• HOME
 • »
 • NEWS
 • »
 • money
 • »
 • Work From Home അവസാനിക്കുന്നു; ഓഫീസിലേക്ക് തിരികെ വിളിച്ചാൽ ജോലി ഉപേക്ഷിക്കുമെന്ന് ജീവനക്കാർ; സർവേഫലം ഇങ്ങനെ

Work From Home അവസാനിക്കുന്നു; ഓഫീസിലേക്ക് തിരികെ വിളിച്ചാൽ ജോലി ഉപേക്ഷിക്കുമെന്ന് ജീവനക്കാർ; സർവേഫലം ഇങ്ങനെ

വര്‍ക് ഫ്രം ഹോം തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ ജോലി ഉപേക്ഷിക്കാനും ജീവനക്കാര്‍ തയ്യാറാണെന്നാണ് ഒരു സര്‍വെയിൽ കണ്ടെത്തിയത്.

 • Share this:
  കൊവിഡ് (Covid) മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് ഓഫീസുകളില്‍ ഏറെയും വര്‍ക് ഫ്രം ഹോം (Work from Home) സംവിധാനത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തോളം വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന ജീവനക്കാരില്‍ (Employees) പലരും ഇപ്പോള്‍ ഓഫീസിലേക്ക് മടങ്ങിയെത്താന്‍ മടിക്കുകയാണ്. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തിട്ടും ഓഫീസിലേക്ക് തിരിച്ചെത്താതെ വര്‍ക് ഫ്രം ഹോം തന്നെ തിരഞ്ഞെടുക്കാനാണ് ഇവരില്‍ ഏറെ പേരും താല്‍പര്യപ്പെടുന്നത്. അതിന് അനുവദിച്ചില്ലെങ്കില്‍ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനമാണ് ജീവനക്കാരില്‍ ഏറെ പേരുടെയും ഭാഗത്തു നിന്നും ഉണ്ടാകുന്നത്. എന്നിരുന്നാലും, കൊവിഡ് വ്യാപനം കുറഞ്ഞത് കണക്കിലെടുത്ത് വര്‍ക് ഫ്രം ഹോം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും.

  വര്‍ക് ഫ്രം ഹോം തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ ജോലി ഉപേക്ഷിക്കാനും ജീവനക്കാര്‍ തയ്യാറാണെന്നാണ് റിക്രൂട്ട്‌മെന്റ് ആൻഡ് സ്റ്റാഫിങ് സ്ഥാപനമായ സീല്‍ (CIEL) എച്ച്ആര്‍ സര്‍വീസസ് സംഘടിപ്പിച്ച ഒരു സര്‍വെയിൽ കണ്ടെത്തിയത്. സര്‍വെയില്‍ പങ്കെടുത്ത 10 പേരില്‍ 6 പേരും ഓഫീസിലേക്ക് മടങ്ങിയെത്താന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ ജോലി രാജിവെയ്ക്കാന്‍ തയ്യാറാണെന്ന നിലപാടുള്ളവരായിരുന്നു. ഓഫീസില്‍ മടങ്ങിയെത്തുന്നതിന് വാഗ്ദാനം ചെയ്ത ഉയര്‍ന്ന ശമ്പളം നിരസിച്ചവരുടെ എണ്ണവും സമാനമാണെന്നാണ് സര്‍വെ ഫലം. ഐടി, ഔട്ട്‌സോഴ്‌സിങ്, ടെക്‌നോളജി സ്റ്റാര്‍ട്അപ്പുകള്‍, കണ്‍സള്‍ട്ടിങ്, ബിഎഫ്എസ്‌ഐ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സര്‍വെയില്‍ പ്രതികരിച്ചിരുന്നു.

  ജീവനക്കാർ വര്‍ക്ക് ഫ്രം ഹോം തന്നെ വീണ്ടും തിരഞ്ഞെടുക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ജീവനക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കാതെ തന്നെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും സന്തുലിതമായി കൊണ്ടുപോകാന്‍ കഴിയുന്നു എന്നതാണ് അതില്‍ പ്രധാനം. 'ഓഫീസിലേക്ക് തിരിച്ചെത്താനുള്ള (Return to office) നയത്തിന്റെ ഭാഗമായി തന്നെ വീട്ടിലിരുന്നുള്ള ജോലിയും (Work from home) കണക്കാക്കണം', സീല്‍ എച്ച്ആറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആദിത്യ മിശ്ര പറഞ്ഞു. 620 കമ്പനികളില്‍ നിന്നായി 2,000 ത്തോളം ജീവനക്കാര്‍ സര്‍വെയില്‍ പങ്കെടുത്തു.

  ഈ 620 കമ്പനികളില്‍ 40 ശതമാനത്തോളം പൂര്‍ണ്ണമായും വര്‍ക് ഫ്രം ഹോം രീതിയാണ് പിന്തുടരുന്നത്. അതേസമയം 26 ശതമാനവും പിന്തുടരുന്നത് ഹൈബ്രിഡ് മാതൃകയാണ്. ശേഷിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ ഓഫീസില്‍ എത്തി ജോലി ചെയ്യുന്നവരാണ്.

  ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നത് നല്ല ആശയമല്ലെന്നാണ് ഇൻഫോസിസ് സിഇഒ നാരായണമൂർത്തിയുടെ വിശ്വാസം. “ഞാൻ ഒരിക്കലും വർക് ഫ്രം ഹോമിന്റെ ആരാധകനല്ല “ആളുകൾ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ സ്ഥാപനവത്കൃതമായ തൊഴിൽ സംസ്കാരം സാവധാനം ദുർബലമാകാൻ തുടങ്ങും” നാരായണ മൂർത്തി പറഞ്ഞു.

  Also Read-Mask| മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി കേസെടുക്കേണ്ട; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

  അതേസമയം, ഈ വർഷം മുതൽ ജീവനക്കാരെ സ്ഥിരമായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നതിന്റെ പ്രാധാന്യം ടാറ്റ സ്റ്റീൽ തിരിച്ചറിഞ്ഞു. മഹാമാരിയുടെ കാലയളവിൽ കൂടുതൽ ഉദാരമായ വർക്ക് കൾച്ചർ നയം അവതരിപ്പിച്ച ടാറ്റ സ്റ്റീൽ ജീവനക്കാരുടെ സൗകര്യം കണക്കിലെടുത്ത് അത് തുടരാനാണ് ഉദ്ദേശിക്കുന്നത്. ഇൻഫോസിസും മാരുതിയും ഫിലിപ്‌സും പുതിയ തൊഴിൽ മാതൃകകൾ സജ്ജീകരിക്കുന്നതിന്റെ തയ്യാറെടുപ്പുകളിലാണ്. ചില ചുമതലകൾ നിർവഹിക്കുന്ന ജീവനക്കാർക്ക് എവിടെ നിന്നും ജോലി ചെയ്യാൻ അനുവദിക്കുന്ന തരത്തിലായിരിക്കും അത്.

  നിർമ്മാണ വിഭാ​ഗത്തിലെ 50 ശതമാനം ജീവനക്കാര്‌ ഓഫീസിൽ എത്തുന്ന തരത്തിൽ ജോലിസമയം ക്രമീകരിച്ചിരിക്കുന്ന ഹൈബ്രിഡ് മോഡലാണ് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ പിന്തുടരുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മാർട്ടിൻ ഷ്‌വെങ്ക് പറഞ്ഞു. ഓഫീസുകൾ തുറന്നു തുടങ്ങിയ കെപിഎംജിയും ഈ വർഷം ഹൈബ്രിഡ് വർക്കിങ് മോഡൽ ആയിരിക്കും സ്വീകരിക്കുക. അതേസമയം, എതിരാളിയായ ഡെലോയിറ്റ് ഇതിനകം ഹൈബ്രിഡ് വർക്ക് മോഡിലേക്ക് മാറിയിട്ടുണ്ട്.

  ഐസിഐസിഐ ബാങ്ക്, പാർളെ പ്രോഡക്‌ട്‌സ്, സൺ ഫാർമസ്യൂട്ടിക്കൽ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വോൾട്ടാസ്, ഗോദ്‌റെജ്, ഗോൾഡ്മാൻ സാച്ച്‌സ്, ഡാബർ, ഹെയർ, പാനസോണിക്, ബയോകോൺ, ഡിക്‌സൺ ടെക്‌നോളജീസ്, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് എന്നിവരും ജീവനക്കാരെ വീണ്ടും ഓഫീസിലേക്ക് തിരിച്ചുവിളിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
  Published by:Jayesh Krishnan
  First published: