• HOME
  • »
  • NEWS
  • »
  • money
  • »
  • Economy | തിരിച്ചടി നേരിട്ട് ചൈനീസ് സമ്പദ്‍വ്യവസ്ഥ; ഇന്ത്യയ്ക്ക് ഇത് വളരാനുള്ള അവസരമോ?

Economy | തിരിച്ചടി നേരിട്ട് ചൈനീസ് സമ്പദ്‍വ്യവസ്ഥ; ഇന്ത്യയ്ക്ക് ഇത് വളരാനുള്ള അവസരമോ?

കോവിഡ് പ്രതിസന്ധിക്കു ശേഷം സാമ്പത്തിക രംഗത്ത് ഇന്ത്യ നടത്തുന്ന ശക്തമായ തിരിച്ചുവരവിനെ ഐഎംഎഫും യുഎസ് ട്രഷറിയും മറ്റ് രാജ്യങ്ങളും വിവിധ സംഘടനകളും സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു

  • Share this:
സന്തോഷ് ചൗബെ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (Chinese Communist Party (CCP)) ഇരുപതാമത് ദേശീയ കോൺഗ്രസ് (National Congress) ഉദ്ഘാടനം ചെയ്തിരിക്കുകയാണ് പ്രസിഡന്റ് ഷി ജിൻപിംഗ് (Xi Jinping). അഴിമതിക്കെതിരെ നയങ്ങൾ സ്വീകരിക്കുക, സ്വകാര്യ വ്യവസായങ്ങളെ നിയന്ത്രിക്കുക, തുടങ്ങിയ തന്റെ പ്രഖ്യാപിത നയങ്ങളെല്ലാം ഈ സമ്മേളനത്തിലും അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. അമേരിക്ക തായ്‍വാനെ പിന്തുണച്ചാൽ പോലും അവരെ ബലമായി പിടിച്ചടക്കുക എന്ന അജണ്ടയും ഷി ഊന്നിപ്പറഞ്ഞു. 2017 ഒക്ടോബറിലെ 19-ാമത് പാർട്ടി കോൺഗ്രസിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ ആവർത്തനം തന്നെയാണ് 2022ലും സംഭവിച്ചത്.

റഷ്യ-ഉക്രെയ്ൻ യുദ്ധത്തോടൊപ്പം, ചൈനയുടെ സാമ്പത്തിക മാന്ദ്യത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി കാണുന്ന 'സീറോ കോവിഡ് നയത്തെ' (zero Covid policy) അദ്ദേഹം ന്യായീകരിച്ചു. കൊറോണ വൈറസ് ഇപ്പോഴും നിലനിൽക്കുന്നു എന്നത് ഒരു യാഥാർഥ്യമാണെന്നും ചൈനയുടെ നടപടികൾ ഏറ്റവും ചെലവു കുറഞ്ഞതാണെന്നും സീറോ കോവിഡ് നയം പിൻവലിക്കില്ലെന്നും പാർട്ടിയുടെ 20ാമത് നാഷനൽ കോൺഗ്രസിന്റെ വക്താവ് സൺ യെലിയും വ്യക്തമാക്കി.

യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റാറ്റിസ്റ്റിക്സ് ഡിവിഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ആഗോള ഉൽപാദന കേന്ദ്രമാണ് ചൈന. 15 ശതമാനം മാത്രമാണ് രാജ്യത്തെ കയറ്റുമതി നിരക്ക്. ആ രാജ്യമാണ് കോവിഡ് പ്രതിരോധത്തിലെ നയങ്ങളും മറ്റ് കാരണങ്ങളും മൂലം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത്.

ഈ വർഷം രാജ്യത്തെ സാമ്പത്തിക രം​ഗത്ത് കാര്യമായ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഇത് ചൈനീസ് ജിഡിപി 35 ശതമാനത്തിലെത്താൻ കാരണമായെന്ന് ഗോൾഡ്മാൻ സാച്ച്സ് അനാലിസിസ് (Goldman Sachs analysis) പറയുന്നു. ഭൂരിഭാഗം ലോക രാജ്യങ്ങളും കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യാൻ വ്യക്തമായ ഒരു നയം സ്വീകരിച്ചിരുന്നു. വൈറസിനോടൊപ്പം ജീവിക്കാൻ പഠിക്കുക എന്ന പോളിസിയാണ് പലരും സ്വീകരിച്ചത്. എന്നാൽ ചൈനയുടെ 'സീറോ കോവിഡ് നയം' അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരു പ്രത്യേക സ്ഥലത്ത് വളരെ കുറച്ച് കേസുകൾ കണ്ടെത്തിയാൽ പോലും, ചെറുകിട, വൻകിട, വ്യാവസായിക സ്ഥാപനങ്ങളും പൂട്ടി, അതിനു ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതാണ് ചൈനയുടെ രീതി. ഓരോ വ്യക്തിയെയും നിർബന്ധിത ടെസ്റ്റിം​ഗിന് വിധേയമാക്കുകയും ചെയ്തു. വ്യാവസായിക നഗരങ്ങളായ ഷാങ്ഹായ്, ഷെൻ‌ഷൻ, ചെങ്‌ഡു എന്നിവയുൾപ്പെടെ മിക്ക ചൈനീസ് നഗരങ്ങളും ലോക്ക്ഡൗൺ മൂലം ആഴ്ചകളോളം പൂട്ടിയിരിക്കുകയായിരുന്നു.

'സീറോ കോവിഡ് നയം' തുടർന്നാൽ ചൈന‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യവും അതുപോലെ തുടരുമെന്നാണ് കരുതപ്പെടുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും സാമ്പത്തിക മാന്ദ്യത്തോട് കൂട്ടിവായിക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വളരാനുള്ള അവസരമാണ് നൽകുന്നതെന്ന് സാമ്പത്തിക നിരീക്ഷകർ കരുതുന്നു.

ഇന്ത്യയുടെ സാധ്യതകൾ

നിലവിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ സാമ്പത്തിക വളർച്ചയെയും അതിനായി സ്വീകരിച്ച നയങ്ങളെയും അടുത്തിടെ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (International Monetary Fund (IMF)) പ്രശംസിച്ചിരുന്നു. നിലവിലെ ആഗോള സാഹചര്യത്തിൽ 'നിരവധി സാമ്പത്തിക സാധ്യതകളുള്ള സ്ഥലം' എന്നാണ് ഇന്ത്യയെ ഐഎംഎഫ് വിശേഷിപ്പിച്ചത്. "ഈ പ്രയാസകരമായ സമയങ്ങളിൽ പോലും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഘടനാപരമായ പരിഷ്കാരങ്ങളാണ് ഈ വളർച്ചയ്ക്ക് കാരണം. വരും വർഷങ്ങളിൽ ലോകത്തിനു തന്നെ ഇന്ത്യ മാതൃകയാകും'', ഐഎംഎഫ് എംഡി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കു ശേഷം സാമ്പത്തിക രംഗത്ത് രാജ്യം നടത്തുന്ന ശക്തമായ തിരിച്ചുവരവിനെ ഐഎംഎഫും യുഎസ് ട്രഷറിയും മറ്റ് രാജ്യങ്ങളും വിവിധ സംഘടനകളും സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക രം​ഗത്ത് രാജ്യത്തിനു മുന്നിലുള്ള സാധ്യതകൾ എന്താണെന്നും രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്നും
അറിയാൻ സാമ്പത്തിക മേഖലയിലെ ചില വിദഗ്ധരുമായി സിഎൻഎൻ ന്യൂസ് 18 സംസാരിച്ചിരുന്നു.

ഇന്ത്യയുടെ വർദ്ധിച്ചു വരുന്ന സാമ്പത്തിക ശേഷിയെ ചൈനയുടെ മാന്ദ്യവുമായി ബന്ധിപ്പിക്കാനാവില്ലെന്നാണ് അമേരിക്ക, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയമുള്ള മുൻ നയതന്ത്രജ്ഞൻ കൂടിയായ നീരജ് ശ്രീവാസ്തവ സിഎൻഎൻ ന്യൂസ് 18 നോട് പറഞ്ഞത്. ഇത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഇന്ത്യയുടെ സാധ്യത വർദ്ധിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ''ചൈനയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തുന്ന ലോക്ക്ഡൗണും അന്യായമായ നടപടികളും പല ബഹുരാഷ്ട്ര കമ്പനികളെയും ഒരു ബദൽ മാർ‌​ഗം കണ്ടെത്താൻ പ്രേരിപ്പിക്കുകയാണ്. അവരിൽ ചിലർ ഇന്ത്യയിലേക്ക് വരാനുള്ള ആലോചനയിലാണ്. മറ്റ് രാജ്യങ്ങളുടെയും ബഹുരാഷ്ട്ര കോർപ്പറേഷനുകളുടെയും ഒരു ബദൽ തിരഞ്ഞെടുപ്പായി ഇന്ത്യ മാറാനിടയുണ്ട്", നീരജ് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യയിലെ യുവജനങ്ങൾ ഭാവിയിൽ രാജ്യത്തെ വലിയ തൊഴിൽ ശക്തിയും രാജ്യത്തിന്റെ വളർച്ചയിൽ നിർണായക ഘടകങ്ങളും ആകുമെന്ന് ശ്രീവാസ്തവ പറയുന്നു. രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഇന്ത്യയുടെ ക്രിയാത്മകമായ ശ്രമങ്ങൾ ഇതിന് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

'ഭാവിയിലെ പ്രധാന സമ്പദ്‌വ്യവസ്ഥ' എന്നാണ് നൊബേൽ ജേതാവും സ്റ്റാൻഫോർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമായ മൈക്കൽ സ്പെൻസ്, ഇന്ത്യയെ വിശേഷിപ്പിച്ചത്. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രൊഫസർ സ്പെൻസ് പറഞ്ഞു.

ചൈനയുടെ മാന്ദ്യത്തെക്കുറിച്ചും ആഗോള മാന്ദ്യ പ്രവണതകളെക്കുറിച്ചും സാമ്പത്തിക വിദ​ഗ്ധനായ പ്രൊഫസർ കുമാർ ന്യൂസ് 18 നോട് സംസാരിച്ചു. ചൈനയ്ക്ക് സാമ്പത്തിക വളർച്ച സംബന്ധിച്ച വീക്ഷണം വളരെ കുറവാണെന്നും ചൈനയുടെ പല ഭാഗങ്ങളിലും തുടരുന്ന ലോക്ക്ഡൗണുകൾ ആ അവസ്ഥ കൂടുതൽ സങ്കീർണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ വിപണി

ഇന്ത്യ ഒരു വലിയ വിപണിയാണ്. നിലവിൽ 3.17 ട്രില്യൺ ഡോളറിന്റെ ജിഡിപി സമ്പദ്‌വ്യവസ്ഥയാണ് രാജ്യത്തിനുള്ളത്. 2048-ഓടെ ഇത് 30 ട്രില്യൺ ഡോളറായി മാറുമെന്ന് ഏണസ്റ്റ് ആൻഡ് യംഗ് നടത്തിയ പഠനം പറയുന്നു. 26 വർഷത്തിനുള്ളിൽ 10 മടങ്ങ് വളർച്ച എന്നത് ഒരു മികച്ച ബിസിനസ് അവസരമാണ്. സ്വാതന്ത്ര്യത്തിന്റെ 100 വർഷം പൂർത്തിയാക്കുന്ന 2047 ൽ, വികസിത സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കുള്ള ഉത്തേജകം കൂടിയാണ് ഇത്തരം കണക്കുകൾ. മറ്റൊരു രാജ്യത്തിനും അവഗണിക്കാനാകാത്ത വലിയ വിപണിയായി ഇന്ത്യ മാറുമെന്ന് വിദ​ഗ്ധർ പറയുന്നു.

കോവിഡ് പ്രതിസന്ധിക്ക് മുൻപു തന്നെ ഇന്ത്യ സാമ്പത്തിക രം​ഗത്ത് മുന്നേറിയിരുന്നു. 2013-2018 മുതൽ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി, ഇന്ത്യ ചൈനയെ മറികടന്നു. പ്രതിവർഷം ശരാശരി 6 ശതമാനം മുതൽ 7 ശതമാനം വരെ ജിഡിപി വളർച്ച കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയതായി ജിയോപൊളിറ്റിക്കൽ അനലിസ്റ്റും സ്കരാബ് റൈസിംഗ്, ഇൻ‌കോർപ്പറേറ്റിന്റെ (Scarab Rising, Inc) പ്രസിഡന്റുമായ ഐറിന സുക്കർമാൻ സിഎൻഎൻ ന്യൂസ് 18 നോട് പറഞ്ഞു. കോവിഡ് മഹാമാരിക്കു ശേഷം ഇന്ത്യ ശക്തമായ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ മധ്യവർഗം സമൂഹം ​ഗണ്യമായി വളർന്നുവെന്നും അവരിപ്പോൾ കർമ നിരതരാണെന്നും ഐറിന സുക്കർമാൻ പറഞ്ഞു.

യൂറോപ്യൻ യൂണിയനുമായും അമേരിക്കയുമായും ഇന്ത്യക്ക് ബന്ധമുള്ളതിനാൽ ആഗോള തലത്തിൽ അലയടിക്കുന്ന മാന്ദ്യം ഇന്ത്യയെയും ബാധിക്കും. എന്നാൽ ആഭ്യന്തര സാഹചര്യങ്ങൾ മൂലം, പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മാന്ദ്യം ​ഗുരുതരമായിരിക്കില്ലെന്ന് അപ്ലൈഡ് ഇക്കണോമിക്‌സിൽ പിഎച്ച്‌ഡിയുള്ള ആളും, വുഡ്‌സ് കോളേജ് ഓഫ് അഡ്‍വാൻസ് സ്റ്റഡീസിലെ ഫാക്കൽറ്റി അംഗവുമായ അരവിന്ദ് ശർമ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പം ലോകത്തിലെ പല വിപണികളെയും ബാധിച്ചിരിക്കുകയാണെന്നും തൊഴിലാളികൾ ഏറ്റവും വിലകുറഞ്ഞതും ആരോഗ്യകരവുമായ തൊഴിൽ വിപണികളിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്നും ലൈറ്റ്‌ഇയർ സ്‌ട്രാറ്റജീസിന്റെ സിഇഒയും സാമ്പത്തിക വിദഗ്ധനുമായ നിമ ഒലുമി ന്യൂസ് 18 നോട് പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നവരാണെന്ന് മൊഡ്യൂലസ് സിഇഒയും ആഗോള സാമ്പത്തിക വിദഗ്ധുമായ റിച്ചാർഡ് ഗാർഡ്‌നർ പറഞ്ഞു. അടുത്ത വർഷം ആഗോള സമ്പദ്‌വ്യവസ്ഥ ചില പ്രക്ഷുബ്ധമായ സമയങ്ങളിലൂടെ ആയിരിക്കും കടന്നുപോകുകയെന്നും ​​എന്നാൽ ഇന്ത്യ ദീർഘകാലത്തേക്ക് അത്തരം സാഹചര്യങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളികൾ

യുക്രെയ്ൻ-റഷ്യ യുദ്ധം, ഒപെക് ഉൽപാദനം വെട്ടിക്കുറയ്ക്കൽ എന്നിവയുടെ പശ്ചാത്തലത്തിൽ എണ്ണവിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടവും കോവിഡ് മഹാമാരിയെത്തുടർന്ന് ഏർപ്പെടുത്തുന്ന ലോക്ക്ഡൗണും സാമ്പത്തിക സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് പ്രൊഫസർ നാഗേഷ് കുമാർ സിഎൻഎൻഎൻ ന്യൂസ് 18 നോട് പറഞ്ഞു.

ഫെഡ് നയം മൂലം അമേരിക്കയിലെ പലിശനിരക്കുകൾ കൂടുതൽ കർശനമാകുന്നതാണ് ഇന്ത്യക്കു മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ‌ഇതുമൂലം വലിയ ചാഞ്ചാട്ടങ്ങളും കോളിളക്കങ്ങളുമാണ് വിപണിയിൽ ഉണ്ടാകുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് 50 ബേസിസ് പോയിന്റ് പലിശനിരക്ക് ഉയർത്തിയതിന്റെ ആഘാതം ലോകത്തെ എല്ലാ ഓഹരി വിപണികളിലും പ്രതിഫലിക്കുന്നുണ്ട്. ഇത് ഓഹരി വിപണികളെ അസ്ഥിരപ്പെടുത്തുകയും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്കിൽ സമ്മർദം ചെലുത്തുകയും ചെയ്യുന്നു. എന്നാൽ ഏകദേശം 550 ബില്യൺ യുഎസ് ഡോളറിന്റെ ഫോറെക്സ് കരുതൽ ശേഖരം കണക്കിലെടുക്കുമ്പോൾ 2013-14 സാമ്പത്തിക വർഷത്തെ സാഹചര്യം ആവർത്തിക്കാൻ സാധ്യതയില്ലെന്നാണ് താൻ കരുതുന്നതെന്നും പ്രൊഫസർ നാഗേഷ് കുമാർ കൂട്ടിച്ചേർത്തു.
Published by:Anuraj GR
First published: