• HOME
  • »
  • NEWS
  • »
  • money
  • »
  • Billionaires | ലോകത്തിലെ അതിസമ്പന്നരിൽ അഞ്ഞൂറ് പേർക്ക് ഈ വർഷത്തെ സാമ്പത്തിക നഷ്ടം 1.4 ട്രില്യൺ ഡോളർ; പട്ടികയിൽ മസ്കും

Billionaires | ലോകത്തിലെ അതിസമ്പന്നരിൽ അഞ്ഞൂറ് പേർക്ക് ഈ വർഷത്തെ സാമ്പത്തിക നഷ്ടം 1.4 ട്രില്യൺ ഡോളർ; പട്ടികയിൽ മസ്കും

ഒമിക്രോൺ തരംഗം, റഷ്യ ഉക്രെയ്ൻ യുദ്ധം, ലോകമെമ്പാടും ബാധിച്ചിരിക്കുന്ന പണപ്പെരുപ്പം തുടങ്ങിയ കാരണങ്ങളാണ് ഓഹരി വിപണി ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകാൻ കാരണം.

  • Share this:
    ഈ വർഷം ഓഹരി വിപണികൾ (Stock Market) കനത്ത നഷ്ടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപകർക്ക് അവരുടെ കോടി കണക്കിന് രൂപ നഷ്ടമായിട്ടുമുണ്ടാകും. ഒമിക്രോൺ (Omicron) തരംഗം, റഷ്യ ഉക്രെയ്ൻ യുദ്ധം (Russia - Ukrain War), ലോകമെമ്പാടും ബാധിച്ചിരിക്കുന്ന പണപ്പെരുപ്പം (Inflation) തുടങ്ങിയ കാരണങ്ങളാണ് ഓഹരി വിപണി ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകാൻ കാരണം. ഇത് നിക്ഷേപകർക്ക് നഷ്ടമുണ്ടാക്കുകയും ലോകത്തിലെ ഏറ്റവും ധനികരായ ആളുകൾക്ക് കനത്ത നഷ്ടം ഉണ്ടാക്കുകയും ചെയ്തു. അടുത്തിടെ പുറത്തു വന്ന ചില റിപ്പോർട്ടുകൾ അനുസരിച്ച്, ഈ വർഷം ലോകത്തിലെ അതിസമ്പന്നരായ 500 പേർക്കുണ്ടായ നഷ്ടം ഏകദേശം 1.4 ട്രില്യൺ ഡോളർ വരുമെന്നാണ്.

    ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം തിങ്കളാഴ്ച മാത്രം 206 ബില്യൺ ഡോളറിന്റെ നഷ്ടമാണ് എല്ലാവർക്കും ചേർന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ എസ് ആൻഡ് പി 500 സൂചിക 4 ശതമാനം ഇടിവ് രേഖപ്പെടുത്തിയാണ് ക്ലോസ് ചെയ്തത്. 3,749.63 എന്ന ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വിപണി കൂപ്പുകുത്തുകയും ചെയ്തു. യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള സെൻട്രൽ ബാങ്കുകളുടെ ഉയർന്ന പലിശ നിരക്ക് പ്രവചനങ്ങളുടെ സമ്മർദ്ദവും റഷ്യ യുക്രെയ്ൻ യുദ്ധ പ്രഖ്യാപനത്തിന് ശേഷം ആഗോള സമ്പദ്‌വ്യവസ്ഥകളിലുണ്ടായ പണപ്പെരുപ്പവുമാണ് സാമ്പത്തിക വിപണികളെ ഉലയ്ക്കുന്നത്.

    ഇലോൺ മസ്‌ക് (Elon Musk), ചാങ്‌പെങ് ഷാവോ എന്നീ ധനികർക്കാണ് ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടിരിക്കുന്നത്. ബ്ലൂംബെർഗ് ബില്യണയർ സൂചികയിലെ വിവരങ്ങൾ പ്രകാരം, ഈ വർഷം ലോകത്തിലെ ഏറ്റവും സമ്പന്നരായ അഞ്ച് പേർക്ക് 345 ബില്യൺ ഡോളറിന്റെ മൊത്തം ആസ്തി നഷ്ടപ്പെട്ടു. ഇതിൽ ടെസ്‌ല സിഇഒ എലോൺ മസ്‌കിന് 73.2 ബില്യൺ ഡോളർ നഷ്ടമാണുണ്ടായിരിക്കുന്നത്. അതേസമയം ബിനാൻസ് സിഇഒ ചാങ്‌പെങ് ഷാവോയ്ക്കാണ് ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടത്. ക്രിപ്‌റ്റോ വിപണിയിൽ നിന്ന് ഇദ്ദേഹത്തിന് സംഭവിച്ച നഷ്ടം 85.6 ബില്യൺ ഡോളറാണ്. ആമസോൺ മേധാവി ജെഫ് ബെസോസിന് 65.3 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായപ്പോൾ മാർക്ക് സക്കർബർഗിനും വാറൻ ബഫറ്റിനും യഥാക്രമം 64.4 ബില്യൺ ഡോളറും 56.8 ബില്യൺ ഡോളറും നഷ്ടമുണ്ടായി.

    വിപണികളിലെ കനത്ത തകർച്ചയുടെ സമയത്തും ഇന്ത്യയിലെ കോടീശ്വരന്മാരിൽ പ്രധാനിയായ ഗൌതം അദാനിയുടെ ഓഹരികൾ ഏറെക്കുറെ പിടിച്ചു നിന്നു. എന്നാൽ മെയ് അവസാനം മുതൽ ഏകദേശം 8 ബില്യൺ ഡോളർ നഷ്ടം അദാനി രേഖപ്പെടുത്തി. ഇതോടെ 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടു. ബ്ലൂംബെർഗ് ബില്യണയർ സൂചികയിലെ കണക്കുകൾ പ്രകാരം, ഏഷ്യ-പസഫിക് മേഖലയിലെ സമ്പന്നരുടെ റാങ്കുകൾ 4.2 ശതമാനം വർദ്ധിച്ചിട്ടുണ്ട്.
    Published by:Sarath Mohanan
    First published: