• HOME
  • »
  • NEWS
  • »
  • money
  • »
  • Windfall Tax | ക്രൂഡ് ഓയിലിന് വിൻഡ‍്‍ഫോൾ ടാക്സ്; കമ്പനികളെ ബാധിക്കുന്നത് എങ്ങനെ? സർക്കാരിന്റെ ലാഭം എന്ത്?

Windfall Tax | ക്രൂഡ് ഓയിലിന് വിൻഡ‍്‍ഫോൾ ടാക്സ്; കമ്പനികളെ ബാധിക്കുന്നത് എങ്ങനെ? സർക്കാരിന്റെ ലാഭം എന്ത്?

വിൻഡ‍്‍ഫോൾ ടാക്സ് (Windfall Tax) സ്വദേശിയ ക്രൂഡോയിൽ ഉല്പ്പാദകർക്ക് കനത്ത പ്രഹരം; സർക്കാരിന് 69,000 കോടിയുടെ അധികവരുമാനം

  • Last Updated :
  • Share this:
    പ്രാദേശിക നിർമ്മാതാക്കൾ ഇനി ഓരോ ടൺ ക്രൂഡ് ഓയിലിനും (Crude Oil) സെസ്സായി 23,250 രൂപ വിൻഡ‍്‍ഫോൾ ടാക്സ് (Windfall Tax) അടയ്ക്കണമെന്ന പുതിയ ഉത്തരവ് വന്നിരിക്കുകയാണ്. വെള്ളിയാഴ്ച ഈ തീരുമാനം പുറത്ത് വന്നതോടെ ഓയിൽ റിഫൈനിങ് ആൻറ് മാർക്കറ്റിങ് കമ്പനികളുടെ ഷെയറുകൾക്ക് സ്റ്റോക്ക് മാർക്കറ്റിൽ വലിയ ഇടിവുണ്ടായി. കമ്പനികളുടെ വരുമാനത്തിൽ കുറവ് വരുമെന്നതാണ് ഈ ഇടിവിന് കാരണം. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതോടെ പ്രാദേശിക എണ്ണക്കമ്പനികൾ വമ്പൻ ലാഭമാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് വിൻഡ‍്‍ഫോൾ ടാക്സ് പ്രഖ്യാപിച്ചത്.

    എന്താണ് വിൻഡ‍്‍ഫാൾ ടാക്സ്?

    സർക്കാർ, കമ്പനികളിൽ നിന്ന് ഈടാക്കുന്ന നികുതിയാണ് വിൻഡ‍്‍ഫോൾ ടാക്സ്. അപ്രതീക്ഷിതമായി കമ്പനികളുടെ പ്രവർത്തനമികവ് കൊണ്ടല്ലാതെ വമ്പൻ ലാഭം ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ നികുതി ചുമത്താറുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രൂഡ് ഓയിൽ വില അനിയന്ത്രിതമായി വർധിക്കുകയാണ്. അന്താരാഷ്ട്ര വില അടിസ്ഥാനമാക്കിയാണ് പ്രാദേശിക കമ്പനികളും ക്രൂഡ് ഓയിൽ വിൽക്കുന്നത്. അത് കൊണ്ട് തന്നെ അപ്രതീക്ഷിതമായി വലിയ ലാഭമാണ് പ്രാദേശിക കമ്പനികൾ ഉണ്ടാക്കുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ് ഓരോ ടണ്ണിനും 23,250 രൂപ സെസ് ചുമത്തിയിരിക്കുന്നത്.

    കമ്പനികളെ എങ്ങനെ ബാധിക്കും?

    സ്വാഭാവികമായും വലിയ തുക നികുതി അടയ്ക്കേണ്ടി വന്നാൽ അത് കമ്പനികളുടെ വരുമാനത്തെ ബാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 40 ഡോളറിലെത്തിയാൽ മാത്രമേ വിൻഡ‍്‍ഫാൾ ടാക്സ് ഒഴിവാക്കുകയുള്ളൂവെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ഒഎൻജിസിക്കും (ONGC) ഓയിൽ ഇന്ത്യയ്ക്കും (OIL India) വലിയ നഷ്ടമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്ന് അനലിസ്റ്റുകളായ മോർഗൻ സ്റ്റാൻലി ഗവേഷണസംഘം വ്യക്തമാക്കുന്നു. 2023 സാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ ഒഎൻജിസിക്ക് 36 ശതമാനവും ഓയിൽ ഇന്ത്യക്ക് 24 ശതമാനവും ഇടിവുണ്ടാവുമെന്നാണ് വിലയിരുത്തൽ. ആഗോളതലത്തിലുള്ള ക്രൂഡ് ഓയിൽ വില വർധനവ് കാരണമാണ് ടാക്സ് ചുമത്തേണ്ടി വന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക തലത്തിൽ പെട്രോളിയം ഉൽപ്പനങ്ങങ്ങളുടെയും പെട്രോളിൻെറയോ വിലയിൽ ഇത് കൊണ്ട് വർധനവുണ്ടാവില്ലെന്നും ധനകാര്യ മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്.

    സർക്കാരിന്റെ ലാഭം

    ഒഎൻജിസി, ഓയിൽ ഇന്ത്യ, വേദാന്ത എന്നിവയിൽ നിന്നുള്ള നികുതി മാത്രം കണക്കിലെടുത്താൽ സർക്കാരിന് വർഷം 69000 കോടി രൂപ ലഭിക്കുമെന്ന് വിവിധ സോഴ്സുകളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 2021-22 സാമ്പത്തികവർഷം 29.7 മില്യൺ ടൺ എണ്ണ ഉത്പാദനമാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്. ഈ കണക്ക് പരിഗണിച്ചാണ് സർക്കാരിന് ലഭിക്കുന്ന തുക കണക്കാക്കിയത്. ക്രൂഡ് ഓയിലിനുള്ള വിൻഡ‍്‍ഫോൾ ടാക്സിന് പുറമെ ഡീസലിൻെറയും പെട്രോളിൻെറയും കയറ്റുമതിക്കും സർക്കാർ സെസ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് 6 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് കമ്പനികൾ സർക്കാരിലേക്ക് അടയ്ക്കേണ്ടത്.
    Published by:Amal Surendran
    First published: