ബംഗളൂരു: ഇന്ത്യയിൽ (India) ബിസിനസ് (Business) ആരംഭിക്കുന്ന കാര്യത്തിൽ ടെസ്ല (Tesla) ഉടമ എലോൺ മസ്ക് (Elon Musk) 'ഇന്ത്യൻ സർക്കാരുമായി നേരിടുന്ന വെല്ലുവിളികളെ' കുറിച്ച് തുറന്നടിച്ചതിന് പിന്നാലെ, ഈ മാസം ആദ്യം ബെംഗളൂരുവിൽ ബിസിനസ് തുടങ്ങാൻ ടെസ്ലയെ കർണാടക സർക്കാർ ക്ഷണിച്ചിരുന്നു.
ബിജെപി ഭരിക്കുന്ന കർണാടകയിലെ വ്യവസായ മന്ത്രി മുരുഗേഷ് നിരാണിയാണ് ടെസ്ലയെ നിക്ഷേപത്തിനായി സംസ്ഥാനത്തേയ്ക്ക് ക്ഷണിച്ചത്. രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) കാര്യത്തിൽ കർണാടക മുന്നിൽ നിൽക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
2021-2022 സാമ്പത്തിക വർഷത്തിലെ തുടർച്ചയായ രണ്ട് പാദങ്ങളിൽ, കർണാടക രാജ്യത്തെ ഏറ്റവും ഉയർന്ന വിദേശ നിക്ഷേപം ആകർഷിച്ച സംസ്ഥാനമായി മാറി. 2021-2022 ലെ ആദ്യ രണ്ട് പാദങ്ങളിൽ യഥാക്രമം ഇന്ത്യയിലെ മൊത്തം എഫ്ഡിഐയുടെ 48 ശതമാനവും 41 ശതമാനവും കർണാടകയുടെ സംഭാവനയാണ്. 2021 സെപ്തംബർ അവസാനത്തോടെ കർണാടകയ്ക്ക് 1.02 ലക്ഷം കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി ലഭിച്ചു. ഇത് ഇന്ത്യയിലേക്കുള്ള മൊത്തം വിദേശ നിക്ഷേപത്തിന്റെ 45 ശതമാനത്തിനടുത്താണ്. അതായത് 2.29 ലക്ഷം കോടി രൂപ.
ഈ പ്രവണത തുടരുകയാണെങ്കിൽ, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളെ പിന്നിലാക്കി ഇന്ത്യയിലെ ഒന്നാം നമ്പർ നിക്ഷേപ കേന്ദ്രമായി കർണാടക ഉയരും. ഈ സാമ്പത്തിക വർഷം തന്നെ മഹാമാരിക്കിടയിലും കർണാക പുതിയ ചരിത്രം സൃഷ്ടിച്ചേക്കും. ഇതിന് മുമ്പ് 2008-2009 കാലഘട്ടത്തിൽ മഹാരാഷ്ട്രയിലാണ് അവസാനമായി ഇന്ത്യയിലെ മൊത്തം വിദേശനിക്ഷേപത്തിന്റെ 45 ശതമാനത്തിലധികം ഒരു സംസ്ഥാനം സംഭാവന ചെയ്തത്.
നിക്ഷേപം ആകർഷിക്കുന്നതിൽ കർണാടകയുടെ വിജയത്തിന് കാരണം ഗവൺമെന്റിന്റെ ദീർഘവീക്ഷണവും നിക്ഷേപ സൗഹൃദ നയങ്ങളും പ്രാദേശിക സ്ഥാപനങ്ങളുടെ മികവും വികസന അനുകൂല ഭരണവും രാഷ്ട്രീയവുമാണെന്ന് സാമ്പത്തിക വിദഗ്ധരും വ്യവസായ രംഗത്തെ പ്രമുഖരും പറയുന്നു.
എയ്റോസ്പേസ്, പ്രതിരോധ നിർമാണം, അഗ്രോടെക്, ഫിൻടെക്, ബയോടെക്, നാനോ ടെക്നോളജി, ഇലക്ട്രോണിക്സ്, ഡ്രോൺ ടെക്നോളജി, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് (ഇഎസ്ഡിഎം) എന്നീ മേഖലകളിലേയ്ക്കാണ് കർണാടകയിലെത്തിയ വിദേശ നിക്ഷേപത്തിന്റെ വലിയ ഒരു അളവും ഒഴുകിയിരിക്കുന്നത്.” മന്ത്രി നിരാണി പറഞ്ഞു.
ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമായി തുടരുമെന്ന ആത്മവിശ്വാസത്തിൽ, സംസ്ഥാനത്തെ വ്യാവസായിക നയത്തെയും ക്ലിയറൻസ് കമ്മിറ്റികളെയും മന്ത്രി പ്രശംസിച്ചു.
ഓട്ടോമൊബൈൽ, എയ്റോസ്പേസ് എന്നീ മേഖലകളിൽ ടൊയോട്ടയും ബോയിംഗുമാണ് കർണാടകയിലെ ആദ്യത്തെ വലിയ നിക്ഷേപകരെന്ന് കർണാടക മുൻ ചീഫ് സെക്രട്ടറി കെ.രത്നപ്രഭ പറഞ്ഞു. “തുമാകൂരിൽ ജപ്പാൻ ഇൻഡസ്ട്രിയൽ ടൗൺഷിപ്പ്, ദേവനഹള്ളിയിലെ തായ്വാൻ ഇൻഡസ്ട്രിയൽ പാർക്ക് എന്നിങ്ങനെ രാജ്യാടിസ്ഥാനത്തിലുള്ള വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ബംഗളൂരുവിന് പുറത്തേയ്ക്ക് വ്യവസായങ്ങൾ വ്യാപിപ്പിക്കുന്നത് ടയർ II നഗരങ്ങളിൽ കൂടുതൽ ഇൻസെന്റീവുകൾ വാഗ്ദാനം ചെയ്തു. നിക്ഷേപം ക്ഷണിക്കുന്നതിനായി പല രാജ്യങ്ങൾ സന്ദർശിക്കുന്നതും ഫലം കാണുന്നുണ്ട്“ അദ്ദേഹം കൂട്ടിച്ചേർത്തു.
2020-2021ൽ, ഇന്ത്യയിലെ മൊത്തം വിദേശനിക്ഷേപത്തിന്റെ 37 ശതമാനവുമായി ഗുജറാത്തായിരുന്നു പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്ര (27 ശതമാനം), കർണാടക (13 ശതമാനം) എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനങ്ങളിലായിരുന്നു.
വിദേശത്ത് മികച്ച പ്രകടനം നടത്തുന്ന പ്രാദേശിക സ്ഥാപനങ്ങൾ
ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കയറ്റുമതി സംസ്ഥാനം കർണാടകയാണെങ്കിലും, എയ്റോസ്പേസ്, പ്രതിരോധ നിർമ്മാണം, ഇലക്ട്രിക് വാഹനങ്ങൾ, സെമി കണ്ടക്ടർ നിർമ്മാണം, ഇഎസ്ഡിഎം മേഖല എന്നിവയിലാണ് ഏറ്റവും കൂടുതൽ നിക്ഷേപ സാധ്യതകളെന്ന് നിരാണി വിശ്വസിക്കുന്നു. നിലവിൽ, ഇന്ത്യയുടെ മൊത്തം എയ്റോസ്പേസ് കയറ്റുമതിയുടെ 65 ശതമാനവും കർണാടകയിൽ നിന്നാണ്.
“ഒരു ദശാബ്ദത്തിന് മുമ്പാണ് ഞങ്ങൾ എയ്റോസ്പേസ്, ഡിഫൻസ് പാർക്കുകൾ സ്ഥാപിച്ചത്. ക്ലിയറൻസ് കമ്മിറ്റികൾ കാര്യക്ഷമമാക്കുക, കാലതാമസം ഒഴിവാക്കുക എന്നിവയാണ് സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്ന നയം. ഇൻഫോസിസിന്റെയും വിപ്രോയുടെയും സ്ഥാപകരെപ്പോലെയുള്ള വ്യവസായികളെ കർണാടകയുടെ ബ്രാൻഡ് അംബാസഡർമാരായി കണക്കാക്കുന്നത് മറ്റ് വ്യവസായികളുമായി ഇടപഴകാനും കൂടുതൽ നിക്ഷേപകരിലേക്ക് എത്തിച്ചേരാനും ഞങ്ങളെ സഹായിക്കുന്നുണ്ട്. നമ്മുടെ ആഭ്യന്തര കമ്പനികളാണ് കർണാടകയ്ക്ക് വിദേശത്ത് പരസ്യമായി മാറുന്നത് ”നിരാണി കൂട്ടിച്ചേർത്തു.
"വിവിധ മേഖലകളിലെ നമ്മുടെ കമ്പനികൾ വിദേശത്ത് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയും രാജ്യത്തേയ്ക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുകയും ചെയ്യുന്നുണ്ടെന്ന്" ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) മുൻ ഡയറക്ടറും കർണാടകത്തിലെയും ഇന്ത്യയിലെയും ഗവൺമെന്റുകളുടെ പോളിസി കൺസൾട്ടന്റുമായ ആർ.എസ് ദേശ്പാണ്ഡെ പറഞ്ഞു. ബിസിനസ്സ് ചെയ്യാനുള്ള എളുപ്പത്തിന് പുറമെ, രാഷ്ട്രീയ സ്ഥിരതയാണ് എഫ്ഡിഐ ആകർഷണത്തിന് നിർണ്ണായക ഘടകമെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിൽ മാത്രമല്ല, ടയർ 2, ടയർ 3 നഗരങ്ങളിലേയ്ക്കും നിക്ഷേപം അനുവദിക്കുന്ന രീതിയാണ് കർണാടക കൈക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലും ഇതേ രീതി നടപ്പിലാക്കുന്നുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇതില്ല.
വിവിധ മേഖലകൾക്ക് പ്രത്യേക ഇൻസെന്റീവ് പാക്കേജുകൾ
“ഏത് വ്യവസായത്തിനും ഭൂമി, അധ്വാനം, അധികാരം എന്നിവ പ്രധാനമാണ്. ഞങ്ങൾക്ക് ധാരാളം തൊഴിലാളികളുണ്ട്, എന്നാൽ കർണാടകയിൽ ഭൂമിക്ക് വില അധികമാണ്. വാണിജ്യ നികുതി വെട്ടിക്കുറയ്ക്കൽ, വൈദ്യുതി സബ്സിഡികൾ, ഭൂമി വിൽപ്പന പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ തുടങ്ങിയ സമീപകാല പരിഷ്കാരങ്ങൾ കൂടുതൽ നിക്ഷേപം കൊണ്ടുവരാൻ സഹായിച്ചു" ഫെഡറേഷൻ ഓഫ് കർണാടക ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ഐ.എസ് പ്രസാദ് ദി പ്രിന്റിനോട് പറഞ്ഞു.
Also Read-Meta AI Supercomputer | ലോകത്തിലെ ഏറ്റവും വേഗതയേറിയ AI സൂപ്പർ കമ്പ്യൂട്ടറിന്റെ നിർമ്മാണം 2022 അവസാനത്തോടെ പൂർത്തിയാകുമെന്ന് മെറ്റകർണാടകയിലെ ഇവി (ഇലക്ട്രിക് വാഹനങ്ങൾ), ഹരിത ഊർജ മേഖലകളിലെ നിക്ഷേപം വർധിച്ചതായും പ്രസാദ് കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് മേഖലാടിസ്ഥാനത്തിൽ പ്രത്യേക ഇൻസെന്റീവ് പാക്കേജുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, സെമികണ്ടക്ടർ നിർമാണ കമ്പനികൾക്ക് 100 ശതമാനം സബ്സിഡിയോടെ ഭൂമി, 10 വർഷത്തേക്ക് വൈദ്യുതി സബ്സിഡി, 10 വർഷത്തേക്ക് 100 ശതമാനം സബ്സിഡിയോടെ ശുദ്ധജല ലഭ്യമാക്കുക എന്നിവയൊക്കെ ഇത്തരം ചില പാക്കേജുകളാണ്.
Also Read-
IBMനെ പിന്തള്ളി TCS ആഗോളതലത്തില് ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി കമ്പനിയായി; Infosysനും Wiproയ്ക്കും നേട്ടം2022 നവംബറിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിൽ, വിദേശ നിക്ഷേപങ്ങളിൽ പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് കർണാടകയുടെ പ്രതീക്ഷ. കർണാടക ഉദ്യോഗ് മിത്ര പോലെയുള്ള പദ്ധതികൾ മികച്ച വിദേശ നിക്ഷേപം നേടാൻ കർണാടകയെ സഹായിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.