ലോകത്തിലെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാക്കളായ ഹോൾസിം ലിമിറ്റഡ് (Holcim Ltd) തങ്ങളുടെ ഇന്ത്യയിലെ ഓഹരികൾ വിൽക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. അംബുജ സിമന്റ് (Ambuja Cement), എസിസി ലിമിറ്റഡ് (ACC Ltd) എന്നിവയുടെ വിൽപനയും ഇതിൽ ഉൾപ്പെടും. രാജ്യത്തെ 17 വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് ഇന്ത്യ വിടാനുള്ള സ്വിസ് ഭീമന്റെ തീരുമാനം. പ്രധാന വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കമാണിതെന്നാണ് റിപ്പോർട്ടുകൾ.
അംബുജയിലെ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഓഹരിയെക്കുറിച്ചുള്ള കണക്കു കൂട്ടലുകൾ നടത്തുകയാണ് ഹോൾസിം എന്നും കമ്പനിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ബ്ലൂംബേർഗ് റിപ്പോർട്ട് ചെയ്തു. ഏകദേശം 9.6 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് അംബുജയ്ക്കുള്ളത്, ഹോൾഡറിൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് വഴി അംബുജയിൽ 63.1 ശതമാനം ഓഹരിയാണ് ഹോൾസിം വശം വെച്ചിരിക്കുന്നത്. എസിസി ലിമിറ്റഡിൽ ഹോൾഡറിൻഡ് ഇൻവെസ്റ്റ്മെന്റ് വഴി 4.48 ശതമാനം ഓഹരിയും കൈവശം വച്ചിട്ടുണ്ട്.
ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഹോൾസിം ജെഎസ്ഡബ്ള്യു, അദാനി ഗ്രൂപ്പുകളുമായുള്ള പ്രാരംഭ ഘട്ട ചർച്ചകളിലാണ്. അന്തമതീരുമാനമെടുക്കേണ്ട ഘട്ടത്തിൽ എത്തിയിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ശ്രീ സിമൻറ് ഉൾപ്പെടെയുള്ള ഇന്ത്യൻ സിമന്റ് ഓപ്പറേറ്റർമാരിലേക്കും ചർച്ചകൾ നടത്താൻ ആളുകളെ അയച്ചിട്ടുണ്ടെന്നും ചില വൃത്തങ്ങൾ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
കടം കുറയ്ക്കുന്നതിനും വൈവിധ്യവത്കരണത്തിനുമായി ഈയിടെ തങ്ങളുടെ അപ്രധാന ആസ്തികൾ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് ഹോൾസിം ഗ്രൂപ്പ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഹോൾസിം ബ്രസീലിയൻ യൂണിറ്റ് 1 ബില്യൺ ഡോളറിന് വിറ്റിരുന്നു. സിംബാബ്വെയിലെ തങ്ങളുടെ ബിസിനസ്സ് വിറ്റഴിക്കാനുള്ള ചർച്ചകളും ഹോൾസിം നടത്തി വരികയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
വിപണിയില്‍ സിമന്റിന്റെ ആവശ്യകത വര്‍ദ്ധിക്കുകയാണെന്നും 2022ൽ സിമന്റ് വ്യവസായത്തിൽ 7 ശതമാനത്തിലധികം വളർച്ച പ്രതീക്ഷിക്കുന്നതായി അംബുജ പറഞ്ഞതിനു പിന്നാലെയാണ് ഹോൾസിം അംബുജ സിമന്റ്സും എസിസിയും വിൽക്കുന്നുവെന്ന വാർത്ത എത്തുന്നത്.
ഹോൾസിം ലിമിറ്റഡ് എന്നറിയപ്പെടുന്ന ഹോൾസിം ഗ്രൂപ്പ് നിർമ്മാണ സാമഗ്രികൾ നിർമ്മിക്കുന്ന ഒരു സ്വിസ് ബഹുരാഷ്ട്ര കമ്പനിയാണ്. ലഫാർജ് ഹോൾസിം എന്നും കമ്പനി മുൻപ് അറിയപ്പെട്ടിരുന്നു. 70 ഓളം രാജ്യങ്ങളിൽ ഹോൾസിം ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. 72,000 ഓളം ജീവനക്കാരും കമ്പനിയുടെ ഭാഗമായിട്ടുണ്ട്. സിമന്റ്, അഗ്രഗേറ്റുകൾ, റെഡി-മിക്സ് കോൺക്രീറ്റ്, പ്രീകാസ്റ്റ് കോൺക്രീറ്റ്, അസ്ഫാൽറ്റ്, മോർട്ടാർ, മറ്റ് നിർമ്മാണ സാമഗ്രികൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കമ്പനി നിർമിക്കുന്നുണ്ട്.
Also Read-
ATMൽ നിന്ന് ഇനി കാർഡില്ലാതെയും പണമെടുക്കാം; അറിയേണ്ട കാര്യങ്ങൾ
1983ൽ സ്ഥാപിതമായ അംബുജയ്ക്ക് 31 ദശലക്ഷം മെട്രിക് ടൺ സിമന്റ് ശേഷിയുണ്ട്. ഇന്ത്യയിൽ ആറ് സംയോജിത നിർമ്മാണ പ്ലാന്റുകളും എട്ട് സിമന്റ് ഗ്രൈൻഡിംഗ് യൂണിറ്റുകളും അംബുജക്ക് ഉണ്ട്. 2006 മുതലാണ് ഹോൾസിമുമായി കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരിൽ ഒന്നാണ് എസിസി ലിമിറ്റഡ്. 1936 ഓഗസ്റ്റ് 1-ന് മഹാരാഷ്ട്രയിലെ മുംബൈയിലാണ് കമ്പനി സ്ഥാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.