പ്രമുഖ സുഗന്ധവ്യഞ്ജന, റെഡി ടു കുക്ക് ഉത്പന്ന നിർമ്മാതാക്കളായ ബ്രാഹ്മിൺസിനെ ഏറ്റെടുക്കുന്നതായി വിപ്രോ കൺസ്യൂമർ കെയർ. എന്നാൽ ഏറ്റെടുക്കലിനായി എത്ര തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെ ഭക്ഷ്യോൽപ്പന്ന ബിസിനസിലേക്ക് വിപ്രോ ചുവടുവെക്കുന്നത്. നിലവിൽ ലഘുഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങൾ , റെഡി-ടു-കുക്ക് എന്നിവയുടെ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുക എന്നതാണ് വിപ്രോയുടെ ലക്ഷ്യം.
കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു കേരളത്തിലെ പ്രമുഖ ഭക്ഷ്യോൽപന്ന ബ്രാൻഡുകളിൽ ഒന്നായ നിറപറയുമായുള്ള കരാറിൽ കമ്പനി ഒപ്പുവച്ചത്. ഇനി ബ്രാഹ്മിൻസിനെ കൂടി ഏറ്റെടുക്കുന്നതോടെ ഉപഭോക്തൃ മേഖലയിൽ ഇത് വിപ്രോയുടെ പതിനാലാമത്തെ ഏറ്റെടുക്കൽ ആയി മാറും. കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ സ്പൈസസ്, റെഡി-ടു-കുക്ക് വിഭാഗത്തിൽ മുന്നിട്ടു നിൽക്കുന്ന ബ്രാൻഡാണ് ബ്രാഹ്മിൺസ്. ബ്രാഹ്മിൺസിന്റെ ഉയർന്ന നിലവാരമുള്ള ചില മാനദണ്ഡങ്ങൾ ബ്രാൻഡിനെ വിപണിയിൽ പ്രബലരാക്കി നിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളതായി വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് സിഇഒയും വിപ്രോ എന്റർപ്രൈസസ് മാനേജിംഗ് ഡയറക്ടറുമായ വിനീത് അഗർവാൾ പറഞ്ഞു.
1987-ൽ സ്ഥാപിതമായ ബ്രാഹ്മിൻസ് എത്‌നിക് ബ്രേക്ക്ഫാസ്റ്റ്, പ്രീ-മിക്‌സ് പൊടികൾ, മസാല മിക്സുകൾ, അച്ചാറുകൾ, ഡെസേർട്ട് മിക്‌സുകൾ എന്നിവയാണ് പ്രധാനമായും വിപണിയിൽ എത്തിക്കുന്നത്. ബ്രാൻഡ് വികസിപ്പിക്കുന്നതിലും ഉൽപ്പാദനം കാര്യക്ഷമമാക്കുന്നതിലും ആണ് ഇപ്പോൾ സംയുക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിപ്രോയുടെ വിതരണ ശൃംഖലയിലും വിപണന വൈദഗ്ധ്യത്തിലും ഞങ്ങൾക്ക് വിശ്വാസമുണ്ടെന്നും ബ്രാഹ്മിൺസ് എംഡി ശ്രീനാഥ് വിഷ്ണു പറഞ്ഞു.
Also Read- ‘നിറപറ’യെ വിപ്രോ ഏറ്റെടുക്കുന്നു; ഭക്ഷ്യ വിപണിയിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പ്
അതേസമയം സുഗന്ധവ്യഞ്ജന വിഭാഗത്തിൽ നിലവിൽ എവറസ്റ്റ് ബ്രാൻഡിന്റെ ഉടമയായ എസ് നരേന്ദ്രകുമാറാണ് വിപണിയിൽ ഒന്നാം സ്ഥാനത്ത് നിലനിൽക്കുന്നത്. തൊട്ടുപിന്നാലെ എംഡിഎച്ചും ഉണ്ട്. കൂടാതെ, മസാല, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ ഡിഎസ് ഫുഡ്‌സ്, രാംദേവ്, ഈസ്റ്റേൺ എന്നിവയുൾപ്പെടെയുള്ള ആഭ്യന്തര കമ്പനികളും മുൻതൂക്കം നിലനിർത്തുന്നു.
അതേസമയം വിപ്രോയുടെ കീഴിൽ ബ്രാഹ്മിൻസിനെ കൂടി ഉൾപ്പെടുത്തുന്നതോടെ കേരളത്തിന് പുറമെ ജിസിസി രാജ്യങ്ങൾ, യുകെ, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റ് വിപണികളിലും തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുമെന്ന് വിപ്രോ കൺസ്യൂമർ കെയർ ഫുഡ്‌സ് ബിസിനസ് പ്രസിഡന്റ് അനിൽ ചുഗ് ചൂണ്ടികാട്ടി. എഫ്എംസിജി കമ്പനികളിൽ അതിവേഗം വളരുന്ന സ്ഥാപനമെന്ന ഖ്യാതിയുള്ള കമ്പനിയാണ് വിപ്രോ എന്റർപ്രൈസിന്റെ തന്നെ സ്ഥാപനമായ വിപ്രോ കൺസ്യൂമർ കെയർ.
കഴിഞ്ഞ വർഷം 588 കോടി രൂപയ്ക്കാണ് ബാദ്ഷാ മസാല പ്രൈവറ്റ് ലിമിറ്റഡിന്റെ 51 ശതമാനം ഓഹരികൾ ആഭ്യന്തര എഫ്എംസിജി സ്ഥാപനമായ ഡാബർ ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തത്. 3 വർഷം മുൻപ് സുഗന്ധവ്യഞ്ജന നിർമ്മാതാക്കളായ സൺറൈസ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികൾ 2,150 കോടി രൂപയ്ക്ക് ഓൾ ക്യാഷ് ഇടപാടിലാണ് പ്രമുഖ കമ്പനിയായ ഐടിസി ഏറ്റെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.