• HOME
 • »
 • NEWS
 • »
 • money
 • »
 • വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുമോ? വിധി ഈ ആഴ്ച അറിയാം

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുമോ? വിധി ഈ ആഴ്ച അറിയാം

ഇന്ത്യയിൽ വിജയ് മല്യയ്ക്കെതിരായ നടപടികൾ ആരംഭിച്ച് മൂന്നു വർഷത്തോളമാകുമ്പോഴാണ് കൈമാറൽ സംബന്ധിച്ച് അന്തിമ വിധി വരാൻ പോകുന്നത്

mallya

mallya

 • Share this:
  ലണ്ടൻ ഐ- സഞ്ജയ് സൂരി

  വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുമോയെന്ന് ഈ ആഴ്ച അറിയാനാകും. ബ്രിട്ടനിൽനിന്ന് പുറത്താക്കുന്നതിനെതിരെ വിജയ് മല്യ നൽകിയ ഹർജി ഈ ആഴ്ച ലണ്ടൻ കോടതി പരിഗണിക്കും. മല്യയുടെ അപ്പീൽ ചൊവ്വാഴ്ച മുതൽ മൂന്നു ദിവസത്തേക്കായിരിക്കും കോടതി പരിഗണിക്കുക. കോടതി വിധി ഈ ആഴ്ച തന്നെ വരുമെന്നാണ് അറിയുന്നത്. ഈ വിധിക്ക് മുകളിൽ ഫലപ്രദമായ അപ്പീൽ നൽകാനാകില്ല എന്നതിനാൽ വിജയ് മല്യയ്ക്ക് ഏറെ നിർണായകമായിരിക്കും ഇത്. വിധി എതിരായാൽ സ്റ്റേറ്റ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം 28 ദിവസത്തിനുള്ളിൽ മല്യയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനാകും.

  ഇന്ത്യയിൽ വിജയ് മല്യയ്ക്കെതിരായ നടപടികൾ ആരംഭിച്ച് മൂന്നു വർഷത്തോളമാകുമ്പോഴാണ് കൈമാറൽ സംബന്ധിച്ച് അന്തിമ വിധി വരാൻ പോകുന്നത്. 2017 ഫെബ്രുവരി ഒമ്പതിനാണ് മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടനോട് അഭ്യർഥിക്കുന്നത്. 2017 ഏപ്രിൽ 18 നാണ് മല്യ ഇംഗ്ലണ്ടിൽ അറസ്റ്റിലായത്. അതിനുശേഷം അദ്ദേഹം ജാമ്യത്തിലാണ്. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവിട്ടെങ്കിലും, ലണ്ടനിലെ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു ഇന്ത്യയിലെ മദ്യരാജാവ്.

  ബിസിനസിലെ നഷ്ടം മൂലം വായ്പാ തിരിച്ചടവിൽ മല്യ വീഴ്ച വരുത്തിയത് മനപൂർവ്വമാണോ എന്ന അടിസ്ഥാന ചോദ്യത്തിലാണ് അദ്ദേഹത്തിന്‍റെ അപ്പീൽ അനുവദിച്ചത്. 2018ൽ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന വാദം കേൾക്കുന്നതിനിടെ അപ്പീൽ നൽകാൻ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. കേസിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് പകരം തന്നെ കൈമാറ്റം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും രാഷ്ട്രീയപ്രേരിതമായതിനാൽ ഇന്ത്യയിൽ ന്യായമായ വിചാരണ പ്രതീക്ഷിക്കാനാകില്ലെന്നും മല്യ അന്ന് വാദിച്ചിരുന്നു. ഇന്ത്യയിലെ ജയിലിൽ അടിസ്ഥാന മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും മല്യ വാദിച്ചിരുന്നു. എന്നാൽ വാദത്തിനൊടുവിൽ മല്യയെ കൈമാറാനാണ് വെസ്റ്റ് മിൻസ്റ്റർ കോടതി വിധിച്ചത്. ഇതിനെതിരെയാണ് മല്യ ലണ്ടൻ കോടതിയിൽ അപ്പീൽ നൽകിയത്.

  തന്നെ കൈമാറാൻ ഉത്തരവിട്ട ചീഫ് മജിസ്‌ട്രേറ്റ് എമ്മ അർബുത്നോട്ടിന്റെ വിധി അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് മല്യ നൽകിയ അപ്പീലിലാണ് ലണ്ടനിലെ കോടതിയിൽ വാദം തുടങ്ങുന്നത്. ഒരു വർഷത്തോളം വാദം കേട്ട ശേഷമാണ് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റിന്റെ 74 പേജുള്ള വിധി വന്നത്. മല്യ തന്റെ പ്രതിവാദത്തിൽ ആറ് സാക്ഷികളെ ഹാജരാക്കിയിരുന്നു. ഇന്ത്യൻ സർക്കാർ സാക്ഷികളെയൊന്നും ഹാജരാക്കിയില്ല. അതേസമയം എല്ലാ തെളിവുകളും ഹാജരാക്കാൻ മല്യയ്ക്ക് സാധിച്ചതുമില്ല. വഞ്ചനയ്ക്കുവേണ്ടിയുള്ള ഗൂഢാലോചന, വ്യക്തിപരമായ ലാഭമുണ്ടാക്കാൻ തെറ്റായ പ്രാതിനിധ്യം നൽകൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് മല്യയ്ക്കെതിരെ ഇന്ത്യൻ അന്വേഷണ ഏജൻസികൾ ചാർജ് ചെയ്തിട്ടുള്ളത്.

  വെസ്റ്റ് മിനിസ്റ്റർ കോടതിയുടെ വിധിന്യായത്തിൽ മല്യയ്ക്കെതിരെ നടത്തിയ ചില ശ്രദ്ധേയ പരാമർശങ്ങൾ ഇവയാണ്. “പ്രഥമ ദൃഷ്ട്യ കേസിന്റെ കാര്യത്തിൽ, കെ‌എഫ്‌എയുടെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് 2009ൽ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ മല്യ ചർച്ച ചെയ്തിരുന്ന ചില ഇ-മെയിലുകൾ ശ്രദ്ധയിൽപ്പെട്ടു. “കെ‌എഫ്‌എയുടെ (കിംഗ്ഫിഷർ എയർലൈൻസ്) സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള അവരുടെ വീക്ഷണത്തിന്റെ വ്യക്തമായ ചിത്രം ആ ഇ-മെയിലുകളിലുണ്ടായിരുന്നു”. 2009 മെയ് മാസത്തിൽ, മല്യയുടെ കമ്പനിയിൽ നിന്നുള്ള ഒരു ചെക്ക് ബൌൺസായതും വിധിയിൽ ചൂണ്ടിക്കാണിക്കുന്നു. അതിന്റെ ഫലമായി അവർക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകുമോ എന്ന ആശങ്ക മല്യയ്ക്കുണ്ട്. “നടപ്പുവർഷത്തെ യഥാർത്ഥ നഷ്ടം പ്രവചനങ്ങളെക്കാൾ വളരെ കൂടുതലാണ്.”- 2009 സെപ്റ്റംബറിലെ കിങ് ഫിഷർ എയർലൈൻസിന്‍റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലെ പരാമർശവും വിധിന്യായത്തിൽ എടുത്തുകാണിക്കുന്നു. 2009ൽ ആയിരം കോടിയുടെ നഷ്ടമാണ് പുറത്തുപറഞ്ഞതെങ്കിലും യഥാർഥ നഷ്ടം 2250 കോടിയാണെന്നും വെസ്റ്റ് മിനിസ്റ്റർ കോടതിയുടെ റിപ്പോർട്ടിലുണ്ട്.

  “ഐ‌ഡി‌ബി‌ഐയിൽ നിന്നുള്ള വായ്പകൾക്കുള്ള അപേക്ഷയ്ക്ക് മുമ്പുള്ള ആഴ്ചകളിൽ കെ‌എഫ്‌എയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച നേർച്ചിത്രം കമ്പനിയുടെ അവലോകന റിപ്പോർട്ടിൽ ആശങ്കയോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.”-മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ഐ‌എഫ്‌ബി‌ഐ വായ്പയ്ക്കായി കെ‌എഫ്‌എ അപേക്ഷിച്ച 2009 ഒക്ടോബർ ഒന്നിലെ കത്തിൽ കെ‌എഫ്‌എയുടെ യഥാർത്ഥ നിലപാട് മറച്ചുവെക്കുകയും ചെയ്തു. തെറ്റായ വിവരങ്ങൾ കാട്ടിയാണ് വായ്പയ്ക്ക് അപേക്ഷിച്ചതെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

  2008 നവംബർ 1 ലെ ഗ്രാന്റ് തോൺടൺ റിപ്പോർട്ടിൽ കെ‌എഫ്‌എയുടെ മൂല്യം 3,406 കോടി രൂപയായാണ് കാണിച്ചിരുന്നത്. എന്നാൽ ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് പ്രകാരം കെഎഫ്എയുടെ മൂല്യം 1,911 കോടി രൂപയായിരുന്നു. 2008-09 മുതൽ 2014-15 വരെയുള്ള കാലയളവിലെ വാർഷിക റിപ്പോർട്ടുകൾ, പ്രതീക്ഷിച്ച ലാഭനഷ്ട പ്രസ്താവനകൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട്. ഇത് ഗ്രാന്റ് തോൺടൺ ബ്രാൻഡ് മൂല്യനിർണയത്തേക്കാൾ വളരെ കുറവാണ്. 2009 ഒക്ടോബർ ഒന്നിന് ഐഡിബിഐയ്ക്ക് നൽകിയ കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. കമ്പനിയുടെ ബ്രാൻഡ് മൂല്യം 3,400 കോടി രൂപയാണെന്നായിരുന്നു ഐഡിബിഐയോട് കെ.എഫ്.എ പറഞ്ഞിരുന്നത്.

