• HOME
 • »
 • NEWS
 • »
 • money
 • »
 • ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്: നേട്ടങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്: നേട്ടങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

എംപ്ലോയീസ് ഹെൽത്ത് ഇൻഷുറൻസിന്റെ ചില പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം

 • Share this:

  ബിരേഷ് ഗിരി

  ആളുകൾക്ക് നിരവധി സംശയങ്ങളുള്ള ഒരു വിഷയമാണ് ഇൻഷുറൻസ്. ശരിയായ പോളിസി തിരഞ്ഞെടുക്കുന്നതിൽ തുടങ്ങി അനുബന്ധ പേപ്പർ വർക്കുകൾ വരെ നിരവധി സംശയങ്ങളുണ്ടാകും. പ്രത്യേകിച്ച് ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ഗവേഷണവും മികച്ച പോളിസി തിരഞ്ഞെടുക്കുന്നതിന് ആഴത്തിലുള്ള അന്വേഷണവും ആവശ്യമാണ്.

  എന്നാൽ ഒരു കോർപ്പറേറ്റിന്റെ (തൊഴിൽ ദാതാവ്) ആരോഗ്യ നയം ജീവനക്കാരുടെ വലിയൊരു സമ്മർദം തന്നെ ഇല്ലാതാക്കുന്ന ഒന്നാണ്. മെഡിക്കൽ ആവശ്യങ്ങളിൽ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രയോജനപ്പെടുന്ന ആനുകൂല്യ പാക്കേജ് നൽകാൻ കഴിയുന്ന അവിഭാജ്യ ഘടകമാണ് എംപ്ലോയീസ് ഹെൽത്ത് ഇൻഷുറൻസ്. കോവിഡ് മഹാമാരി വന്നതോടെ എല്ലാ വ്യാവസായിക-വാണിജ്യ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം നിർബന്ധമാക്കിയതോടെയാണ് കോർപ്പറേറ്റ് ഹെൽത്ത് പോളിസി കൂടുതൽ വ്യാപകമായത്.

  എംപ്ലോയീസ് ഹെൽത്ത് ഇൻഷുറൻസിന്റെ ചില പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

  കവറേജ്: എംപ്ലോയീസ് ഹെൽത്ത് ഇൻഷുറൻസിൽ ജീവനക്കാരുടെയും അവരുടെ ജീവിതപങ്കാളികളുടെയും കുട്ടികളുടെയും ചില സന്ദർഭങ്ങളിൽ മാതാപിതാക്കളുടെയും ചികിത്സാ ചെലവുകൾ ഉൾക്കൊള്ളുന്നു. ഇതിൽ ആശുപത്രി ചെലവുകൾ, മെഡിക്കൽ പരിശോധനകൾ, ശസ്ത്രക്രിയകൾ, മറ്റ് മെഡിക്കൽ നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഓരോ തൊഴിലുടമയുടെയും ഹെൽത്ത് ഇൻഷുറൻസ് തുക, പരിധി എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നു. പോളിസിയുടെ വിശദാംശങ്ങളും അത് അവർക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്നും വിശദീകരിക്കാൻ സ്ഥാപനം ഒരു സെഷൻ സംഘടിപ്പിക്കേണ്ടതാണ്.

  പ്രീമിയം: ഇൻഷുറൻസിന്റെ ചെലവ് തൊഴിലുടമയാണ് വഹിക്കുന്നത്. കോർപ്പറേറ്റ് ഹെൽത്ത് പോളിസിക്കൊപ്പം, ടോപ്പ്-അപ്പ് ഇൻഷുറൻസ് തുക നൽകി ജീവനക്കാർക്ക് അവരുടെ കവറേജ് വർദ്ധിപ്പിക്കുന്നതിനുള്ള ഓപ്ഷനും ലഭിക്കും. ടോപ്പ്-അപ്പ് തുകയ്ക്ക് ജീവനക്കാർ അവരുടെ വരുമാനത്തിൽ നിന്ന് അധിക തുക നൽകേണ്ടതുണ്ട്.

  നിലവിലുള്ള രോഗങ്ങൾ: തൊഴിലുടമ നൽകുന്ന പോളിസിയിൽ നിലവിലുള്ള രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കും. എന്നാൽ ജീവനക്കാരൻ ഒരു വ്യക്തിഗത പോളിസി വാങ്ങുമ്പോൾ, മൂന്നോ നാലോ വർഷത്തെ കാത്തിരിപ്പിന് ശേഷം മാത്രമേ നിലവിലുള്ള രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കുകയുള്ളൂ. ചില സന്ദർഭങ്ങളിൽ, രോഗത്തിന്റെ തീവ്രത കാരണം പോളിസി തന്നെ നിഷേധിക്കപ്പെടാനും സാധ്യതയുണ്ട്.

  Also Read- ആധാറും പാനും ലിങ്ക് ചെയ്തില്ലേ? മാർച്ച് 31 കഴിഞ്ഞാൽ പാൻകാർഡ് ഉപയോഗിക്കാനാകില്ല

  നെറ്റ്‌വർക്ക് ആശുപത്രികൾ: എംപ്ലോയീസ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വഴി പണരഹിത ചികിത്സ ലഭിക്കുന്നതിന് രാജ്യത്തുടനീളമുള്ള ആശുപത്രികളുടെ ഒരു വലിയ ശൃംഖല തന്നെയുണ്ട്. പോളിസി ഉടമയ്ക്ക് ഈ ആശുപത്രികളിൽ പണം നൽകാതെ തന്നെ ചികിത്സ ലഭിക്കും. പോളിസി തിരഞ്ഞെടുക്കുന്നതിന് മുമ്പ് നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളുടെ ലിസ്റ്റ് പരിശോധിക്കുക.

  എംപ്ലോയി വെൽനസ്: ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ സ്ഥാപനം വാഗ്ദാനം ചെയ്യുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സ്ഥാപനങ്ങൾ ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യുന്നത്. ജീവനക്കാർ കോർപ്പറേറ്റ് പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും മനസ്സിലാക്കിയിരിക്കേണ്ടത് വളരെ പ്രധാനമാണ്.

  ആരോഗ്യകരമായ ജോലിസ്ഥലം: ചില തൊഴിലുടമകൾ മാനസികാരോഗ്യ പരിരക്ഷയും വാഗ്ദാനം ചെയ്യാറുണ്ട്. അതായത് ജീവനക്കാർക്ക് വെൽനസ് കൺസൾട്ടേഷൻ സെഷനുകൾ നൽകുന്നു. ആരോഗ്യപ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് വേണ്ടിയാണിത്. ജീവനക്കാരുടെ ഹാജർ നില ഉയർത്താനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കും.

  ടോപ്പ്-അപ്പ് പ്ലാൻ: നിലവിലുള്ള പോളിസിയ്ക്കൊപ്പമുള്ള അധിക കവറേജാണ് ടോപ്പ്-അപ്പ് ഹെൽത്ത് പ്ലാൻ. ഇതിനായുള്ള തുക ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് പിടിക്കും. എംപ്ലോയീസ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയ്ക്കൊപ്പം ടോപ്പ് അപ്പ് ചെയ്യുന്നത് അപ്രതീക്ഷിത മെഡിക്കൽ ചെലവുകളിൽ കൂടുതൽ സംരക്ഷണം നൽകിയേക്കും.

  (ലേഖകൻ ACKO ഇൻഷുറൻസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്. ലേഖനത്തിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ വ്യക്തിപരമാണ്. സ്ഥാപനത്തിന്റെ നിലപാടല്ല)

  Published by:Rajesh V
  First published: