നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • വിരമിക്കലിന് ശേഷം മികച്ച നികുതിരഹിത വരുമാനം ലഭിക്കാൻ ഏത് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണം?

  വിരമിക്കലിന് ശേഷം മികച്ച നികുതിരഹിത വരുമാനം ലഭിക്കാൻ ഏത് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണം?

  ചില പദ്ധതികളിലൂടെ 1.5 ലക്ഷം രൂപ വരെ നമുക്ക് നികുതിയിളവ് ലഭിക്കും

  News18 Malayalam

  News18 Malayalam

  • Share this:
   ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള ഒരു കാര്യമല്ല. ദീർഘകാല പദ്ധതികളാണ് തിരഞ്ഞെടുക്കാൻ ആലോചിക്കുന്നതെങ്കിൽ ലഭ്യമായ പദ്ധതികളെല്ലാം വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ അന്തിമമായി ഒരു തീരുമാനമെടുക്കാൻ പാടുള്ളൂ. പണം സൂക്ഷിക്കാനും വരുമാനം നേടാനും മാത്രമല്ല, മറിച്ച് നികുതി സംബന്ധമായ പല പ്രയോജനങ്ങൾ നേടാനും ചില നിക്ഷേപ സംവിധാനങ്ങൾ നമ്മെ സഹായിക്കും. ചില പദ്ധതികളിലൂടെ 1.5 ലക്ഷം രൂപ വരെ നമുക്ക് നികുതിയിളവ് ലഭിക്കും. ശരിയായ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ വർഷാവർഷം ലഭിക്കുന്ന നികുതിയിളവ് മാത്രമല്ല പദ്ധതിയുടെ കാലയളവ് കഴിയുമ്പോൾ ലഭിക്കുന്ന നികുതിരഹിത റിട്ടേൺസ് എത്രയാണെന്നതും നമ്മൾ പരിഗണിക്കേണ്ടതുണ്ട്.

   നിലവിൽ വിപണിയിൽ ലഭ്യമായ നിക്ഷേപ പദ്ധതികളിൽ വച്ച് ജനകീയവും മികച്ച നികുതിരഹിത റിട്ടേൺസ് വാഗ്ദാനം ചെയ്യുന്നതുമായ ചില പദ്ധതികൾ തിരഞ്ഞെടുത്ത് നിങ്ങൾക്കായി അവതരിപ്പിക്കുകയാണ് ഇവിടെ. ഈ പദ്ധതികളുടെ പ്രധാനപ്പെട്ട സവിശേഷതകൾ എല്ലാം ഉൾക്കൊള്ളിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ടെങ്കിലും ഓരോ പദ്ധതിയും തിരഞ്ഞെടുത്ത് പണം നിക്ഷേപിക്കുന്നതിന് മുമ്പ് അവയുടെ ഓഫർ സ്കീം വിശദമായി വായിക്കാൻ മറന്നു പോകരുത്.

   എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)
   സ്ഥിരവരുമാനമുള്ള വ്യക്തികൾക്കിടയിൽ ഏറ്റവും വ്യാപകമായ ദീർഘകാല റിട്ടയർമെന്റ് നിക്ഷേപ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). ഈ പദ്ധതി പ്രകാരം തൊഴിലുടമയും ജീവനക്കാരനും അടിസ്ഥാന വേതനത്തിന്റെ 12 ശതമാനവും ക്ഷാമബത്തയും പിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. നിങ്ങളുടെ പിഎഫ് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന സംഘടനയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഈ തുകയ്ക്ക് പലിശ നൽകുന്നു. വിപണിയിലെ സ്ഥിതിഗതികൾക്കനുസരിച്ച് വർഷാവർഷം പലിശനിരക്കിൽ വ്യത്യാസങ്ങൾ വരുത്തും. ജീവനക്കാർക്ക് പണം നഷ്ടപ്പെടാനുള്ള സാധ്യത തീർത്തും കുറവായ സുരക്ഷിതമായ നിക്ഷേപ പദ്ധതിയായ ഇപിഎഫിലൂടെ സ്ഥിരം തൊഴിലിൽ ഏർപ്പെടുന്നവർക്ക് നല്ലൊരു തുക സമ്പാദിക്കാൻ കഴിയും.

   നാഷണൽ പെൻഷൻ സ്‌കീം (എൻപിഎസ്)
   18 വയസിനും 60 വയസിനും മദ്ധ്യേ പ്രായമുള്ള ഏതൊരു പൗരനും ദേശീയ പെൻഷൻ പദ്ധതിയുടെ (എൻപിഎസ്) ഗുണഭോക്താക്കളായി മാറാം. പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (പിഎഫ്ആർഡിഎ) കീഴിലാണ് ദേശീയ പെൻഷൻ പദ്ധതി പ്രവർത്തിക്കുന്നത്. സ്വന്തമായി ഒരു അക്കൗണ്ട് ആരംഭിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ പദ്ധതിയിൽ പണം നിക്ഷേപിച്ചു തുടങ്ങാം. ആദായ നികുതി നിയമത്തിലെ 80-ാം വകുപ്പ് പ്രകാരം ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന പണത്തിന് നികുതി ബാധകമല്ല. അക്കൗണ്ട് തുടങ്ങിയതിന് ശേഷം മൂന്ന് വർഷക്കാലം അക്കൗണ്ട് ഉടമകൾക്ക് ഭാഗികമായി പണം പിൻവലിക്കാൻ കഴിയും. എന്നാൽ, നിക്ഷേപകർക്ക് 60 വയസ് തികഞ്ഞതിന് ശേഷം മാത്രമേ പണം പൂർണമായി പിൻവലിക്കാൻ കഴിയൂ. പ്രത്യേക അപേക്ഷ നൽകുന്നതിലൂടെ പദ്ധതി പൂർത്തിയാകുന്നതിന്റെ കാലാവധി പത്ത് വർഷത്തേക്ക് കൂടി നീട്ടിക്കിട്ടുന്നതാണ്. ഭവന സംബന്ധമായ ആവശ്യം, കുട്ടികളുടെ വിദ്യാഭ്യാസം, കുട്ടികളുടെ വിവാഹം തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി നിക്ഷേപകർക്ക് അടിയന്തിരമായി പണം പിൻവലിക്കാനുള്ള സൗകര്യവും ലഭിക്കും. ആകെ നിക്ഷേപത്തുകയുടെ 25 ശതമാനം മാത്രമാണ് ഇത്തരത്തിൽ അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി പിൻവലിക്കാൻ കഴിയുക.

   വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്)
   സ്ഥിരവരുമാനമുള്ള ജീവനക്കാർക്ക് സ്വമേധയാ പ്രതിമാസം പണം നിക്ഷേപിക്കാനും അതിലൂടെ സമ്പാദ്യം രൂപപ്പെടുത്താനും കഴിയുന്ന സന്നദ്ധ പദ്ധതിയാണ് വോളണ്ടറി പ്രൊവിൻഡന്റ് ഫണ്ട് (വി പി എഫ്). എന്നാൽ, ഈ പദ്ധതി പ്രകാരമുള്ള സംഭാവന ഇപിഎഫിന്റെ പരിധിയിൽ വരുന്ന 12 ശതമാനത്തിൽ കുറയാൻ പാടില്ല. വിപിഎഫിനായി പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കേണ്ട കാര്യമില്ല. ഇപിഎഫ് അക്കൗണ്ടുമായി ചേർന്നാണ് വിപിഎഫും പ്രവർത്തിക്കുക. കുറഞ്ഞത് അഞ്ച് വർഷക്കാലാവധിയിലാണ് വിപിഎഫിൽ നിക്ഷേപം നടത്താൻ കഴിയുക. അതിന് മുമ്പ് പണം പിൻവലിക്കുകയാണെങ്കിൽ അതിന് നികുതി ബാധകമായിരിക്കും.

   പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
   ഇപിഎഫ്, വിപിഎഫ് എന്നീ പദ്ധതികൾ സ്ഥിരവരുമാനമുള്ള ജീവനക്കാർക്ക് വേണ്ടിയുള്ളതാണെങ്കിൽ ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപം നടത്താൻ സഹായിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). പ്രധാനപ്പെട്ട ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അക്കൗണ്ട് തുടങ്ങുന്നതിലൂടെ നിങ്ങൾക്ക് ഈ പദ്ധതിയുടെ ഭാഗമായി പണം നിക്ഷേപിക്കാൻ കഴിയും. പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുന്ന തുകയ്ക്ക് കേന്ദ്ര സർക്കാർ പലിശ നൽകും. വിപണിയുടെ സ്ഥിതിഗതികൾ വിലയിരുത്തി ഓരോ പാദത്തിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള പലിശ എത്രയെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കും. 15 വർഷത്തിന്റെ കാലാവധിയാണ് ഈ പദ്ധതിയ്ക്ക് ഉള്ളത്. എന്നാൽ, സവിശേഷ സാഹചര്യങ്ങളിൽ നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പണം പിൻവലിക്കാൻ കഴിയും. പിപിഎഫിൽ അക്കൗണ്ട് ഉടമയ്ക്ക് താത്പര്യമുള്ള കാലത്തോളം 5 വർഷം വീതമായി നിക്ഷേപ കാലാവധി ദീർഘിപ്പിച്ചുകൊണ്ടിരിക്കാം. ഒരു പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ തുക പ്രതിവർഷം 500 രൂപയാണ്. പരമാവധി തുകയാകട്ടെ, പ്രതിവർഷം 1,50,000 രൂപയാണ്. പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് പ്രതിവർഷം ഒറ്റത്തവണയായോ അല്ലെങ്കിൽ പരമാവധി പന്ത്രണ്ട് തവണകളായോ പണം നിക്ഷേപിക്കാൻ കഴിയും. പിപിഎഫിന് ലഭിക്കുന്ന പലിശ നികുതിരഹിതമാണ്. നിലവിൽ പിപിഎഫ് അക്കൗണ്ടിൽ ലഭിക്കുന്ന പലിശ നിരക്ക് 7.6 ശതമാനമാണ്.
   Published by:Jayesh Krishnan
   First published:
   )}