മേയ് നാലിന് പ്രാഥമിക ഓഹരി വിൽപന (ഐപിഒ) ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാരിന് കീഴിലുള്ള ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ അഥവാ (Life Insurance Corporation) എല്‍.ഐ.സി. യുഎസ് ഫെഡ് നിരക്കുകൾ (US fed rates) കർശനമാക്കിയതിനെ തുടർന്ന് വിപണികൾ കൂടുതൽ അസ്ഥിരമാകുകയും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ - FPI) ഇന്ത്യൻ ഓഹരികളിൽ നിന്ന് പിന്മാറുകയും ചെയ്യുന്ന അവസരത്തിലാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രഖ്യാപനം. 29 കോടി പോളിസി ഹോൾഡർമാരുള്ള (Policy Holders) എൽഐസിയുടെ (LIC) ഈ നീക്കം വിജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എൽഐസിയിൽ കേന്ദ്രസർക്കാരിനുള്ള 3.5% ഓഹരിയാണ് വിൽക്കുന്നത്. 15 ഓഹരിയെങ്കിലും വാങ്ങേണ്ടതുണ്ട്. തുടർന്ന് 15ന്റെ ഗുണിതങ്ങളായി വാങ്ങാം.
ഐപിഒ സർക്കാരിനും എൽഐസിക്കും നേട്ടമാകുമോ?ചെലവുകൾക്കും നികുതികൾക്കും ശേഷമുള്ള ഇപ്പോഴത്തെ ഓഫറിന്റെ മുഴുവൻ വരുമാനത്തിനും സർക്കാരിന് അർഹതയുണ്ടാകും. ഓഫറിൽ നിന്നുള്ള വരുമാനം എൽഐസിക്ക് ലഭിക്കില്ല. ഓഫർ വില അനുസരിച്ച് ഐപിഒയിൽ നിന്ന് 50,000 കോടി മുതൽ ഒരു ലക്ഷം കോടി രൂപ വരെ സർക്കാർ സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സർക്കാരിന് വലിയ ഉത്തേജനവും കമ്മി കുറയ്ക്കുന്നതിന് സഹായകരവുമാകും.
എൽഐസിയെ സംബന്ധിച്ചിടത്തോളം, ഐപിഒ തങ്ങളുടെ ബ്രാൻഡിന്റെ വളർച്ചക്ക് കൂടുതൽ സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്. നിക്ഷേപകർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകളിൽ നിന്ന് അതിന്റെ ഓഹരികൾ വാങ്ങാൻ സാധിക്കുന്നു എന്നത് കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇപ്പോൾ സർക്കാരിന് മാത്രം ഉത്തരം നൽകേണ്ട എൽഐസി, വിലവിവരങ്ങൾ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും നിക്ഷേപകരെയും എക്സ്ചേഞ്ചുകളെയും അറിയിക്കേണ്ടതുണ്ട്.
ആർക്കൊക്കെ വാങ്ങാം?ഓഫറിന്റെ 5 ശതമാനത്തോളം ജീവനക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. 10 ശതമാനത്തോളം മറ്റൊരു ഭാഗം യോഗ്യരായ പോളിസി ഉടമകൾക്കായും സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. പോളിസി ഉടമകൾക്കും ജീവനക്കാർക്കും ഓഹരികളിൽ കിഴിവ് ലഭിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞത് 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായി സംവരണം ചെയ്യും.
വെല്ലുവിളികൾ എന്തൊക്കെയാണ്?നടപ്പ് സാമ്പത്തിക വർഷത്തിൽ 78,000 കോടി രൂപയുടെ ഓഹരി വിപണി എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ലക്ഷ്യം നേടാൻ ഈ ഐപിഒയും ഒരു പ്രധാന പങ്കു വഹിച്ചേക്കും എന്നാണ് സൂചന. സമീപകാലത്ത് വിപണിയിലുണ്ടായ ഇടിവ് മൂലം ഉയർന്ന പ്രീമിയം ഡിമാൻഡ് ചെയ്യാൻ സർക്കാരിന് കഴിയാതെയും വരും. ലോകമെമ്പാടും പണപ്പെരുപ്പം വർദ്ധിച്ചുവരുന്നതും സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് ഉയർത്താൻ ആലോചിക്കുന്നതും യുഎസിലും മറ്റ് വികസിത വിപണികളിലും പലിശനിരക്കുകൾ വർധിച്ചതുമെല്ലാം സർക്കാരിനും എൽഐസിക്കും മുന്നിലുള്ള വെല്ലുവിളികളാണ്.
എന്താണ് ഐപിഒ?പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിക്കാൻ കമ്പനികൾ ആദ്യമായി ഓഹരി വിൽക്കുന്നതിനെയാണ് ഐപിഒ എന്ന് പറയുന്നത്. ഇതിനു പിന്നാലെയാകും കമ്പനി ഓഹരി വിപണിയുടെ (ലിസ്റ്റിങ്) ഭാഗമാകുക.
Summary: What is LIC IPO and who to benefit out of it?ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.