കോവിഡ് 19 (Covid-19) മഹാമാരി കാരണം ലോകത്തുടനീളമുള്ള രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ ( economies) തകർച്ച നേരിടുകയാണ്. ഇന്ത്യയുടെ കാര്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല. രാജ്യത്തെ പല മേഖലകൾക്കും മഹാമാരി (Pandemic) മൂലം നേരിടേണ്ടി വന്ന സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ ഇനിയും കഴിഞ്ഞിട്ടില്ല. കോവിഡ് 19 ന്റെ ആദ്യ രണ്ട് തരംഗങ്ങൾ നിരവധി പേരെ തൊഴിൽ രഹിതരാക്കിയിരുന്നു (unemployed). ഇതിന് പുറമെ കോവിഡുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകൾ കൂടി നേരിടേണ്ടി വന്നതോടെ പല കുടുംബങ്ങളും സാമ്പത്തിക പ്രതിസന്ധിയിൽ ആയി.
ഇപിഎഫ്ഒ (EPFO) യുടെ പ്രഖ്യാപനം എന്തായിരുന്നു, എന്തെല്ലാമാണ് വ്യവസ്ഥകൾ?ഈ പ്രതിസന്ധി നേരിടാനായി സർക്കാർ 2020ൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അംഗങ്ങൾക്ക് കോവിഡ് 19 അഡ്വാൻസ് അനുവദിച്ചിരുന്നു. ഇത് അനുസരിച്ച്, മഹാമാരി മൂലം ജോലി നഷ്ടപ്പെടുകയോ സാമ്പത്തിക പ്രതിസന്ധി നേരിടുകയോ ചെയ്യുന്ന ജീവനക്കാർക്ക് ഇപിഎഫ് അക്കൗണ്ടിലുള്ള തുകയുടെ നിശ്ചിത ശതമാനം മുൻകൂറായി പിൻവലിക്കാൻ സാധിച്ചു. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല (Non-Refundable) മാത്രമല്ല ഇത് പൂർണ്ണമായും നികുതി രഹിതവും (Tax Free) ആണ്.
2020 മാർച്ചിൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് (പിഎംജികെവൈ) കീഴിൽ ഇപിഎഫ്ഒ അതിന്റെ വരിക്കാരെ അവരുടെ അക്കൗണ്ടിന്റെ ക്രെഡിറ്റിലുള്ള തുകയുടെ 75 ശതമാനം അല്ലെങ്കിൽ മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും (DA), ഇതിൽ ഏതാണോ കുറവ് അത് പിൻവലിക്കാൻ അനുവദിച്ചു.
“ഈ വ്യവസ്ഥയ്ക്ക് കീഴിൽ, മൂന്ന് മാസത്തേക്കുള്ള അടിസ്ഥാന വേതനത്തിന്റെയും ക്ഷാമബത്തയുടെയും പരിധിയിലേക്കോ അല്ലെങ്കിൽ ഇപിഎഫ് അക്കൗണ്ടിലെ അംഗത്തിന്റെ ക്രെഡിറ്റിൽ നിലനിൽക്കുന്ന തുകയുടെ 75 ശതമാനം വരെയോ, ഇതിൽ ഏതാണോ കുറവ് അത് പിൻവലിക്കാൻ അനുവദിക്കും,ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല. അംഗങ്ങൾക്ക് കുറഞ്ഞ തുകയ്ക്ക് വേണ്ടിയും അപേക്ഷിക്കാം” എന്നാണ് തൊഴിൽ മന്ത്രാലയം അന്ന് അറിയിച്ചത്.
2021ൽ, രാജ്യം കോവിഡ് 19ന്റെ രണ്ടാം തരംഗത്തെ നേരിടേണ്ടി വന്നപ്പോഴും വായ്പ നേടിയവർക്ക് അതേ സാഹചര്യത്തിൽ വീണ്ടും സേവനം ഉപയോഗിക്കാമെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇപിഎഫ് വരിക്കാർക്ക് അവരുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN), ബാങ്ക് വിശദാംശങ്ങൾ എന്നിവ ഉപയോഗിച്ച് ഓൺലൈനായി ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിയും. എന്നാൽ, മുൻ കൂറായി പണം പിൻവലിക്കാൻ താൽപര്യപ്പെടുന്നവർ ഇതിനുള്ള കാരണം വ്യക്തമാക്കണം.
നിക്ഷേപകരെ സംബന്ധിച്ച് ഇത് എന്താണ് അർത്ഥമാക്കുന്നത്“ പകർച്ചവ്യാധിയുടെ സമയത്ത് ഇപിഎഫ് അംഗങ്ങൾക്ക്, പ്രത്യേകിച്ച് 15,000 രൂപയിൽ താഴെ പ്രതിമാസ വേതനം ലഭിക്കുന്നവരെ സംബന്ധിച്ച് കോവിഡ് 19 അഡ്വാൻസ് പിൻവലിക്കാൻ കഴിയുന്നത് ഏറെ സഹായകരമാണ്. ഇതുവരെ, ഇപിഎഫ്ഒ 76.31 ലക്ഷത്തിലേറെ കോവിഡ്-19 അഡ്വാൻസ് ക്ലെയിമുകൾ തീർപ്പാക്കുകയും അതുവഴി മൊത്തം 18,698.15 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു" എന്നാണ് രണ്ടാം തവണ സേവനം പ്രഖ്യാപിക്കുന്ന വേളയിൽ തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞത്.
