• HOME
  • »
  • NEWS
  • »
  • money
  • »
  • 'ഇന്ത്യ പല സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ച നിലയിൽ'; രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആർബിഐ ഗവർണർ

'ഇന്ത്യ പല സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ച നിലയിൽ'; രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആർബിഐ ഗവർണർ

2022-23 ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7 ശതമാനമായും രണ്ടാം പാദത്തില്‍ 6.3 ശതമാനമായും പ്രതീക്ഷിക്കുന്നതായി ദാസ് പറഞ്ഞു

  • Share this:
തകിടം മറിഞ്ഞിരിക്കുന്ന ആഗോള സാമ്പത്തിക (global economy) പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിശക്തമായി സ്ഥിരതയോടെ നിലനില്‍ക്കുന്നുവെന്ന് ആര്‍ബിഐ (RBI) ഗവര്‍ണര്‍ ശക്തികാന്ത ദാസ് (Saktikantha Das). മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കാഴ്ചവെയ്ക്കുന്നതെന്നും കോവിഡ്, യുക്രെയ്ന്‍ സംഘര്‍ഷം തുടങ്ങിയ ആഘാതങ്ങളെ രാജ്യം അതിജീവിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അതിഭയങ്കരമായ വെല്ലുവിളികളാണ് ഈ ഘട്ടത്തില്‍ നമ്മള്‍ അഭിമുഖീകരിക്കുന്നത്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളും വര്‍ഷങ്ങളായി നിര്‍മ്മിക്കപ്പെട്ട രീതികളും നമ്മെ നല്ല നിലയിൽ നിലനിർത്തുന്നു. രാഷ്ട്രീയ പിരിമുറുക്കങ്ങള്‍, ഉപരോധങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ 2022 ഏപ്രില്‍ മുതല്‍ ആര്‍ബിഐ നിരവധി നടപടികള്‍ സ്വീകരിച്ചു. വളര്‍ച്ച കൈവരിക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളും ഞങ്ങള്‍ തുടരും' - ദാസ് പറഞ്ഞു.

Also Read- റിപ്പോ നിരക്ക് ഉയർത്തി ആർബിഐ: ഭവനവായ്പയെ ബാധിക്കുന്നത് എങ്ങനെ?

രണ്ടാം പാദത്തിലെ ഡാറ്റ സൂചിപ്പിക്കുന്നത് രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനം ശക്തമായി തുടരുന്നു എന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗര പ്രദേശങ്ങളിലെ ഡിമാന്റില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. രണ്ടര വര്‍ഷം കോവിഡിനൊപ്പമുള്ള ജീവിതത്തിന് ശേഷം വരുന്ന ഉത്സവങ്ങള്‍ സാമ്പത്തിക ക്രയവിക്രയത്തിന് കൂടുതല്‍ ഉത്തേജനം നല്‍കിയിട്ടുണ്ട്. ഗ്രാമീണമേഖലയിലും ഡിമാൻഡ് വര്‍ദ്ധിക്കുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആഭ്യന്തര ഉല്‍പ്പാദനത്തിലും മൂലധന നിക്ഷേപത്തിലും വലിയ കുതിപ്പ് പ്രകടമാണ്.

എന്നാൽ, ആഗോള തലത്തിലുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സാമ്പത്തിക സാഹചര്യങ്ങള്‍, പുറത്തു നിന്നുള്ള ഡിമാൻഡിലെ ഇടിവ് എന്നിവ വളര്‍ച്ചയെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതകളുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍, 2022-23 ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7 ശതമാനമായും രണ്ടാം പാദത്തില്‍ 6.3 ശതമാനമായും പ്രതീക്ഷിക്കുന്നതായി ദാസ് പറഞ്ഞു. മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ 4.6 ശതമാനവുമാണ് പ്രതീക്ഷ. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വളര്‍ച്ച 7.2 ശതമാനമാണ് കണക്കുകൂട്ടുന്നത്.

'ആഗോള രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ആഭ്യന്തര പണപ്പെരുപ്പത്തെ ബാധിച്ചിട്ടുണ്ട്. ജൂലൈയിലെ 6.7 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ പണപ്പെരുപ്പം 7 ശതമാനമായി ഉയര്‍ന്നു,'' ദാസ് പറഞ്ഞു.

Also Read- ഭവന-വാഹന വായ്പയുടെ പലിശനിരക്ക് ഉയരും; റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയർത്തി

ഖാരിഫ് നെല്ലുല്‍പ്പാദനം കുറയാന്‍ സാധ്യതയുള്ളതിനാല്‍ ധാന്യവിലയിലുള്ള പ്രശ്‌നങ്ങള്‍ ഗോതമ്പില്‍ നിന്ന് അരിയിലേയ്ക്കും വ്യാപിക്കും. അതിനാല്‍ ഭക്ഷ്യവിലയില്‍ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഖാരിഫ് പയര്‍ വര്‍ഗ്ഗങ്ങളുടെ വിതയ്ക്കല്‍ കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായേക്കാം.

കാലവര്‍ഷത്തിന്റെ കാലതാമസവും വിവിധ പ്രദേശങ്ങളിലെ തീവ്രമായ മഴയും ഇതിനകം തന്നെ പച്ചക്കറി വിലയെ, പ്രത്യേകിച്ച് തക്കാളിയെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യവിലയിലുണ്ടാകാന്‍ പോകുന്ന ഈ വിലക്കയറ്റം പണപ്പെരുപ്പ സാധ്യത വർധിപ്പിച്ചേക്കാമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കി.

'ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണമായ അസാധാരണമായ ആഗോള സാഹചര്യങ്ങള്‍ വികസിത സമ്പദ്വ്യവസ്ഥകള്‍, ഇഎംഇ (എമര്‍ജിംഗ് മാര്‍ക്കറ്റ് എക്കണോമികള്‍) എന്നിവയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമ്പദ് വ്യവസ്ഥകളെക്കാള്‍ മികച്ച രീതിയിലാണ് ഇന്ത്യയുടെ സ്ഥിതി' ശക്തികാന്ത ദാസ് പറഞ്ഞു.
Published by:Rajesh V
First published: