കുന്നത് ഉപഭോക്താക്കൾക്കും ഏറെ ഗുണം ചെയ്യും.
അധ്യാപകർക്കുള്ള സാങ്കേതിക പരിശീലനം
നമ്മുടെ രാജ്യത്തെ സാക്ഷരതാ വിടവ് നികത്തുന്നതിനുള്ള ഫലപ്രദമായ പരിഹാരമായാണ് ഡിജിറ്റൈസേഷനെ കണക്കാക്കുന്നത്. എന്നാൽ ബ്ലാക്ക്‌ബോർഡ് അധ്യാപനത്തിൽ വൈദഗ്ധ്യമുള്ള നമ്മുടെ അധ്യാപകർ ഓൺലൈൻ അധ്യാപനം ഫലപ്രദമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നാഷണൽ അച്ചീവ്‌മെന്റ് സർവേ (NAS) 2021ലും പ്രൈമറി തലത്തിലുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ വഴി അടിസ്ഥാന കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ശരിയായ പരിശീലനമില്ലാതെയുള്ള ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പിഴവുകളാണ് റിപ്പോർട്ട് എടുത്തുകാണിക്കുന്നത്.
പുതിയ അധ്യാപകർക്ക് സാങ്കേതിക, സോഫ്റ്റ് സ്‌കിൽ പരിശീലനം നിർബന്ധമാക്കണം. നിലവിലുള്ള അധ്യാപകരുടെ സാങ്കേതിക പരിശീലനത്തിന് ബജറ്റിൽ പ്രത്യേകം വിഹിതം അനുവദിക്കണം. ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികളുടെ ഇടപഴകലുകൾ വർദ്ധിപ്പിക്കാനും നിലനിർത്താനും അധ്യാപകരെ പ്രത്യേകം പരിശീലിപ്പിക്കണം.
പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസ നയം
നിർഭാഗ്യവശാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ഏറ്റവും കൂടുതൽ ബാധിച്ചത് കൊവിഡ്-19 കാലത്താണ്. സ്‌കൂളുകൾ അടച്ചുപൂട്ടിയതിനാൽ പലരും വീട്ടുജോലിക്ക് നിർബന്ധിതരാവുകയോ വിവാഹിതരാവുകയോ ചെയ്തു. 2020ലെ പുതിയ വിദ്യാഭ്യാസ നയത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫണ്ടുകളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 2021ലെ ബജറ്റിൽ ഇതു സംബന്ധിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല.
പെൺകുട്ടികൾക്കുള്ള നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീമിന്റെ വിഹിതം 373 കോടി രൂപയിൽ നിന്ന് ഒരു കോടി രൂപയായി കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കുറഞ്ഞിരുന്നു.
2022ലെ ബജറ്റിൽ ഇന്ത്യയിൽ പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസ നയം അത്യന്താപേക്ഷിതമാണ്. സ്‌കോളർഷിപ്പുകൾ, രക്ഷിതാക്കൾക്ക് നികുതി ഇളവുകൾ എന്നിവയിലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, അതുവഴി പെൺകുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ കൊഴിഞ്ഞു പോക്കില്ലാതെ നിലനിർത്താൻ കഴിയും.
വിദ്യാർത്ഥികളുടെ ആരോഗ്യം
ഫലപ്രദമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം വിദ്യാർത്ഥികളുടെ പഠന നിലവാരം മാത്രമല്ല, വിദ്യാർത്ഥികളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌ക്രീൻ അഡിക്ഷൻ, ഓൺലൈൻ പരീക്ഷാ ഉത്കണ്ഠ എന്നിവയാൽ നിരവധി കുട്ടികൾ ബുദ്ധിമുട്ടുന്നുണ്ട്. ഇത് മഹാമാരിയെ തുടർന്ന് പലമടങ്ങ് വർദ്ധിച്ചു.
കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള ആരോഗ്യ പദ്ധതികളും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള പ്രത്യേകം കൗൺസിലിംഗുകളും സ്കൂൾ വെൽനസ് പ്രോഗ്രാമുകളും കുട്ടികളുടെ ആരോഗ്യകരമായ ജീവിതത്തിനും വിദ്യാഭ്യാസത്തിനും ഗുണകരമാകും. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഇന്ത്യയിലെ യുവാക്കൾക്ക് സാധിക്കും. എന്നാൽ അവരുടെ കഴിവുകളിൽ സർക്കാർ ശരിയായ നിക്ഷേപവും പിന്തുണയും നൽകേണ്ടത് ആവശ്യമാണ്.
(ലേഖനം എഴുതിയത്: ഓസ്വാൾ ബുക്സ് സിഇഒ പ്രശാന്ത് ജെയിൻ)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.