  “വായ്പ ലഭിക്കാൻ ബ്രാൻഡ് മൂല്യം പെരുപ്പിച്ച് കാണിക്കാൻ വേണ്ടിയല്ലേ കെ.എഫ്.എ ഇത്തരത്തിൽ ചെയ്തത്? ബാങ്കിന് ഇത് വിലപ്പോവില്ലെന്ന് കണ്ടെത്താൻ കഴിഞ്ഞേക്കും, പക്ഷേ കെ‌എഫ്‌എയ്ക്ക് ഇത് അങ്ങനെയാണെന്ന് അറിയാമായിരുന്നു, എന്നിട്ടും മൂല്യം പെരുപ്പിച്ച് കാണിച്ച് അത് ഒരു ഗ്യാരണ്ടിയായി ഈ റിപ്പോർട്ട് മുന്നോട്ട് വയ്ക്കുകയാണ് അവർ ചെയ്തത്”- മജിസ്ട്രേറ്റ് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. “ഒന്നുകിൽ തുടർച്ചയായ വിവിധ പരാജയങ്ങൾ കാരണം സാമ്പത്തികമായ ഉദ്ദേശ്യങ്ങളോടെ എന്റെ മുന്നിൽ വച്ചിരിക്കുന്ന തെളിവുകളിൽ നിന്ന് വ്യക്തമല്ല, അല്ലെങ്കിൽ ബാങ്കുമായി ഒത്തുചേർന്ന് ഒരു തട്ടിപ്പിനാണ് ശതകോടിശ്വരനായ മല്യ ശ്രമിച്ചത്''-മജിസ്ട്രേറ്റ് വിധിന്യായത്തിൽ പറയുന്നു.

  തെറ്റായ പ്രാതിനിധ്യങ്ങളിലൂടെ ലഭിച്ച വായ്പകളിൽ വീഴ്ച വരുത്തിയാൽ, കെ‌എഫ്‌എയും മല്യയും കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നും വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വ്യക്തമാക്കുന്ന ഇ-മെയിലുകൾ തെളിവായി ലഭിച്ചിട്ടുണ്ട്. കടക്കാർക്ക് തിരിച്ചടയ്ക്കുന്നതിനുപകരം ഫണ്ടുകൾ മല്യയുടെ സ്വകാര്യ ജെറ്റിനായും സ്വന്തം ഉടമസ്ഥതയിലുള്ള ഫോർമുല വൺ ടീമായ ഫോഴ്സ് ഇന്ത്യയിലേക്ക് വകമാറ്റാൻ ശ്രമിക്കുകയുമാണ് ചെയ്തത്- വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

  ഒരു ബിസിനസ് എന്ന നിലയിൽ കെ‌എഫ്‌എ അക്കാലത്ത് ഡോ. മല്യയുടെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ് ഇന്ത്യയിൽ നിക്ഷേപം നടത്തിയിരുന്നു. ഫണ്ട് ദുരുപയോഗം ചെയ്തതായി പ്രഥമദൃഷ്ട്യാ ഒരു കേസുണ്ട്. ഇതുസംബന്ധിച്ച രേഖകളിൽ ഇക്കാര്യം വ്യക്തമാണ്. തനിക്കുവേണ്ടി ഒരു നേട്ടമുണ്ടാക്കാനോ മറ്റൊരാൾക്ക് നഷ്ടമുണ്ടാക്കാനോ തെറ്റായ പ്രാതിനിധ്യം നൽകിയതിന് മല്യയ്ക്കെതിരെ പ്രഥമദൃഷ്ട്യാ ഒരു കേസുണ്ട്. വായ്പയായി ലഭിച്ച പണം ദുരുപയോഗം ചെയ്തതിനും വ്യക്തമായ തെളിവുകൾ ഉണ്ട്. ഇതിലൂടെ ഡോ. മല്യ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്നും വ്യക്തമാണെന്നും വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് പറയുന്നു.

  (സിഎൻബിസി- ടിവി18-ലെ സഞ്ജയ് സൂരിയുടെ വാരാന്ത്യ കോളമാണ് ലണ്ടൻ ഐ. ലണ്ടനുമായിബന്ധപ്പെട്ട ബിസിനസ് വാർത്തകളെക്കുറിച്ചുള്ള അവലോകനമാണ് ഈ കോളത്തിലുള്ളത്.)
  Published by:Anuraj GR
  First published: