• HOME
 • »
 • NEWS
 • »
 • money
 • »
 • EMI | ഭവനവായ്പയുടെ ഇഎംഐ അടക്കാൻ വൈകിയാൽ എന്തു സംഭവിക്കും?

EMI | ഭവനവായ്പയുടെ ഇഎംഐ അടക്കാൻ വൈകിയാൽ എന്തു സംഭവിക്കും?

ഭവന വായ്പയുടെ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളും കൃത്യസമയത്ത് ഇഎംഐകൾ അടക്കാനുള്ള ചില മാർ​ഗങ്ങളും വിശദമായി അറിയാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  #ആദിൽ ഷെട്ടി, സിഇഒ, ബാങ്ക് ബസാർ.കോം

  സ്വന്തമായി ഒരു വീട് എന്നത് നമ്മളിൽ പലരുടെയും സ്വപ്നമാണ്. അതിനായി പലരും വായ്പയെടുക്കാറുമുണ്ട്. എന്നാൽ ഭവന വായ്പയുടെ (Home Loan) തിരിച്ചടവ് വൈകുകയാണെങ്കിൽ സ്വപ്നഭവനം പിന്നീടൊരു പേടിസ്വപ്നമായി മാറിയേക്കാം. റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള ഫണ്ട് ക്രമീകരിക്കുന്നതിനുള്ള ഏറ്റവും ചെലവുകുറഞ്ഞതും എളുപ്പവുമായ മാർഗമാണ് ഭവന വായ്പ. പല തരത്തിലുള്ള ഭവനവായ്പകൾ ഇന്നുണ്ട്. ആവശ്യങ്ങൾക്ക് അനുയോജ്യമായ ഏറ്റവും മികച്ച ഓപ്ഷൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  ഭവനവായ്പ എടുക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിച്ചും കൃത്യമായ ആസൂത്രണത്തോടെയും വായ്പ അടച്ചു തീർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭവന വായ്പയുടെ ഇഎംഐ അടക്കുന്നതിൽ വീഴ്ച വരുത്തുന്നത് വായ്പ എടുത്തയാളെ പല തരത്തിലും ബാധിക്കും. ഭവന വായ്പയുടെ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളും കൃത്യസമയത്ത് ഇഎംഐകൾ അടക്കാനുള്ള ചില മാർ​ഗങ്ങളും വിശദമായി അറിയാം.

  എൻപിഎ അക്കൗണ്ട് (NPA Account)

  തുടർച്ചയായി മൂന്ന് മാസം നിങ്ങൾ ഇഎംഐ അടക്കുന്നില്ലെങ്കിൽ അത് ചെറിയ പിഴവായി കണക്കാക്കും (minor default). ഇത്തരം സാഹചര്യങ്ങളിൽ, തിരിച്ചടവുകൾ സംബന്ധിച്ച് വായ്പാ ദാതാവ് നിങ്ങളെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. എന്നാൽ ഈ കാലതാമസം വീണ്ടും നീണ്ടു പോകുമ്പോഴാണ് പ്രശ്നം കൂടുതൽ സങ്കീർണമാകുന്നത്. മൂന്നു മാസത്തിലധികം കാലതാമസം ഉണ്ടായാൽ അതൊരു ​ഗുരുതരമായ പിഴവായി (major default) കണക്കാക്കും. 2002ലെ സെക്യൂരിറ്റൈസേഷൻ ആൻഡ് റീ കൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് (SARFAESI) ആക്‌ട് പ്രകാരം നിങ്ങളുടെ പ്രോപ്പർട്ടി ലേലം ചെയ്യാനുള്ള നടപടികൾ വായ്പാ ദാതാവിന് ആരംഭിക്കാനാകും.

  ഒരു ഇഎംഐ അടക്കുന്നതിൽ കാലതാമസം വരുത്തുമ്പോൾ, കുടിശികയുള്ള ഇഎംഐയുടെ 1% മുതൽ 2% വരെ പിഴ ചുമത്തുന്നതാണ് ഏതൊരു വായ്പാ ദാതാവും സാധാരണയായി ആദ്യം സ്വീകരിക്കുന്ന നടപടി. ​ഗുരുതരമായ പിഴവ് കണ്ടെത്തിയാൽ, അതായത് ഇഎംഐ അടക്കുന്നതിൽ മൂന്നു മാസത്തിലേറെ കാലതാമസം നേരിട്ടാൽ, ബാങ്കിന് നിങ്ങളുടെ ലോൺ എൻ‌പിഎ (NPA) ആയി രേഖപ്പെടുത്താനും പിന്നീട് ഒരു റിക്കവറി നടപടിക്രമം ആരംഭിക്കാനും കഴിയും. സാധാരണയായി, ബാങ്കുകൾ ഒരു ലോണിനെ എൻ‌പിഎ ആയി അടയാളപ്പെടുത്തുന്നതിനു മുൻപ് ഒരു അറിയിപ്പ് അയക്കും. എൻ‌പിഎ അക്കൗണ്ടുകളിൽ നിന്ന് പണം വീണ്ടെടുക്കാൻ ചിലപ്പോൾ ബാങ്കുകൾ മൂന്നാം കക്ഷികളായി ഏജന്റുമാരെയും നിയോ​ഗിക്കാറുണ്ട്. ഇത് കടം വാങ്ങുന്നവർക്ക് അപമാനമായി തോന്നിയേക്കാം. കുടിശ്ശിക തിരിച്ചടയ്ക്കാൻ ഒരു വഴി കണ്ടെത്തുന്നത് കടം കൊടുക്കുന്നവന്റെയും കടം വാങ്ങുന്നവന്റെയും ആവശ്യമാണ്. കടം വാങ്ങുന്നയാൾക്കെതിരെ യാതൊരു തരത്തിലുള്ള ഭീഷണിയോ അപമാനമോ പാടില്ലെന്നും നിയമം അനുശാസിക്കുന്നു. അവരോട് മാന്യമായ രീതിയിലാണ് പെരുമാറേണ്ടത്. കടം വാങ്ങിയ ആൾ അതേ വായ്പാ ദാതാവിൽ നിന്ന് മറ്റേതെങ്കിലും വായ്പകൾ എടുത്തിട്ടുണ്ടെങ്കിൽ, ഇഎംഐകൾ കൃത്യമായി അടച്ചിട്ടുണ്ടെങ്കിൽ പോലും അതും എൻപിഎ അക്കൗണ്ടുകളായി കണക്കാക്കും.

  ക്രെഡിറ്റ് സ്‌കോറിൽ സംഭവിക്കുന്ന മാറ്റം (Impact on Credit Score)

  ഭവന വായ്പാ ഇഎംഐകൾ അടക്കാൻ വീഴ്ച വരുത്തുന്നത് ക്രെഡിറ്റ് സ്‌കോറിനെയും പ്രതികൂലമായി ബാധിക്കും. കടം വാങ്ങുന്നയാൾ ഇഎംഐകൾ അടക്കാൻ കാലതാമസം വരുത്തിയാൽ അയാളുടെ ക്രെഡിറ്റ് സ്‌കോർ താഴും. ഇക്കാലത്ത് മിക്ക ബാങ്കുകളും അവരുടെ വായ്പാ പലിശ നിരക്ക് കൃത്യമായ ഇടവേളകളിൽ പുതുക്കാറുണ്ട്. റിപ്പോ നിരക്കും കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി കണക്കാക്കിയ റിസ്ക് പ്രീമിയവുമെല്ലാം അടിസ്ഥാനമാക്കിയാണ് സാധാരണയായി പലിശ നിരക്ക് പുതുക്കുന്നത്. അതിനാൽ, കുറഞ്ഞ ക്രെഡിറ്റ് സ്കോർ പലിശനിരക്ക് വർദ്ധിപ്പിച്ചേക്കാം. ഗുരുതരമായ പിഴവുകൾ ബാങ്ക് മറ്റ് വായ്പാ ദാതാക്കൾക്ക് റിപ്പോർട്ട് ചെയ്യും. അത് വായ്പ എടുത്തയാളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രതിഫലിക്കുകയും ചെയ്യും. ഇത് കടം വാങ്ങുന്നയാൾക്ക് ഭാവിയിൽ വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

  വായ്പ കൈമാറ്റം ചെയ്യാനും പുതിയ വായ്പ എടുക്കാനുള്ള അപേക്ഷയും നിരസിക്കപ്പെടും (Rejection of Transfer and New Loan)

  നിങ്ങളുടെ ഭവനവായ്പ മറ്റേതെങ്കിലും ബാങ്കിലേക്കോ ധനകാര്യ സ്ഥാപനങ്ങളിലേക്കോ കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇഎംഐ അടക്കാൻ വീഴ്ച വരുത്തിയിട്ടുള്ളതിനാൽ പുതിയ വായ്പാ ദാതാവ് നിങ്ങളുടെ അപേക്ഷ നിരസിച്ചേക്കാം. വ്യക്തിഗത വായ്പകൾ, കാർ ലോണുകൾ മുതലായ മറ്റ് വായ്പകൾ ലഭിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

  ഭവനവായ്പകളുടെ ഇഎംഐ അടക്കാൻ കാലതാമസം നേരിടുന്നത് എങ്ങനെ ഒഴിവാക്കാം (How To Avoid Delay Payment of Home Loan EMIs)?

  നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് താത്കാലികമാണെങ്കിൽ ഇഎംഐകൾ തിരിച്ചടയ്ക്കാനായി സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പണം കടം വാങ്ങാം. ഇഎംഐ അടക്കുന്നതിനായി നിങ്ങളുടെ ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നിന്നോ ​​ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നോ ​​ഓവർഡ്രാഫ്റ്റുകൾ എടുക്കുക എന്നതാണ് മറ്റൊരു ഓപ്ഷൻ. എന്നാൽ ഈ പണം തിരികെ ​​ഓവർഡ്രാഫ്റ്റിൽ നിക്ഷേപിക്കണം. നിങ്ങൾ താത്കാലികമായി അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ട് മറികടന്നാൽ, പണം തന്നു സഹായിച്ച സുഹൃത്തിനോ ബന്ധുവിനോ അത് തിരികെ നൽകുകയും വേണം. എന്നാൽ നിങ്ങൾ അനിശ്ചിതകാലത്തേക്കുള്ള സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ, ഇഎംഐകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നതിനായി ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്നോ മറ്റ് ലിക്വിഡ് ഫണ്ടുകളിൽ നിന്നോ പണം പിൻവലിക്കാം. നിങ്ങളുടെ പിഎഫ് സംഭാവനയിൽ നിന്നോ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) പോലുള്ള ദീർഘകാല നിക്ഷേപങ്ങളിൽ നിന്നോ പണം പിൻവലിക്കുന്നതും പരിഗണിക്കാം.

  സാമ്പത്തികം ഉടൻ മെച്ചപ്പെടില്ലെന്ന് തോന്നിയാൽ, വീട് വിൽക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഒരു ചെറിയ വീട്ടിലേക്കോ വാടക വീട്ടിലേക്കോ മാറുന്നത് പോലുള്ള ഓപ്ഷനുകളും മുന്നിലുണ്ട്. അല്ലെങ്കിൽ സ്വർണ്ണം, കാർ മുതലായ ആസ്തികൾ വിൽക്കുകയും ചെയ്യാം. കൂടാതെ, ഒരു ചെറിയ കാലയളവിലേക്ക് ഇഎംഐകൾ കവർ ചെയ്യുന്നതിനായി നിങ്ങൾക്ക് ഒരു ലോൺ ഇൻഷുറൻസ് പ്ലാൻ വാങ്ങാം. ചില ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പാ വിതരണ സമയത്ത് ഇത്തരം ഇൻഷുറൻസ് പ്ലാനുകൾ വാഗ്ദാനം ചെയ്യാറുണ്ട്. ജോലി നഷ്‌ടപ്പെട്ടോ വരുമാനം താൽകാലികമായി നിലച്ചോ നിങ്ങളുടെ ഇഎംഐകൾ അടയ്‌ക്കാൻ കഴിയാതെ വരുമ്പോൾ ഇത്തരം ഓപ്ഷനുകളും മുന്നിലുണ്ട്.

  പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളിൽ ഇഎംഐകൾ സമയബന്ധിതമായി അടയ്ക്കുന്നതിന് മതിയായ പണം ഉണ്ടെന്ന് ഉറപ്പാക്കാൻ എമർജൻസി ഫണ്ടുകൾ സൃഷ്ടിക്കുക. ലോൺ എടുക്കുന്നതിന് മുൻപ് ഇത്തരം കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത് നന്നായിരിക്കും. നിങ്ങൾക്ക് തിരിച്ചടക്കാൻ സാധിക്കുന്ന വായ്പ മാത്രം എടുക്കുക. ഇഎംഐ കുറച്ച്, കൂടുതൽ കാലയളവിലേക്ക് ലോൺ എടുക്കാം. തിരിച്ചടവ് ആരംഭിക്കുന്നതിനു മുൻപ് സാമ്പത്തികമായി തയ്യാറെടുക്കുന്നതിന് മൊറട്ടോറിയം കാലയളവും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

  വായ്പാ ദാതാവുമായി സംസാരിച്ചും ഒരു പരിഹാരം കണ്ടെത്താം. ലോൺ റീസ്ട്രക്ചറിംഗ്, ഗ്രേസ്, മൊറട്ടോറിയം കാലയളവ്, ലോൺ സെറ്റിൽമെന്റ് തുടങ്ങിയ ഓപ്ഷനുകൾ അവർ മുൻപോട്ടു വെച്ചേക്കാം.
  Published by:user_57
  First published: