ഇന്ത്യയിലെ മുൻനിര ഐടി സ്ഥാപനങ്ങൾ (IT Companies) ജീവനക്കാരെ ഓഫീസുകളിലിരുന്നുള്ള ജോലിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. പതിയെയാണെങ്കിലും കോവിഡ് 19 കേസുകളുടെ എണ്ണം കുറയുന്നതിനാൽ, ഐടി ഭീമനായ ടാറ്റ കൺസൾട്ടൻസി സർവീസ് (TCS), വിപ്രോ (Wipro), കോഗ്നിസന്റ്, ഇൻഫോസിസ് (Infosys) തുടങ്ങിയ ഐടി കമ്പനികൾ തങ്ങളുടെ ജീവനക്കാരോട് ഓഫീസിൽ എത്തിയുള്ള ജോലിക്ക് തയ്യാറായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരെ അടുത്ത മാസം ആദ്യം തന്നെ ഓഫീസുകളിലേക്ക് എത്തിക്കാനാണ് കമ്പനികളുടെ ശ്രമം.
കോവിഡ് പശ്ചാത്തലത്തിൽ ഏകദേശം രണ്ട് വർഷത്തെ വീട്ടിലിരുന്നുള്ള ജോലിക്ക് ശേഷം, ഓഫീസുകളിൽ എത്തി ജോലി ചെയ്യുക എന്നത് സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും വലിയ മാറ്റമായിരിക്കും. മിക്ക കമ്പനികളും - വീട്ടിലിരുന്നും ഓഫീസിലിരുന്നുമുള്ള ഹൈബ്രിഡ് വർക്ക് മോഡൽ പിന്തുടരാൻ പദ്ധതിയിടുന്നുണ്ടെങ്കിലും, ഐടി ജീവനക്കാരുടെ തൊഴിൽ ജീവിതത്തിൽ ഇത് കാര്യമായ തടസ്സങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
ബെംഗളൂരു ആസ്ഥാനമായുള്ള വിപ്രോ മാനേജർ തസ്തികയിലുള്ളവരോടും മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും മാർച്ച് 3നകം മടങ്ങി എത്താൻ ആവശ്യപ്പെട്ടു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും അവർക്ക് ഓഫീസിലെത്തി ജോലി ചെയ്യേണ്ടി വരിക. കോഗ്നിസന്റ് തങ്ങളുടെ ജീവനക്കാർ, ഏപ്രിലോടെ ഓഫീസുകളിലേക്ക് തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിസിഎസും ഇൻഫോസിസും ഹൈബ്രിഡ് വർക്ക് മോഡലിന്റെ ട്രെൻഡുകൾ പിന്തുടരനാണ് തീരുമാനിച്ചിരിക്കുന്നത്. ഇൻഫോസിസ് 2022 വരെ ഹൈബ്രിഡ് വർക്ക് മോഡൽ തുടരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ ജീവനക്കാരെ ഉൾക്കൊള്ളുന്ന വിധത്തിൽ ഓഫീസുകൾ അടുത്ത മൂന്ന് നാല് മാസത്തിനുള്ളിൽ തുറക്കും. ജീവനക്കാരെ ക്രമേണ ഓഫീസുകളിൽ എത്തിക്കാനാണ് ടിസിഎസ് പദ്ധതിയിടുന്നത്.
''മാർച്ച് 3 മുതൽ പൂർണ്ണമായും വാക്സിനേഷൻ എടുത്ത മാനേജർമാർക്കും അതിന് മുകളിലുള്ള ജീവനക്കാർക്കും ഇന്ത്യയിലെ ഓഫീസുകളിൽ ആഴ്ചയിൽ രണ്ടു ദിവസം (തിങ്കൾ, വ്യാഴം ദിവസങ്ങളിൽ) എത്താനുള്ള ഓപ്ഷൻ നൽകും. മറ്റ് ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം സംവിധാനം വിപുലീകരിക്കുന്നതിനുള്ള ശ്രമം തുടരും'', വിപ്രോ വക്താവ് വ്യക്തമാക്കി.
ടിസിഎസ് തങ്ങളുടെ ജീവനക്കാർക്ക് കഴിഞ്ഞ ദിവസം അയച്ച ഇമെയിലുകൾ പ്രകാരം, വർക്ക് അറ്റ് ഹോം രീതിയിൽ ജോലി ചെയ്യാനുള്ള അവസരം തുടരുമെന്ന് തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്. ''ലോകമെമ്പാടുമുള്ള നമ്മുടെ ജീവനക്കാരിൽ ഭൂരിഭാഗം പേർക്കും വാക്സിനേഷൻ നൽകുകയും മൊത്തത്തിലുള്ള കോവിഡ് -19 സ്ഥിതി മെച്ചപ്പെടുകയും ചെയ്യുന്നതിനാൽ, നമ്മുടെ നിരവധി ജോലിക്കാർ ഇതിനകം തന്നെ ടിസിഎസ് ഓഫീസിലിൽ എത്തി പതിവായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്,'' കഴിഞ്ഞ ആഴ്ച ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ടിസിഎസ് പറഞ്ഞു. മാനേജ്മെന്റ് പറയുന്നതനുസരിച്ച്, കമ്പനിയുടെ 96 ശതമാനത്തിലധികം ജീവനക്കാരും ഇപ്പോഴും വീട്ടിലിരുന്നുള്ള ജോലി ചെയ്യുന്നുണ്ടെന്നും കമ്പനി മുൻകരുതലുകൾ എടുക്കുന്നത് തുടരുന്നതിനാൽ ഈ മോഡിൽ നിന്ന് പെട്ടെന്നുള്ള മാറ്റം കമ്പനി ആഹ്വാനം ചെയ്യുന്നില്ലെന്നും പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഔട്ട്സോഴ്സിംഗ് കമ്പനിയായ ടിസിഎസ്, 2022 ന്റെ തുടക്കത്തോടെ കമ്പനിയിലെ 90 ശതമാനം ജീവനക്കാരെയും തിരികെ വിളിക്കാനുള്ള പദ്ധതിയെക്കുറിച്ച് നേരത്തെ സൂചനകൾ നൽകിയിരുന്നു. എന്നാൽ കമ്പനി പിന്നീട് 2025 മോഡൽ പദ്ധതിയെക്കുറിച്ച് ചില സൂചനകൾ പുറത്തുവിട്ടിരുന്നു. 2025 മോഡൽ എന്നത് കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്, 2025 വരെ കമ്പനിയിലെ മൊത്തം ജീവനക്കാരുടെ 25 ശതമാനം പേർക്ക് വീട്ടിൽ ഇരുന്നു തന്നെ ജോലി ചെയ്യുന്ന വിധത്തിലുള്ള സംവിധാനമാണ്.
ഇൻഫോസിസ് ഹൈബ്രിഡ് മോഡൽ പിന്തുടരുകയാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ 96 ശതമാനത്തിലധികം ജീവനക്കാരും ഇപ്പോഴും വിദൂര സ്ഥലങ്ങളിൽ ഇരുന്നാണ് ജോലി ചെയ്യുന്നതെന്നും മുൻകരുതലുകൾ തുടരുന്നതിനാൽ ഈ വർക്ക് മോഡിൽ നിന്ന് പെട്ടെന്നുള്ള മാറ്റം കമ്പനി ആഗ്രഹിക്കുന്നില്ലെന്നുമാണ് ഇൻഫോസിസ് എച്ച്ആർ മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ റിച്ചാർഡ് ലോബോ അറിയിച്ചത്. ''കോവിഡ് പെരുമാറ്റച്ചട്ടങ്ങൾക്ക് വിധേയമായി, ഏകദേശം 40-50 ശതമാനം ജീവനക്കാർക്ക് ഓഫീസിലേക്ക് മടങ്ങാൻ സാധിക്കുന്ന ഒരു ഹൈബ്രിഡ് മോഡൽ ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും.'' ലോബോ വ്യക്തമാക്കി.
Also Read-
Work Stress | ജീവിതത്തിൽ മുൻഗണന നൽകേണ്ടത് എന്തിന്? ജോലി സമ്മർദ്ദം കുറയ്ക്കാൻ അഞ്ച് വഴികൾ
കോഗ്നിസെന്റിന് തങ്ങളുടെ ജീവനക്കാരെ ഏപ്രിൽ മുതൽ തിരികെ എത്തിക്കാനുള്ള പദ്ധതിയിലാണ്. ''ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം നിരീക്ഷിച്ച് - 2022 ഏപ്രിൽ മുതൽ ഘട്ടം ഘട്ടമായി ഓഫീസിലേക്ക് ജീവനക്കാരെ മടങ്ങി എത്തിക്കാനാണ് കോഗ്നിസന്റ് ലക്ഷ്യമിടുന്നത്.'' കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് ശാന്തനു ഝാ പറഞ്ഞു. ഒരു ക്ലയിന്റ് സൈറ്റിലേക്കോ പൂർണ്ണമായും വീട്ടിലിരുന്നുള്ള ജോലി ചെയ്യുന്നതിനോ നിയമിച്ചിട്ടില്ലാത്ത ജീവനക്കാർക്ക്, ഹൈബ്രിഡ് മോഡലിന് കീഴിലുള്ള തങ്ങളുടെ പുതിയ സ്റ്റാൻഡേർഡ് വർക്ക് വീക്കിൽ മൂന്ന് ദിവസം ഓഫീസിലും ബാക്കി രണ്ട് ദിവസം റിമോട്ട് വർക്ക് മോഡലുമായിരിക്കും ജോലിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബറിൽ ഐടി ഭീമന്മാർ തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് വിളിക്കാനൊരുങ്ങിയിരുന്നെങ്കിലും പിന്നീട് ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കോവിഡ് മഹാമാരി മൂലം, ഏതാണ്ട് ഒരു വർഷത്തിലധികമായി മിക്ക ഐടി കമ്പനികളിലെയും ഭൂരിപക്ഷം ജീവനക്കാരും വർക്ക് ഫ്രം ഹോം സംവിധാനത്തിനാണ് ജോലി ചെയ്യുന്നത്. കോവിഡ് 19 മഹാമാരിയുടെ കടന്നു വരവോട് കൂടിയാണ്, അധികമാർക്കും പരിചയമില്ലാത്ത വർക്ക് ഫ്രം ഹോം എന്ന സംവിധാനം പ്രസിദ്ധിയാർജിച്ചത്. അത് തന്നെയാണ് ഹൈബ്രിഡ് ജോലി സംവിധാനത്തിന്റെ അടിസ്ഥാനവും. തങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ ജോലി ചെയ്യാം എന്ന സ്ഥിതി പല ജീവനക്കാർക്കും ഇണങ്ങുന്ന സംവിധാനമായി മാറി. സൗകര്യാർത്ഥം ഏത് സ്ഥലത്ത് നിന്നും ജോലി ചെയ്യാൻ സാധിക്കുമെന്ന അയവുള്ള സംവിധാനമാണ് ഇത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.