പെട്ടെന്നുള്ള തൊഴിൽ നഷ്ടം അല്ലെങ്കിൽ ചികിത്സാ ചെലവുകൾ നേരിടേണ്ടി വന്ന ഇപിഎഫ്ഒയിലെ നിരവധി അംഗങ്ങൾക്ക് സർക്കാരിന്റെ ഈ നീക്കം സഹായകരമായി. നിക്ഷേപകന്റെ കെവൈസി പൂർണ്ണമാണെങ്കിൽ ക്ലെയിം ചെയ്ത് 20 ദിവസത്തിനകം തുക ലഭ്യമാകും. ഇത്തരത്തിൽ വായ്പകൾ വിതരണം ചെയ്തതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ക്ലെയിം നടത്തി നിക്ഷേപകർക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നില്ല എന്നർത്ഥം.
ഇപ്പോഴത്തെ സാധ്യതകൾരാജ്യത്ത് കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ഇതിനകം തന്നെ ശക്തിപ്രാപിച്ച് കഴിഞ്ഞതിനാൽ, ഇപിഎഫിൽ നിന്ന് കോവിഡ് 19 അഡ്വാൻസ് പിൻവലിക്കാനുള്ള ഈ പദ്ധതി സർക്കാർ വീണ്ടും നീട്ടാൻ സാധ്യതയുണ്ട്. കോവിഡ് 19ന്റെ ഒമിക്രോൺ പതിപ്പ് രാജ്യത്തുടനീളം വീണ്ടും ഒരു ചികിത്സ സംബന്ധമായ അടിയന്തരാവസ്ഥ സൃഷ്ടിക്കാൻ കാരണമായി, ഇതോടെ മരണങ്ങളും ആശുപത്രിയിൽ പ്രവേശിപ്പിക്കലും കുതിച്ചുയർന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2021 ഏപ്രിൽ 1 നും 2021 നവംബർ 30 നും ഇടയിൽ ഇപിഎഫ്ഒ മൊത്തം 68.10 ലക്ഷം കോവിഡ് 19 അഡ്വാൻസ് ക്ലെയിമുകളാണ് തീർപ്പാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പിഎഫ് അംഗങ്ങൾക്ക് 14,242 കോടി രൂപ വിതരണം ചെയ്തിട്ടുമുണ്ട്.
കോവിഡ് വ്യാപനം പൊതു സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ഇതിന് ഒരു പരിഹാരം നൽകാനുള്ള ശ്രമങ്ങളിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്. ചികിത്സ ചെലവുകളുടെ ഭാരം കുറയ്ക്കുന്നതിനായാണ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മുൻകൂറായി പണം പിന്‍വലിക്കാന്‍ അംഗങ്ങൾക്ക് ഇപിഎഫ്ഒ അനുമതി നൽകുന്നത്. അംഗങ്ങള്‍ക്ക് ആശുപത്രി ചെലവുകൾ ഉള്‍പ്പെടെയുള്ള അടിയന്തിര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപ മുന്‍കൂറായി പിന്‍വലിക്കാം. ഇതിന് രേഖകളോ എസ്റ്റിമേറ്റുകളോ ഹാജരാക്കേണ്ടതില്ലെന്നും ഇപിഎഫ് സർക്കുലറിൽ വ്യക്തമാക്കുന്നു. പിഎഫ് സ്കീമിന് കീഴിലുള്ള ജീവനക്കാര്‍ക്ക് മെഡിക്കല്‍ അത്യാഹിതമുണ്ടായാല്‍ മുൻകൂറായി പണം പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യം പുനരവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംഘടന പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.
അടിയന്തരമായി രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരികയും ചെലവുകളുടെ എസ്റ്റിമേറ്റ് അറിയാൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ മുന്‍കൂറായി പണം ലഭ്യമാക്കേണ്ടതുണ്ടെന്ന് സർക്കുലറിൽ പറയുന്നു. "ജീവന് തന്നെ ഭീഷണിയാകുന്ന രോഗങ്ങൾ ബാധിക്കുമ്പോൾ അടിയന്തിരമായി രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും. അത്തരം സാഹചര്യങ്ങളിൽ ആശുപത്രിയിൽ നിന്ന് എസ്റ്റിമേറ്റ് ലഭിച്ചെന്നു വരില്ല'' എന്നാണ് കഴിഞ്ഞ വർഷം കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനഘട്ടത്തിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇപിഎഫ്ഒ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.