പാചകവാതക സിലിണ്ടറുകൾ (LPG) ആളുകൾക്ക് കൂടുതൽ ലാഭകരമായ നിരക്കിൽ വിൽക്കാൻ സാധിക്കുമെന്ന് കേന്ദ്രം. ആഗോള വില മെട്രിക് ടണ്ണിന് 750 യുഎസ് ഡോളറിൽ നിന്ന് കുറഞ്ഞാൽ ഇത് സാധ്യമാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. നിലവിൽ വിവിധ ഘടകങ്ങളാണ് അന്താരാഷ്ട്ര വില നിർണ്ണയിക്കുന്നത്. എന്നാൽ ഇപ്പോഴത്തേതിൽ നിന്ന് വ്യത്യസ്തമായി കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ പാചകവാതകം ആവശ്യാനുസരണം ലഭ്യമാകുന്ന സാഹചര്യമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ലോക്‌സഭയിൽ ഡിഎംകെ എംപി കലാനിധി വീരസ്വാമിയുടെ പാചകവാതകത്തിന്റെ വിലയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ആയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉപഭോക്താക്കളുടെ പ്രത്യേകിച്ച് പിന്നാക്കക്കാരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്നും മന്ത്രി ലോകസഭയിൽ പറഞ്ഞു. കൂടാതെ നിലവിൽ സൗദിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന്റെ കരാർ വിലയിൽ 330 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
Also read-Petrol price | കേരളത്തിൽ പെട്രോൾ വിലയിൽ ചാഞ്ചാട്ടം; ഏറ്റവും പുതിയ നിരക്കുകൾ ഇങ്ങനെ
എന്നിട്ടും ആഭ്യന്തരതലത്തിൽ ഇതനുസരിച്ചുള്ള വിലവർധനവ് ഏർപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര സൗദി കരാർ വില മെട്രിക് ടണ്ണിന് 750 യുഎസ് ഡോളറിൽ നിന്ന് കുറയുകയാണെങ്കിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾ കൂടുതൽ ലാഭകരമായ നിരക്കിൽ വിൽക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗാർഹിക പാചക വാതക സിലിണ്ടറിന്റെ ഉപഭോഗത്തിന്റെ 60 ശതമാനത്തിലധികം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
2019-20 മുതൽ 2021-22 വരെയുള്ള കാലയളവിൽ ശരാശരി സൗദി കരാർ വിലയിൽ 454 യുഎസ് ഡോളറിൽ നിന്ന് 693 യുഎസ് ഡോളറിന്റെ വർദ്ധനവാണ് ഉള്ളത്. ഇതിൽ 2022-23 കാലയളവിൽ ഫെബ്രുവരി വരെയുള്ള നിലവിലെ ശരാശരി സൗദി കരാർ വില 710 യുഎസ് ഡോളർ ആയാണ് ഉയർന്നിരിക്കുന്നത്.
അതിനാൽ ഈ സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് ഗാർഹിക പാചക വാതക സിലിണ്ടറുകൾ സർക്കാർ ഉപഭോക്താക്കൾക്ക് ഫലപ്രദമായ വിലയിലാണ് നൽകാൻ ശ്രമിക്കുന്നതെന്നും ഇതിന്റെ വിൽപ്പനയിൽ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് വൻ നഷ്ടം നേരിട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഈ നഷ്ടം നികത്തുന്നതിനായി അടുത്തിടെ കേന്ദ്രം എണ്ണ കമ്പനികൾക്കായി 22000 കോടിയുടെ നഷ്ടപരിഹാരത്തുകയും അനുവദിച്ചിരുന്നു. 2022 മെയ് 21 ന് പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ (PMUY) ഗുണഭോക്താക്കൾക്ക് സർക്കാർ 200 രൂപ സബ്സിഡി നൽകാൻ ആരംഭിച്ചു.
പ്രതിവർഷം പരമാവധി 12 സിലിണ്ടറുകൾ വരെ സബ്സിഡി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഗാർഹിക പാചക വാതക സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില ഡൽഹിയിൽ 1053 രൂപയാണെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. എന്നാൽ 2022-ൽ സർക്കാരിന്റെ കീഴിലുള്ള എണ്ണക്കമ്പനികൾ ഗാർഹിക പാചക വാതകത്തിന്റെ വില സിലിണ്ടറിന് ഏകദേശം 150 രൂപ വർധിപ്പിച്ചു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.