എന്താണ് കേരള ബാങ്ക്? അറിയേണ്ടതെല്ലാം

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കേരള ബാങ്ക് നിലവിൽ വരുമെന്നാണ് പ്രഖ്യാപനം

News18 Malayalam | news18-malayalam
Updated: October 10, 2019, 11:59 AM IST
എന്താണ് കേരള ബാങ്ക്? അറിയേണ്ടതെല്ലാം
news18
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തിന് സ്വന്തമായൊരു ബാങ്കെന്ന സർക്കാരിന്റെ സ്വപ്നം യാഥാർഥ്യമാകുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കേരള ബാങ്ക് നിലവിൽ വരുമെന്നാണ് പ്രഖ്യാപനം. ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

എന്തുകൊണ്ട് കേരള ബാങ്ക്

സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്ന് അറിയപ്പെട്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ(എസ്.ബി.റ്റി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യുമായി ലയിച്ചതിനു പിന്നാലെയാണ് കേരള ബാങ്ക് രൂപീകരണ ചർച്ചകൾ ആരംഭിച്ചത്. എസ്.ബി.ഐ രാജ്യത്തെ ഒന്നാംനിര പൊതുമേഖലാ ബാങ്കിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തിന് അർഹമായ പരിഗണന ലഭിക്കില്ലെന്ന വാദമുയർത്തിയാണ് കേരള ബാങ്ക് രൂപീകരണ നടപടികൾക്ക് സർക്കാർ തുടക്കമിട്ടത്.

രൂപീകരണം
സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കൂട്ടിച്ചേർത്താണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. പ്രൈമറി, ജില്ലാ, സംസ്ഥാന തലങ്ങളിലാണ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. ഇതിൽ സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ കൂട്ടിച്ചേർത്താണ് കേരള ബാങ്കിന്റെ രൂപീകരണം.

ലയനം
കേരള ബാങ്ക് രൂപീകരണം സംബന്ധിച്ച് പഠനം നടത്താന്‍ ശ്രീറാം കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ക്കായി ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചു. ഇവരുടെ മേല്‍നോട്ടത്തിലാണ് റിസര്‍വ് ബാങ്കിന്റെ അനുമതിക്കായി അപേക്ഷിച്ചത്.  ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളുടെ വായ്പാ പ്രോഡക്ടുകള്‍ 2019 ജനുവരി ഒന്ന് മുതല്‍ ഏകീകരിച്ചു. ബാങ്കുകളുടെ സിഎ ഓഡിറ്റ്, മെഗ്രേഷന്‍ ഓഡിറ്റ്, ആസ്തി ബാധ്യതകളുടെ കണക്കെടുപ്പ് എന്നിവ പൂര്‍ത്തീകരിച്ചു. പുതുതായി ബാങ്ക് എന്ന പദം പേരിനൊപ്പം ഉപയോഗിച്ച് സഹകരണ സംഘങ്ങള്‍ റജിസ്റ്റര്‍ ചെയ്യരുതെന്നും നിര്‍ദേശം നല്‍കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനും കമ്മിഷനെ നിയമിച്ചു

മൂലധനം
സംസ്ഥാന സഹകരണ ബാങ്കിന് 7000 കോടി രൂപയും ജില്ലാബാങ്കുകളില്‍ 47047 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. 650 ബില്ല്യണ്‍ രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

വെല്ലുവിളികൾ
ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്പ്രദായത്തില്‍നിന്നും ദ്വിതല സമ്പ്രദായത്തിലേക്ക് മാറ്റി കേരള ബാങ്ക് രൂപീകരിക്കുന്നതിന് 19 വ്യവസ്ഥകൾ റിസര്‍വ് ബാങ്ക് മുന്നോട്ടു വച്ചിരുന്നു. ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളുടെ പൊതുയോഗത്തിൽ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ലയന പ്രമേയം പാസാക്കണമെന്നതായിരുന്നു പ്രധാന നിബന്ധന. എന്നാൽ 13 ബാങ്കുകൾ അനുകൂലിച്ചെങ്കിലും മലപ്പുറം ജില്ലാ ബാങ്കിൽ രണ്ടു തവണയും പ്രമേയം പാസാക്കാനായില്ല. ഇതേത്തുടർന്ന് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്റെ അംഗീകാരം മാത്രം നേടിയാല്‍ മതിയെന്നുമുള്ള  ഭേദഗതി വരുത്തിയുള്ള ഓർഡിനൻസ് ഇറക്കി.

ഇനിയും കടമ്പകളേറെ
റിസര്‍വ് ബാങ്കിന്റ അനുമതി ലഭിച്ചെ ങ്കിലും ബാങ്ക് രൂപീകരണത്തിനെതിരെ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ വെല്ലുവിളിയാകും. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിക്കാൻ തയാറായിട്ടില്ല. ലയിച്ച ബാങ്കുകളിലെ പ്രതിനിധികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തിലേ  ലയനം നടപ്പാക്കാവൂവെന്ന് റിസര്‍വ് ബാങ്കും നിർദ്ദേശിച്ചിട്ടുണ്ട്.  ഈ കേസുകളില്‍ പ്രതികൂല വിധി വന്നാല്‍ അത് ബാങ്ക് രൂപീകരണത്തിന് തിരിച്ചടിയാകും.

Also Read കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ്വ് ബാങ്ക് അന്തിമ അനുമതി നല്‍കിയതില്‍ സന്തോഷം: മുഖ്യമന്ത്രി

First published: October 10, 2019, 11:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading