• HOME
  • »
  • NEWS
  • »
  • money
  • »
  • PF പലിശനിരക്ക് ഉയരുമോ? അടുത്ത മാസം യോഗം ചേരാൻ EPFO; കൂടുതൽ വിവരങ്ങൾ

PF പലിശനിരക്ക് ഉയരുമോ? അടുത്ത മാസം യോഗം ചേരാൻ EPFO; കൂടുതൽ വിവരങ്ങൾ

ഇത്തവണ പിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ വർധന വരുത്താനുള്ള തീരുമാനം ഇപിഎഫ്ഒയുടെ ഭാ​ഗത്തു നിന്നും ഉണ്ടാകുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് നാല് കോടിയിലേറെ വരുന്ന ഇപിഎഫ് അം​ഗങ്ങൾ.

  • Share this:
    പുതിയ സാമ്പത്തിക വർഷം ആരംഭിക്കാനിരിക്കെ പിഎഫ് പലിശ നിരക്ക് (PF Interest Rate) സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (Employees’ Provident Fund Organization) അഥവ ഇപിഎഫ്ഒയുടെ (EPFO) കേന്ദ്ര ട്രസ്റ്റി ബോർഡ് (CBT - Central Board of Trustees) ഉടൻ യോഗം ചേർന്നേക്കും.

    പ്രൊവിഡന്റ് ഫണ്ട് (Provident Fund) നിക്ഷേപങ്ങളുടെ 2021-22 കാലയളവിലെ പലിശ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി സിബിടിയിലെ അംഗങ്ങൾ മാർച്ച് ആദ്യവാരം യോഗം ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.

    ഇപിഎഫ്ഒ യോ​ഗത്തിൽ എന്തൊക്കെ ചർച്ചയാകും?

    പിഎഫ് പലിശ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനായി ഇപിഎഫ്ഒയുടെ കേന്ദ്ര ട്രസ്റ്റി ബോർഡിലെ പ്രധാന അംഗങ്ങൾ അടുത്ത മാസം ഗുവാഹത്തിയിൽ യോഗം ചേരുമെന്നാണ് ഇത് സംബന്ധിച്ച് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. കഴിഞ്ഞ വർഷം അതിനു മുമ്പുള്ള വർഷം ഏർപ്പെടുത്തിയ അതേ പലിശ നിരക്ക് തന്നെ നിലനിർത്താനായിരുന്നു ഇപിഎഫ്ഒ അംഗങ്ങളുടെ തീരുമാനം.

    2020-21 സാമ്പത്തിക വർഷത്തിൽ പിഎഫ് നിക്ഷേപങ്ങൾക്ക് 8.5 ശതമാനം പലിശ നിരക്കാണ് ഇപിഎഫ്ഒ ബാധകമാക്കിയത്. ഇത്തവണ പിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ വർധന വരുത്താനുള്ള തീരുമാനം ഇപിഎഫ്ഒയുടെ ഭാ​ഗത്തു നിന്നും ഉണ്ടാകുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് നാല് കോടിയിലേറെ വരുന്ന ഇപിഎഫ് അം​ഗങ്ങൾ.

    ഇപിഎഫ്ഒയുടെ ഫിനാൻസ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഓഡിറ്റ് കമ്മിറ്റി ഫെബ്രുവരി 9ന് ബുധനാഴ്ച യോഗം ചേരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യോഗത്തിൽ ഈ സമിതിയിലെ ഉദ്യോഗസ്ഥർ ഇപിഎഫ്ഒയുടെ ഇതുവരെയുള്ള വരുമാനം പരിശോധിക്കുകയും അത് സംബന്ധിച്ച് ചർച്ചകൾ നടത്തുകയും ചെയ്യും.

    പിന്നീട് ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഒരു പലിശ നിരക്ക് സിബിടിയിലേക്ക് ശുപാർശ ചെയ്യാൻ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചനകൾ അനുസരിച്ച്, ഓഡിറ്റ് കമ്മിറ്റിയുടെ ശുപാർശകൾ സിബിടി യോ​ഗത്തിന് ഒരു ദിവസം മുമ്പോ അല്ലെങ്കിൽ അതേ ദിവസം തന്നെയോ നൽകാൻ സാധ്യത ഉണ്ട്.

    കേന്ദ്ര ട്രസ്റ്റി ബോർഡ് കഴിഞ്ഞ യോഗത്തിൽ നാല് ഉപസമിതികൾ രൂപീകരിച്ചിരുന്നു. ഈ ഉപസമിതികളിൽ രണ്ടെണ്ണം തൊഴിൽ സഹമന്ത്രി രാമേശ്വർ തേലിയുടെ നേതൃത്വത്തിലുള്ളതാണ്, മറ്റ് രണ്ടെണ്ണത്തിന്റെ ചുമതല തൊഴിൽ സെക്രട്ടറി സുനിൽ ബർത്ത്‌വാളിനാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന സിബിടി യോഗത്തിൽ ഈ നാല് ഉപസമിതികളും ഇപിഎഫ്ഒയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിലുള്ള തങ്ങളുടെ ശുപാർശകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    കോവിഡ് -19 മഹാമാരിയുടെ മൂന്നാം തരംഗം കാരണം തൊഴിൽ സമയങ്ങളും യോ​ഗങ്ങളുടെ സമയക്രമളും തടസ്സപ്പെട്ടിട്ടുള്ളതിനാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇവർ സമയം നീട്ടി നൽകണം എന്ന് ആവശ്യപ്പെടാനും സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

    AIF നിക്ഷേപം സംബന്ധിച്ച തീരുമാനം

    ബുധനാഴ്ച നടക്കുന്ന യോ​ഗത്തിൽ, സാമ്പത്തിക നിക്ഷേപം സംബന്ധിച്ച് ചർച്ചകൾ നടക്കും. കൂടാതെ ഇപിഎഫ്ഒയുടെ വരുമാന വർധനയുടെ 5 ശതമാനം വരെ ഇതര നിക്ഷേപ ഫണ്ടുകളിൽ (Alternate Investment Funds-AIF) നിക്ഷേപിക്കാനുള്ള കേന്ദ്രത്തിന്റെ നിർദ്ദേശത്തെക്കുറിച്ചും ഓഡിറ്റ് സമിതി ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളിൽ നിക്ഷേപിക്കണമെന്ന കാര്യവും ശുപാർശകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    “കഴിഞ്ഞ യോ​ഗത്തിൽ തന്നെ, എഐഎഫുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകളെ കുറിച്ചും ലഭിക്കുന്ന ആദായത്തെ കുറിച്ചും ഞങ്ങൾ കൂടുതൽ വ്യക്തത തേടിയിരുന്നു. വരാനിരിക്കുന്ന യോഗത്തിൽ ഈ നിർദ്ദേശത്തിൻമേൽ കൂടുതൽ വിശദമായ ചർച്ചകളും വിശകലനങ്ങളും നടത്തും”, ഓഡിറ്റ് സമതിയിലെ അം​ഗങ്ങളിൽ ഒരാൾ വ്യക്തമാക്കി.

    കഴിഞ്ഞ നവംബറിൽ നടന്ന, സിബിടിയുടെ അവസാന യോഗത്തിൽ ഫിനാൻസ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഓഡിറ്റ് കമ്മിറ്റിയെ (എഫ്‌ഐഎസി) നിക്ഷേപ മാർ​ഗങ്ങൾ തീരുമാനിക്കാനായി അധികാരപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഓരോ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ, കേന്ദ്രം അറിയിക്കുന്ന നിക്ഷേപ രീതിയിൽ ആയിരിക്കണം എല്ലാ ആസ്തി വിഭാ​ഗത്തിലെയും നിക്ഷേപത്തിന് വേണ്ടി നിക്ഷേപ മാർഗങ്ങൾ സംബന്ധിച്ച് തീരുമാനം എടുക്കുന്നത്.

    കഴിഞ്ഞ വർഷം ആണ് എഐഎഫ് ഉൾപ്പെടെയുള്ള വിവിധ നിക്ഷേപങ്ങളിൽ 5 ശതമാനം വരെ നിക്ഷേപം നടത്താൻ സർക്കാർ അനുവദിച്ചത്. ഇതിനായി ആസ്തി പിന്തുണയുള്ള, ട്രസ്റ്റ്-ഘടനയിലുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. ഇപിഎഫ്ഒയ്ക്ക് വിപുലമായ മേഖലകളിൽ നിക്ഷേപം നടത്തി പരമാവധി വരുമാനം നേടാൻ കഴിയുമെന്ന ഉറപ്പാണ് ഇത് നൽകുന്നത്.

    വാർഷിക അടിസ്ഥാനത്തിൽ ആണ് ഇപിഎഫ് ഫണ്ടുകൾക്ക് നൽകേണ്ട പലിശനിരക്ക് ഇപിഎഫ്ഒ തീരുമാനിക്കുന്നത്. പലിശ നിരക്ക് നിശ്ചയിക്കുന്നത് വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇത് കേന്ദ്രസർക്കാരിന്റെ ധനമന്ത്രാലയം പരിശോധിക്കുന്നു. ഇപിഎഫ് ഫണ്ടിന്റെ നിലവിലെ പലിശ നിരക്ക് 8.5 ശതമാനം ആണ്.

    റിട്ടയർമെന്റ് സേവിങ് ഓപ്ഷനായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ഉദ്ദേശിച്ചുള്ള നിക്ഷേപ പദ്ധതിയാണ്. 20 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള ഏത് കമ്പനിക്കും ഇപിഎഫ് ഓപ്ഷൻ ഉണ്ടാകും. 15,000-ത്തിനു മേലെ അടിസ്ഥാന വേതനമുള്ളവർ പ്രൊവിഡന്റ് ഫണ്ടിലേക്ക് സംഭാവന നൽകുക എന്നത് നിയമം മൂലം നിർബന്ധമാണ്.

    Also Read-PAN Aadhaar Linking | PAN ആധാറുമായി ഉടൻ ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമെന്ന് SBI; വിശദാംശങ്ങൾ

    വേതനത്തിന്റെ 12 ശതമാനം ആണ് പിഎഫിലേക്കുള്ള കുറഞ്ഞ സംഭാവന. ജീവനക്കാരുടെയും തൊഴിലുടമയുടെയും സംഭാവന എം‌പ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർ‌ഗനൈസേഷനിലെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. പ്രതിമാസ ഓപ്പറേറ്റിങ് ബാലൻസിനെ അടിസ്ഥാനമാക്കി പലിശ നിരക്ക് നൽകുകയും സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ഫണ്ടിലേക്ക് ചേർക്കുകയും ചെയ്യുന്നു.
    Published by:Jayashankar AV
    First published: